ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് അമ്പതാംവാര്‍ഷികാഘോഷം; സുവര്‍ണ്ണം സമാപനത്തിന് തിരിതെളിഞ്ഞു
ഇരിങ്ങാലക്കുട ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ സുവര്‍ണ്ണത്തില്‍ പ്രൊഫസര്‍ കെ.എന്‍. ഓമനയും സംഘവും അവതരിപ്പിച്ച കൈകൊട്ടിക്കളി.
ഇരിങ്ങാലക്കുട: ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് കഴിഞ്ഞ ഒരുവര്‍ഷമായി നടത്തിവരുന്ന അമ്പതാംവാര്‍ഷികാഘോഷം സുവര്‍ണ്ണത്തിന്റെ സമാപനത്തിന് തിരിതെളിഞ്ഞു. ഇരിങ്ങാലക്കുട നഗരസഭാധ്യക്ഷ മേരിക്കുട്ടി ജോയ് തിരിതെളിച്ച് സമാപനപരമ്പരയുടെ ചടങ്ങുകള്‍ക്ക് സമാരംഭം കുറിച്ചു. പ്രഫ. ജോര്‍ജ്ജ് എസ്. പോള്‍, പ്രഫ. സി.പി. ഇളയത് അനുസ്മരണപ്രഭാഷണം നടത്തി. തെക്കേപുഷ്പകം പത്മിനി ബ്രാഹ്മണിയമ്മയും വടക്കേപ്പട്ടം സുധ ബ്രാഹ്മണിയമ്മയും ചേര്‍ന്ന് ദമയന്തിസ്വയംവരം ബ്രാഹ്മണിപ്പാട്ട് അവതരിപ്പിച്ചു.
തുടര്‍ന്ന് നളകഥാകാവ്യങ്ങളില്നിന്ന് തെരഞ്ഞെടുത്ത പദങ്ങളെ ഉള്‍പ്പെടുത്തി പ്രഫ. കെ.എന്‍. ഓമനയും സംഘവും കൈക്കൊട്ടിക്കളി അവതരിപ്പിച്ചു. നളകഥയെ ആസ്പദമാക്കി കൂടിയാട്ടം, നങ്ങ്യാര്‍ക്കൂത്ത്, ചാക്യാര്‍ക്കൂത്ത്, നൃത്താവതരണങ്ങള്‍, ഓട്ടന്തുള്ളല്, തനത് നാടകം, സംഗീതാവിഷ്കാരങ്ങള്‍, മറ്റുരംഗാവതരണങ്ങള്, സെമിനാര്‍, പ്രഭാഷണങ്ങള്‍, നളചരിതം മൂന്നാംദിവസം, നളചരിതം നാലാംദിവസം കഥകളി കൂടാതെ വാര്‍ഷികസമ്മേളനത്തില്‍ ക്ലബ് ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്കാരസമര്‍പ്പണം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്കാണ് സുവര്‍ണ്ണം സമാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് സംഘാടകര്‍ അറിയിച്ചു.
ആദ്യ 14 ദിവസം (ജനുവരി 10വരെ) അമ്മന്നൂര്‍ ചാച്ചുചാക്യാര്‍ സ്മാരക ഗുരുകുലത്തിന്റെ സഹകരണത്തോടെ മാധവനാട്യഭൂമിയിലും, ജനുവരി 11,12 തിയ്യതികളില്‍ ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം ഹാളിലുമാണ് സുവര്‍ണ്ണത്തിന്റെ രംഗവേദികള്‍ ഒരുക്കിയിട്ടുള്ളത്. സംഗമഗ്രാമത്തിന്റെ സാംസ്ക്കാരിക ധാതുഗുണമായ നളചരിതം കഥകളിയരങ്ങുകള്ക്കു പുറമെ വിവിധനളകഥകളെ ആസ്പദമാക്കി പുതിയ രംഗാവതരണ നിര്‍മ്മിതികള്‍ കൂടിയാട്ടത്തിലും, നങ്ങ്യാര്‍കൂത്തിലും, ചാക്യാര്‍കൂത്തിലും, നൃത്താവതരണങ്ങളിലും ഒരുക്കിയും, പ്രൗഢഗംഭീരങ്ങളായ ഇരുപതില്പരം പ്രഭാഷണങ്ങളുംകൂടി ഈ സാംസ്കാരികോത്സത്തില് സംഘടിപ്പിക്കുന്നുണ്ട്.

വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ലൈന്മാന് മരിച്ചു
ഇന്ദിരാ ഗ്യാരണ്ടി നടപ്പാക്കാനുള്ളത് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഇവിടെ നിന്ന് പടരാം പുതിയ മാരകരോഗങ്ങള്‍; മാലിന്യക്കൂമ്പാരമായി നഗരത്തിലെ തോടുകള്‍
യുവാവിന്റെ മരണം, ഷിഗെല്ല ബാധിച്ചാണെന്ന് സ്ഥിരീകരണം
വിശ്വാസപരിശീലകര്‍ ജീവിതംകൊണ്ട് സംസാരിക്കുന്നവരാകണം, മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
കെഎസ്ആര്‍ടിസി സ്ത്രീ സൗജന്യ യാത്ര; പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സ്വീകരണം നല്കി