ഓര്‍മ്മകള്‍ക്ക് ചിറകുനല്‍കി മുന്‍ അധ്യാപക സംഗമം
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ നടന്ന വിരമിച്ച അധ്യാപകരുടെ സംഗമത്തില്‍ അവതരിപ്പിച്ച നൃത്ത പരിപാടിയില്‍ പങ്കെടുത്ത വിരമിച്ച അധ്യാപകര്‍.

സെന്റ് ജോസഫ്സ് കോളജില്‍ പ്രായം മറന്ന് കലാവിരുന്നൊരുക്കി വിരമിച്ച അധ്യാപകര്‍
ഇരിങ്ങാലക്കുട: കാലം പിന്നിട്ടാലും മായാത്ത ചില ഓര്‍മ്മകളുണ്ട്. സൗഹൃദത്തിന്റെയും അധ്യാപകജീവിതത്തിന്റെയും മധുരം ഹൃദയത്തില്‍ സൂക്ഷിക്കുന്ന അത്തരം ഓര്‍മ്മകള്‍ക്ക് വീണ്ടും ചിറകുനല്‍കിയ വേദിയായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ഓഡിറ്റോറിയം മാറി. കോളജില്‍ നിന്ന് വിരമിച്ച അധ്യാപകരുടെ വാര്‍ഷിക സംഗമം സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കലാവിരുന്നിന്റെയും മനോഹര നിമിഷങ്ങളായി മാറി. ഒരിക്കല്‍ തങ്ങളുടെ പ്രിയപ്പെട്ട വിദ്യാര്‍ഥികളുടെ വിവിധ കലാപ്രകടനങ്ങള്‍ക്ക് കൈയടിച്ച അതേ വേദിയില്‍ ഇത്തവണ അധ്യാപകര്‍ തന്നെയാണ് കലാകാരന്മാരായി അണിനിരന്നത്. ഒരേ വേഷവിധാനത്തില്‍ അണിഞ്ഞൊരുങ്ങി പ്രായത്തെ പിറകിലാക്കി ചുറുചുറുക്കോടെ അരങ്ങിലെത്തിയ അധ്യാപകരുടെ നൃത്തം സദസില്‍ കൗതുകവും ആനന്ദവും നിറച്ചു.
പ്രായം ശരീരത്തിനാണ് മനസിന് അതിരുകളില്ല എന്ന സന്ദേശം പകര്‍ന്നുനല്‍കുന്നതായിരുന്നു അവരുടെ ഓരോ ചുവടുകളും. നൃത്തത്തിനൊപ്പം സ്കിറ്റ്, ഗ്രൂപ്പ് മ്യൂസിക് തുടങ്ങിയ പരിപാടികളും അരങ്ങേറി. ചിരിയും കൈയടിയും പഴയ ഓര്‍മ്മകളും നിറഞ്ഞ അന്തരീക്ഷത്തില്‍ വര്ഷങ്ങള്ക്കപ്പുറവും അധ്യാപകഹൃദയങ്ങളിലെ സൗഹൃദത്തിന് യൗവനം നഷ്ടപ്പെട്ടിട്ടില്ലെന്ന് സംഗമം തെളിയിച്ചു. സദ്യയും പായസവും മധുരപലഹാരങ്ങളും പങ്കുവെച്ച് പഴയകാല സൗഹൃദങ്ങളും അനുഭവങ്ങളും പുതുക്കിയ സംഗമം ഹൃദയസ്പര്‍ശിയായ ഒരു സ്നേഹവിരുന്നായി മാറി. ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രഫ. ആനി ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സിസ്റ്റര്‍ ഡോ. ക്രിസ്റ്റി അക്കൗണ്ട് അവതരിപ്പിച്ചു. റിട്ടയേര്‍ഡ് ഫാക്കല്‍റ്റിയിലെ ഏറ്റവും മുതിര്‍ന്ന അംഗമായ 96 വയസുള്ള സിസ്റ്റര്‍ ജോഷ്വാ മുതല്‍ കഴിഞ്ഞ വര്‍ഷം വിരമിച്ച അധ്യാപകര്‍ വരെയുള്ളവര്‍ സംഗമത്തില്‍ പങ്കെടുത്തു. തലമുറകളുടെ ഈ സംഗമത്തില്‍ അധ്യാപകജീവിതത്തിന്റെ വിലയേറിയ അനുഭവങ്ങളും മറക്കാനാവാത്ത ഓര്‍മ്മകളും വീണ്ടും പങ്കുവെക്കപ്പെട്ടു. മദര്‍ സിസ്റ്റര്‍ മേരി പാസ്റ്റര്‍, സിസ്റ്റര്‍ ഡോ. രഞ്ജന, സിസ്റ്റര്‍ ഡോ. റോസ് ബാസ്റ്റ്യന്‍ എന്നിവര്‍ തങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവെച്ചു. പ്രഫ. റിട്ടയേര്‍ഡ് ഫാക്കല്‍റ്റി ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഡോ. ജാന്‍സി ഡേവി സ്വാഗതവും മേരി അഗസ്റ്റിന് നന്ദിയും രേഖപ്പെടുത്തി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു