വന്‍ ചീട്ടുകളി സംഘം പിടിയില്‍: പിടിയിലായത് ‘കട്ടന്‍ബസാര്‍ കാസിനോ’ സംഘം
ഇരിങ്ങാലക്കുട: വന്‍ ചീട്ടുകളി സംഘം പിടിയില്‍. കട്ടന്‍ ബസാര്‍ കാസിനോ സംഘമാണ് പിടിയിലായത്. എസ്എന്‍പുരം കട്ടന്‍ ബസാറിലെ കുപ്രസിദ്ധ ചീട്ടുകളി സംഘത്തെയാണു തൃശൂര്‍ റൂറല്‍ എസ്പി വിശ്വനാഥ് ഐപിഎസിന്റെ നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.ആര്. രാജേഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. തൃശൂര്‍ റൂറല്‍ എസ്പി വിശ്വനാഥിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. പരാതിയെപ്പറ്റി അന്വേഷിച്ച എസ്പിക്കു ഞെട്ടിക്കുന്ന വിവരങ്ങളാണു ലഭിച്ചത്. ഒരുപാടു കുടുംബങ്ങളെ വഴിയാധാരമാക്കി ആത്മഹത്യയുടെ വക്കിലെത്തിച്ച കട്ടന്‍ ബസാര്‍ കാസിനോ സംഘത്തെ പിടികൂടുന്നത് ദുഷ്കരമാണെന്നു മനസിലാക്കിയ എസ്പി ജില്ലയിലെ വിശ്വസ്തരായ പോലീസ് സംഘത്തെ രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. പോലീസ് സ്റ്റേഷന് തുടങ്ങി കളിസ്ഥലത്ത് എത്തുന്ന എല്ലാ വഴികളിലും ചീട്ടുകളി സംഘം കാവല്ക്കാരെ നിര്‍ത്തിയിരുന്നു. കളിസ്ഥലത്ത് എത്തുക എന്നത് ഏറെ പ്രയാസകരമായ കാര്യമായതിനാല്‍ പോലീസ് സംഘം താടിയും മുടിയുമൊക്കി വളര്‍ത്തി കളി നടക്കുന്നതിനു മുന്‍പുതന്നെ സ്ഥലത്തെത്തി വിവിധ സ്ഥലങ്ങളില്‍ ഒളിച്ചിരിക്കുകയായിരുന്നു. ഏക്കറുകള്‍ വരുന്ന പറമ്പിന്റെ അഞ്ചു ഭാഗത്തായി തീഷ്ണതയേറിയ ടോര്‍ച്ചുകളുമായി കാവല്ക്കാര് ഉണ്ടായിരുന്നു. കളിക്കു മുമ്പായി ഇവര്‍ പരിസരം നിരീക്ഷിക്കുകയും കളിക്കാര്‍ക്കു വേണ്ട മദ്യവും ഭക്ഷണ സാമഗ്രികളും എത്തിച്ച ശേഷം സിഗ്നല്‍ നല്കിയ ശേഷം മാത്രമേ ചീട്ടു കളിസംഘം എത്തുകയുള്ളൂ. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന ചീട്ടുകളി സംഘത്തില്‍ പലര്‍ക്കും പരസ്പരം അറിയുക പോലും ഇല്ല എന്നതാണ് രസകരമായ കാര്യം. വിവിധ സ്ഥലങ്ങളില്‍ നിന്നും ഒരു വാഹനത്തില്‍ സംഘത്തെ എത്തിക്കുന്ന സംഘാടകര്‍ മൊബൈല്‍ ഫോണുകള്‍ ഓഫാക്കിയ ശേഷമേ ആളുകളെ വാഹനത്തില്‍ കയറ്റാറുള്ളൂ. കളിക്കു ശേഷം വീണ്ടും പഴയ സ്ഥലത്ത് എത്തിക്കും. കളി നടത്തിപ്പുകാര്‍ക്ക് മാസം അഞ്ചു ലക്ഷത്തോളം രൂപയാണു വരുമാനം. കാവല്ക്കാര്ക്കു പണത്തിനു പുറമേ മദ്യവും കൂലിയായി നല്‍കും. പറയാട് കല്ലൂപ്പുറത്ത് നിജിത്ത്, കുട്ടമംഗലം സ്വദേശികളായ ബദറുദീന്‍, മജീദ്, കൂളിമുട്ടം സ്വദേശി സലാം, വലിയ പാലംതുരുത്ത് ഷെറിന് ലാല്‍, എടത്തിരുത്തി സ്വദേശി യൂസഫ് എന്നിവരെയാണു 1,16,000 രൂപയും കളി സാമഗ്രികളും സഹിതം പിടികൂടിയത്. സംഘത്തില്‍ സൈബര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം.ജെ. ജിജോ, തൃശൂര്‍ റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് എസ്ഐ എം.പി. മുഹമ്മദ് റാഫി, എഎസ്ഐമാരായ പി. ജയകൃഷ്ണന്, സി.എ. ജോബ്, സീനിയര്‍ പോലീസ് ഉദ്യോഗസ്ഥരായ സൂരജ് വി. ദേവ്, മിഥുന് കൃഷ്ണ, പോലീസ് ഉദ്യോഗസ്ഥരായ അനൂപ് ലാലന്, മാനുവല്‍, സായുധ സേന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരും ഉണ്ടായിരുന്നു.