കൊടുങ്ങല്ലൂര്‍ തൃശൂര്‍ സംസ്ഥാനപാത സന്ദര്‍ശിച്ചു തെളിവെടുപ്പ് നടത്തി
നിര്‍മ്മാണം സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാതെയെന്ന്, റിപ്പോര്‍ട്ട് കമ്മീഷണര്‍ അടുത്ത ആഴ്ച കോടതിയില്‍ സമര്‍പ്പിക്കും
ഇരിങ്ങാലക്കുട: ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ പാലിക്കാതെയാണ് തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ കെഎസ്ടിപി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് കൊടുങ്ങല്ലൂര്‍ മുന്‍സിഫ് കോടതി നിയോഗിച്ച കമ്മീഷന് തെളിവെടുപ്പില്‍ ബോധ്യമായതായി സൂചന. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ കെഎസ്ടിപി നടത്തുന്ന വര്‍ക്ക് പൂര്‍ത്തിയാക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കെ.ടി. സുബ്രഹ്മണ്യന്, പി.കെ. ജസീല്‍ എന്നിവര്‍ നല്കിയ പൊതുതാല്പര്യ ഹര്‍ജിയില്‍ കോടതി നിയോഗിച്ച കമ്മീഷണര്‍ അഡ്വ. കെ. വൃന്ദ റോഡ് സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ചു.
തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാന ഹൈവേയില്‍ കോണ്‍ക്രീറ്റ് വര്‍ക്ക് നടത്തി 2022 ല്‍ പണി പൂര്‍ത്തിയാക്കാന്‍ ആയിരുന്നു കെഎസ്ടിപി കരാര്‍ നല്‍കിയത്. എന്നാല്‍ 35 കിലോമീറ്റര്‍ നടത്തേണ്ട വര്‍ക്കില്‍ 15 കിലോമീറ്റര്‍ മാത്രം ആണ് പൂര്‍ത്തിയാക്കിയത്. റോഡ് വീതി കൂട്ടി നിര്‍മ്മിക്കാനുള്ള നടപടികളുമുണ്ടായില്ല. മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താതെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂലം നേരത്തെ പൂച്ചുന്നിപ്പാടത്ത് ബസ് മറിഞ്ഞ് അമ്പതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു.
റോഡിന് വീതി കൂട്ടുവാന്‍ സ്ഥലങ്ങള്‍ ഏറ്റെടുക്കണം എന്നും ഓരോ വശങ്ങളും ടൈല്‍സ് വിരിക്കണം എന്നും കാനകള്‍ നിര്‍മിക്കണം എന്നും ഡിപിആറില്‍ ഉള്ളതാണ്. കൂടാതെ റോഡ് സൈഡില്‍ നില്ക്കുന്ന ഇലട്രിക്ക് പോസ്റ്റ് മാറ്റിയും കുടിവെള്ള പൈപ്പുകള്‍ മാറ്റി സ്ഥാപിച്ചും റോഡിനു വീതി കൂട്ടുവാന്‍ ആയിരുന്നു വിവരാവകാശനിയമ പ്രകാരം കിട്ടിയ മറുപടിയില്‍ പറയുന്നത്. എന്നാല്‍ ഈ കാര്യങ്ങളില്‍ ഒന്നും കാര്യമായ പുരോഗതിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് കൊടുങ്ങല്ലൂര്‍ തൃശൂര്‍ പാസഞ്ചര്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂര്‍ മുന്‍സിഫ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
കേസ് പരിഗണിച്ച കോടതി കമ്മീഷനെ നിയോഗിക്കുകയായിരുന്നു. റിപ്പോര്‍ട്ട് കമ്മീഷണര്‍ അടുത്ത ആഴ്ച കോടതിയില്‍ സമര്‍പ്പിക്കും. തെളിവെടുപ്പ് സമയത്ത് ഫോറം ഭാരവാഹികളായ പി.എ. സീതി, പാര്‍ത്ഥസാരഥി, രഞ്ജിത്ത്, അഡ്വ. ഷാനവാസ് കാട്ടകത്ത്, പി.കെ. ജസീല്‍, കെ.ടി. സുബ്രഹ്മണ്യന്, പൊതുപ്രവര്‍ത്തകാരായ മുസമ്മില്‍ അറക്കപ്പറമ്പില്‍, എം.എം. നിസാര്‍, ജാസ്മിന് ജോയി, ജോയ് കോലംകണ്ണി, വ്യാപാരി വ്യവസായി കൊടുങ്ങല്ലൂര്‍ മണ്ഡലം ചെയര്മാന് കെ.എ. നജാഹ്, അഡ്വ. ദിവ്യ എന്നിവരുമുണ്ടായിരുന്നു.