മുരിയാട് പാടത്ത് മെഡിക്കല്‍ മാലിന്യം തള്ളി; കര്‍ശന നടപടിയെന്ന് പഞ്ചായത്ത്
തുറവന്‍കാട് ആനുരുളി ബണ്ടിനോടുചേര്ന്നുള്ള കോള്‍പ്പാടത്ത് മെഡിക്കല്‍ മാലിന്യം തള്ളിയിരിക്കുന്നു.
മുരിയാട്: പഞ്ചായത്തില്‍ രണ്ടിടത്തായി പാടശേഖരങ്ങളിലേക്ക് മെഡിക്കല്‍ മാലിന്യങ്ങള്‍ തള്ളി. തുറവന്‍കാട് ആനുരുളി ബണ്ടിനോടുചേര്ന്നുള്ള കോള്നിലത്തിലും ഊരകം ഞൊട്ടിക്കുന്ന് പാടശേഖരത്തിലുമാണ് അപകടകരമായതും കാലാവധി കഴിഞ്ഞതുമായ ചാക്കു കണക്കിന് മെഡിക്കല്‍ മാലിന്യങ്ങള്‍ തള്ളിയനിലയില്‍ കണ്ടെത്തിയത്. റോഡിനോട് ചേര്‍ന്നുള്ള പാടശേഖരങ്ങളിലേക്കാണ് രണ്ടിടത്തായി 20 ചാക്കുകളിലാക്കി ഇവ തള്ളിയിരിക്കുന്നത്.
വലിച്ചെറിഞ്ഞ ചാക്കുകളില്‍നിന്ന് സിറിഞ്ചുകളും മരുന്നുകുപ്പികളും ഗുളിക സ്ട്രിപ്പുകളുമെല്ലാം റോഡിലും പാടശേഖരത്തിന്റെ അരികിലുമെല്ലാം പരന്നുകിടക്കുകയാണ്. കാലാവധി കഴിഞ്ഞ മരുന്നുകളാണ് ഉപേക്ഷിച്ചിരിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടനെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നേരിട്ടെത്തി പരിശോധിച്ചു. നടപടി ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലും ഡ്രഗ്സ് കണ്ട്രോളര് ബോര്‍ഡിലും പഞ്ചായത്തിന് വേണ്ടി സെക്രട്ടറി എം. ശാലിനി പരാതി സമര്‍പ്പിച്ചു. പഞ്ചായത്തിന് ചുമത്താവുന്ന പരമാവധി പിഴയും ഈടാക്കാന്‍ തീരുമാനിച്ചു.
പരിശോധനകള്‍ക്കും തുടര്‍നടപടികള്‍ക്കും പഞ്ചായത്ത് അസി. സെക്രട്ടറി മനോജ് മുകുന്ദന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഡില്‍ജി, വിഇഒ തനൂജ, ജനപ്രതിനിധികള്‍ എന്നിവര്‍ നേതൃത്വം നല്കി. കുറ്റക്കാരെ കണ്ടുപിടിച്ച് കര്‍ശന നടപടി കൈക്കൊള്ളുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി അറിയിച്ചു. ഗ്രീന്‍ക്ലീന്‍ മുരിയാട് പദ്ധതിയുടെ ഭാഗമായി മാലിന്യത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാകില്ലെന്നും സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
ഒമ്പത് വയസുകാരിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിക്ക് 34 വര്‍ഷം കഠിന തടവ്
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
അയല്‍വാസിയെ ഇരുമ്പ് പൈപ്പുകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
ക്രൈസ്റ്റ് കോളജില്‍ വെന്റോറ 2026 ഫെസ്റ്റ് സംഘടിപ്പിച്ചു
തോക്ക് ചൂണ്ടി ഭീഷണി; സ്റ്റേഷന് റൗഡി അറസ്റ്റില്‍