ടൗണ്‍ അര്‍ബന്‍ ബാങ്കില്‍ നിക്ഷേപകരുടെ പ്രതിഷേധം; 106 കോടി തിരിച്ചുനല്‍കണമെന്ന് ആവശ്യം
20 ശതമാനം തുക ഉടന്‍ വേണം; ടൗണ്‍ അര്‍ബന്‍ ബാങ്കില്‍ നിക്ഷേപകരുടെ സമരം
ഇരിങ്ങാലക്കുട: ആര്‍ബിഐ നിയന്ത്രണത്തില്‍ തുടരുന്ന ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ ബാങ്കിലെ നിക്ഷേപകരുടെ വിവിധ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് അഡ്മിനിസ്ട്രേറ്റര്‍ രേഖാമൂലമുള്ള ഉറപ്പ് ഐടിയു ബാങ്ക് ഡിപ്പോസിറ്റേഴ്സ് വെല്‍ഫെയര്‍ അസോസിയേഷനു നല്കി. നിക്ഷേപത്തുകയുടെ 20 ശതമാനം ഇടക്കാല ആശ്വാസമായി ഉടന്‍ അനുവദിക്കുക, വായ്പ തിരിച്ചടവിലൂടെ ലഭിച്ച 106 കോടി നിക്ഷേപകര്‍ക്ക് വിതരണം ചെയ്യുക, ജീവനക്കാരുടെ ശമ്പളം ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങളില്‍ കുറവ് വരുത്തുക, ഫൊറന്‍സിക് ഓഡിറ്റില്‍ കണ്ടെത്തുന്ന ക്രമക്കേടുകള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.
രാവിലെ ആരംഭിച്ച സമരത്തിനിടെ അസോസിയേഷന് പ്രതിനിധികള്‍ അഡ്മിനിസ്ട്രേറ്റര്‍ സി.ആര്. ഗോപീകൃഷ്ണന്, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ മോഹനന്, സി.ജെ. കുര്യന്, ജനറല്‍ മാനേജര്‍ എ.എല്‍. ജോണ്‍ എന്നിവരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് അഡ്മിനിസ്ട്രേറ്ററുടെ രേഖാമൂലമുള്ള മറുപടി ലഭിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. വായ്പ തിരിച്ചടവിലൂടെ ബാങ്കിന് ലഭിക്കുന്ന തുക നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കുന്നതിന് ആര്‍ബിഐയുടെ അനുമതി ആവശ്യമാണെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ആര്‍ബിഐ ഉദ്യോഗസ്ഥരുമായി നവംബറില്‍ കൂടിക്കാഴ്ച നടത്താന്‍ സമയം തേടിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. നിക്ഷേപത്തുകയുടെ പലിശ വര്‍ധിപ്പിക്കുന്നതും ആര്‍ബിഐയുമായി ചര്‍ച്ച ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ വിവരം അറിയിക്കാമെന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അറിയിച്ചു.
അനുമതിയില്ലാതെ തുറന്ന ബ്രാഞ്ചുകള്‍; അടച്ചുപൂട്ടല്‍ നടപടിയും വൈകുന്നു
ആര്‍ബിഐ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെങ്കിലും സംസ്ഥാന സഹകരണ വകുപ്പിന്റെ അനുമതിയില്ലാതെ ബാങ്കിന്റെ ചില ബ്രാഞ്ചുകള്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നതായി അധികൃതര്‍ അറിയിച്ചു. ഇവ അടച്ചുപൂട്ടുന്നതിന് സഹകരണ വകുപ്പിന്റെ അനുമതി ആവശ്യമാണ്. എന്നാല്‍ ഇതുസംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ നടപടികള്‍ വൈകുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. ജീവനക്കാരുടെ ശമ്പളം ഒഴികെയുള്ള മറ്റ് ആനുകൂല്യങ്ങള്‍ ഇതിനകം വെട്ടിക്കുറച്ചിട്ടുണ്ട്. ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച ഫൊറന്‍സിക് ഓഡിറ്റും തുടരുകയാണ്.
ഏതാനും പേര്‍ക്ക് ഇതിനകം നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ഓഡിറ്റ് പൂര്‍ത്തിയായ ശേഷം നിയമനടപടികള്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ബാങ്കിനെ പ്രതിസന്ധിയിലേക്ക് നയിച്ച വായ്പാ ക്രമക്കേടുകള്‍, തിരിച്ചടവ് മുടങ്ങിയ വായ്പകള്‍, ബാങ്കിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയ ഇടപാടുകള്‍ എന്നിവയ്ക്ക് ഉത്തരവാദികളായവരെ കണ്ടെത്തണമെന്ന് അസോസിയേഷന് ആവശ്യപ്പെട്ടു. നഷ്ടപ്പെട്ട മുഴുവന്‍ തുകയും നിയമപരമായ നടപടികളിലൂടെ ഉത്തരവാദികളില്‍നിന്ന് തിരിച്ചുപിടിച്ച് നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. ഡിപ്പോസിറ്റേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് ബിബിന്‍ ജോണി, സെക്രട്ടറി ലിയോ പി. ആന്റോ, അഡൈ്വസര്‍ സി.കെ. ജോസ്, ടോയ് വാറുണ്ണി, സനോജ് മോഹന്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പുതിയ നിശാശലഭത്തെ കണ്ടെത്തി ക്രൈസ്റ്റ് കോളജ് ഗവേഷകര്‍
ഓട്ടന്തുള്ളലില് ശിവദര്ശിന് വീണ്ടും വിജയത്തിളക്കം; കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം
പൗരോഹിത്യത്തിന്റെ ജൂബിലി സ്മാരകം; ഇടവകയിലെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്കി
തൂഫാന് കമാന്‍ഡോസിന്റെ മെഗാ വാക്കത്തോണ്‍ നടത്തി
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഇന്റല്‍ ഉന്നതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു