വര്ണക്കുട സാംസ്കാരികോത്സവം; കാണാം ഇരിങ്ങാലക്കുടയില് സാംസ്കാരിക ചരിതം
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ സാംസ്കാരിക ചരിതം പ്രതിഫലിക്കുന്ന ചിത്രങ്ങള് ചേര്ത്ത് ഒരുക്കിയ വര്ണക്കുടയിലെ ഫോട്ടോ പ്രദര്ശനം ശ്രദ്ധേയമായി. ആള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയാണ് സാംസ്കാരികോത്സവത്തില് പ്രദര്ശനമൊരുക്കിയത്. കൂടല്മാണിക്യം ക്ഷേത്രത്തിലെ ആദ്യകാല ഭരണാധികാരിയായിരുന്ന തച്ചുടയകൈമളില് തുടങ്ങി ഉത്സവവും ആറാട്ടും വരെയുള്ള പടങ്ങള് പ്രദര്ശനത്തിലുണ്ട്. സെന്റ് തോമസ് കത്തീഡ്രലും പിണ്ടിപ്പെരുന്നാളും അമ്പു പ്രദക്ഷിണവും ഉണ്ണായിവാര്യര് സ്മാരക കലാനിലയവും കഥകളിയും കൂടിയാട്ടവും നാടന് കലകളും ഉള്പ്പടെയുള്ള ഫോട്ടോകള്ക്കൊപ്പം കോള് നിലങ്ങളും അവിടത്തെ തൊഴിലാളികളെയും മനോഹരമായി പകര്ത്തിയിരിക്കുന്നു.
മന്ത്രി ആര്. ബിന്ദുവിന്റെ ദമയന്തി വേഷവും പ്രദര്ശനത്തില് കാണാം. ചരക്ക് വഞ്ചികള് നിറഞ്ഞ ഷണ്മുഖം കനാല് ഉള്നാടന് ജലഗതാഗതത്തില് ഇരിങ്ങാലക്കുടയുടെ പഴയ കാല പ്രതാപം പ്രകടമാക്കുന്നു. ഠാണാവും കച്ചേരി വളപ്പും മറഞ്ഞുപോയ കാലത്തിന്റെ ഓര്മകളായി. പ്രകൃതിയിലെ മനോഹര ദൃശ്യങ്ങള് പകര്ത്തിയ ഇരുനൂറിലേറെ ഫോട്ടോകളാണ് പ്രദര്ശനത്തിലുള്ളത്. മന്ത്രി ഡോ.ആര്.ബിന്ദു ഉദ്ഘാടനം നിര്വ്വഹിച്ചു.വെള്ളാങ്കല്ലൂര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് അധ്യക്ഷത വഹിച്ചു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജനറല് കണ്വീനര് ജോസ് ചിറ്റിലപ്പിള്ളി, ആളൂര് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്.ജോജോ, സംഗീതനാടക അക്കാദമി അംഗം സജു ചന്ദ്രന്, പ്രോഗ്രാം കണ്വീനര് ഷെറിന് അഹമ്മദ്, ഫോട്ടോഗ്രഫി അസോസിയേഷന് വൈസ് പ്രസിഡന്റ് പ്രസാദ്, എക്സിബിഷന് കമ്മിറ്റി കണ്വീനര് അഡ്വ.അജയകുമാര് എന്നിവര് സംസാരിച്ചു.
വര്ണ്ണക്കുട പരിപാടിയില് കൊടുങ്ങല്ലൂര് താലപ്പൊലിയെ അപമാനിച്ച് സംസാരിച്ച സംവിധായകന് കമല് മാപ്പു പറയുക-ബിജെപി
ഇരിങ്ങാലക്കുട: വര്ണ്ണക്കുട പരിപാടിയുടെ ഉദ്ഘാടന പ്രസംഗത്തില് ലക്ഷക്കണക്കിന് പേര് പങ്കെടുക്കുന്ന കൊടുങ്ങല്ലൂര് താലപ്പൊലിയെ അപമാനിച്ച സംവിധായകന് കമല് മാപ്പു പറയണമെന്ന് ബിജെപി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട ആവശ്യപ്പെട്ടു. സംസ്ഥാന സര്ക്കാര് പിന്തുണയുള്ള പൊതുപരിപാടിയില് വെച്ച് കൊടുങ്ങല്ലൂര് താലപ്പൊലിക്ക് പോകാന് ഭയമാണെന്നും അവിടുള്ളവര് എന്ത് പറയുമെന്നോ എങ്ങിനെ പ്രതിരിക്കുമെന്നോ അറിയില്ലെന്നും കമല് പറഞ്ഞു. ഐക്യത്തിന്റേയും ആചാരത്തിന്റെയും ഒരുമയുടേയും ഉത്സവമായ കൊടുങ്ങല്ലൂര് താലപ്പൊലിയെക്കുറിച്ച് ഒരുമയുടെ ആഘോഷമെന്ന് കൊട്ടിഘോഷിക്കുന്ന വര്ണ്ണക്കുട പരിപാടിയില് വെച്ച് വെറുപ്പിന്റെ ഭാഷ ഉപയോഗിച്ച് സംസാരിച്ച് ജനങ്ങളില് തെറ്റിദ്ധാരണ പരത്തിയത് തിരുത്തണമന്നും ബിജെപി ആവശ്യപ്പെട്ടു. അന്വേഷണം നടത്തി നിയമ നടപടികള് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട ഡിവൈഎസ്പിക്കു പരാതി നല്കി.