ഇരിങ്ങാലക്കുട- തൃശൂർ സംസ്ഥാനപാത നിർമാണം പാതിവഴിയിൽ അപകടക്കെണിയുണ്ട്, സൂക്ഷിക്കുക
ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിൽ അപകടകരമായ രീതിയിൽ റോഡരികിലെ കാനയിൽ വെള്ളം കെട്ടിനിൽക്കുന്നു.
ഇരിങ്ങാലക്കുട: പണിയുന്നതു റോഡാണെങ്കിലും പണികിട്ടുന്നതു ജനങ്ങൾക്കാണ്. ഇതാണ് ഇരിങ്ങാലക്കുട – തൃശൂർ സംസ്ഥാനപാതയിലെ ജനങ്ങളുടെ അവസ്ഥ. റോഡുപണി ഇഴഞ്ഞുനീങ്ങുന്നത് നാട്ടുകാരെയും യാത്രക്കാരെയും കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. ഇടയ്ക്കിടെ പെയ്യുന്ന മഴയും ജനങ്ങളുടെ യാത്ര ദുസഹമാക്കുന്നു. കനത്ത മഴയെത്തുടർന്ന് റോഡുനിർമാണം പാതിവഴിയിലായതോടെ പലയിടത്തും അപകടക്കെണിയൊരുങ്ങി.
റോഡരികിലെ കാനകളുടെ നിർമാണവും പാതിവഴിയിലാണ്. കാനകൾക്കായി റോഡരികിൽ വന്പൻ കുഴികൾ തീർത്തതല്ലാതെ അവയ്ക്ക് ബാരിക്കേഡുകളോ ആവശ്യത്തിന് മുന്നറിയിപ്പ് ബോഡുകളോ സ്ഥാപിച്ചിട്ടില്ല. കന്പികൾ പുറത്തേക്കു തള്ളിനിൽക്കുന്നതും അപകടകരമാണ്. രാത്രിസമയത്ത് പലയിടത്തും വെളിച്ചക്കുറവുമുണ്ട്. ആഴത്തിൽ നിർമിച്ച കാനകളിൽ വെള്ളം കെട്ടിനിൽക്കുകയാണ്.
ഇരിങ്ങാലക്കുട കാട്ടുങ്ങചിറയിൽ പെട്രോൾപമ്പിനു മുന്നിലെ കാനനിർമാണം പാതിവഴിയിൽ നിർത്തിവച്ചതുമൂലം വിദ്യാർഥികളടക്കം അപകടഭീഷണിയിലാണ്. ക്രൈസ്റ്റ് വിദ്യാനികേതൻ, ക്രൈസ്റ്റ് കോളജ്, എസ്എൻ സ്കൂൾ എന്നിവടങ്ങളിലേക്കുള്ള വിദ്യാർഥികൾ ഇതുവഴിയാണു പോകുന്നത്. നടപ്പാതയുടെ നിർമാണം പൂർത്തിയാകാത്തതിനാൽ വാഹനങ്ങൾ വരുമ്പോൾ റോഡിൽ നിന്നു മാറിനിൽക്കാനും കഴിയാത്ത സ്ഥിതിയാണ്.
തൃശൂർ- കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ നിർമാണ നിർവഹണ ഏജൻസിയായ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് (കെഎസ്ടിപി) ജോലികൾ വെള്ളത്തിലായ അവസ്ഥയാണ്. മഴ പെയ്തതോടെ റോഡുവികസനം പ്രതിസന്ധിയിലായി. പലയിടത്തും പണി നിർത്തി നിർമാണസാമഗ്രികൾ തിരികെകൊണ്ടുപോയി. മഴ മാറുന്ന സാഹചര്യത്തിൽ പണികൾ പുനരാരംഭിക്കുമെന്നാണ് കെഎസ്ടിപി അധികൃതർ പറയുന്നത്.
ഇരിങ്ങാലക്കുട പുത്തൻതോട് ജംഗ്ഷൻ മുതൽ വലിയപാലം വരെ ഒറ്റവരി നിർമാണമാണു നടന്നിരിക്കുന്നത്. റോഡിന്റെ ഇരുവശത്തും സമപ്രതലല്ലാത്തതിനാലും അവശിഷ്ടങ്ങൾ ഉള്ളതിനാലും വാഹനങ്ങളും കാൽനടയാത്രക്കാരും ബുദ്ധിമുട്ടിലാണ്. ഗതാഗതം വണ്‍വേ ആയതിനാൽ കിലോമീറ്ററുകൾ ചുറ്റിയാണ് എതിർദിശയിലേക്കുള്ള യാത്ര.

വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വിപണനം; ഇരിങ്ങാലക്കുടയില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍ പിടിയില്‍
കനത്ത മഴയില്‍ മരം വീണ് സ്കൂട്ടര്‍ യാത്രികന് മരിച്ചു
ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബില്‍ പരിസ്ഥിതിദിനം ആഘോഷിച്ചു
പടിയൂര്‍ പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു
താണിശേരി എല്‍എഫ് എല്‍പി സ്കൂളില്‍ ലോക പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു