സിലിണ്ടറില്‍നിന്നു പാചകവാതകംചോര്‍ന്ന് പൊള്ളലേറ്റു
മാടായിക്കോണം: ഭക്ഷണം പാകംചെയ്തുകൊണ്ടിരിക്കെ പാചകവാതകംചോര്‍ന്ന് കുടുംബത്തിലെ മൂന്നുപേര്‍ക്ക് പൊള്ളലേറ്റു. മാടായിക്കോണം സ്വദേശിയും റിട്ടയേഡ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനുമായ കാച്ചപ്പിള്ളിവീട്ടില് പോളി(64), ഭാര്യ റിട്ട.ഗവ. നഴ്സിംഗ് സൂപ്രണ്ട് റോസിലി(58), പേരക്കുട്ടി ആദം ആന്റണി(നാല്) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. മുത്രത്തിക്കരയിലുള്ള മകളുടെവീട്ടില്‍ ഭക്ഷണം പാകംചെയ്തുകൊണ്ടിരിക്കെ അടുക്കളയില്‍ താഴെയുള്ള കബോര്ഡിനുള്ളില്നിന്നു സാധനങ്ങള്‍ എടുക്കാന്‍ റോസിലി ഡോര്‍ തുറന്നപ്പോള്‍ അതിനകത്തിരുന്നിരുന്ന സിലിണ്ടറിലേക്ക് തീപടരുകയായിരുന്നു. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന പോളി സമയോചിതമായി തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തീയണയ്ക്കുന്നതിനിടെ പോളിക്ക് ഗുരുതരപൊള്ളലേറ്റു. പോളിയെ ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലേയ്ക്കുമാറ്റി.