വിന്‍ഡ്രോ കമ്പോസ്റ്റിംഗ് മാലിന്യമേ വിട…….. ദിവസേന ഉത്പാദിപ്പിക്കുന്നത് മൂന്ന് ടണ്‍ വളം
ഇരിങ്ങാലക്കുട: നഗരസഭയുടെ വിന്‍ഡ്രോ കമ്പോസ്റ്റിംഗ് പ്ലാന്റില്‍ വളം ഉത്പാദനം തുടങ്ങി. നഗരസഭ പരിധിയിലെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന ജൈവമാലിന്യമാണു പ്ലാന്റിലൂടെ വളമാക്കുന്നത്. കോഴിമാലിന്യം സംസ്കരിക്കാനുള്ള സൗകര്യവും ഈ പ്ലാന്റില്‍ ഉണ്ട്. ഇരിങ്ങാലക്കുട നഗരസഭ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ സജ്ജമാക്കിയിരിക്കുന്ന പ്ലാന്റില്‍ ദിവസേന മൂന്നു ടണ്‍ ജൈവവളമാണു നിര്‍മിക്കുന്നത്. 2019-20, 2020-21 ബഹുവര്‍ഷ പദ്ധതിയായി ഉള്‍പ്പെടുത്തി 35 ലക്ഷം രൂപ ചെലവഴിച്ച് ഏഴായിരം സ്ക്വയര്‍ ഫീറ്റിലാണു പ്ലാന്റ് നിര്‍മിച്ചിരിക്കുന്നത്. പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐആര്‍ടിസിയുമായി സഹകരിച്ചാണു പദ്ധതി നടപ്പിലാക്കുന്നത്. ഐആര്‍ടിസി വളം ഉത്പാദിപ്പിക്കുന്നതിനായി ആറു വനിത ജീവനക്കാരെയാണു നിയോഗിച്ചിരിക്കുന്നത്. വളം പാക്കറ്റുകളാക്കി വില്ക്കുന്നതിനു നഗരസഭ കൗണ്‍സില്‍ തീരുമാനമെടുത്തിട്ടുണ്ട്. കര്‍ഷകര്‍ക്കു ഗുണനിലവാരമുള്ള വളം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കിലോയ്ക്കു 15 രൂപ നിരക്കിലാണു വളം വില്പന നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ ഖരമാലിന്യ സംസ്കരണ പ്ലാന്റിനായി നിര്‍മിച്ച കോണ്‍ക്രീറ്റ് തൂണുകള്‍ക്കു ചുറ്റും ഒരടി ചതുരത്തില്‍ ഇരുമ്പ് പൈപ്പുപയോഗിച്ച് ഉയര്‍ത്തിയും വീതികൂട്ടിയും ബലപ്പെടുത്തിയാണു കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ശുചിത്വമിഷനുമായി ചേര്‍ന്ന് 15 ലക്ഷം രൂപയുടെ മെഷിനറികളാണു ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. 2005-06 ല്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 ലക്ഷം രൂപ ചെലവഴിച്ചു ഖരമാലിന്യ സംസ്കരണ പ്ലാന്റിനായി നിര്‍മിക്കാന്‍ പദ്ധതി ഒരുക്കിയിരുന്നു. ഇതിനായി ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ 30 കോണ്‍ക്രീറ്റ് തൂണുകള്‍ നിര്‍മിച്ചു. എന്നാല്‍, പദ്ധതി നടപ്പിലായില്ല. കാടുകയറിക്കിടന്നിരുന്ന ഈ തൂണുകളെ ഉപയോഗപ്പെടുത്തി മാലിന്യ സംസ്കരണ പദ്ധതി പൂര്‍ത്തിയാക്കാന്‍ മുന്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു മുന്‍കൈയെടുത്ത് 2018 ല്‍ നഗരസഭ ബഹുവര്‍ഷ പദ്ധതിക്കു അംഗീകാരം നല്‍കിയത്. ഇതിന്റെ ബാക്കി തൂണുകള്‍ കൂടി ഉപയോഗപ്പെടുത്തി പതിനായിരം സ്ക്വയര്‍ ഫീറ്റില്‍ പ്ലാന്റ് വികസിപ്പിക്കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്. ജില്ലയില്‍ കുന്നംകുളം, ഗുരുവായൂര്‍ നഗരസഭകളില്‍ വിന്‍ഡ്രോ കമ്പോസ്റ്റിംഗ് പ്ലാന്റ് ഉണ്ടെങ്കിലും അതിനെക്കാളും കൂടുതല്‍ മെച്ചപ്പെടുത്തിയാണു പ്ലാന്റ് നിര്‍മിച്ചിരിക്കുന്നത്. നഗരസഭ പരിധിയിലുള്ള സ്കൂളുകളിലെ കുട്ടികളില്‍ നിന്നു ഇതിനുള്ള ലോഗോ ക്ഷണിച്ചിട്ടുണ്ട്. മികച്ച ലോഗോയ്ക്കു പ്രോത്സാഹനം നല്കുമെന്നു നഗരസഭ വ്യക്തമാക്കി. ലോഗോ തയാറാക്കി കഴിഞ്ഞാല്‍ വാണിജ്യ അടിസ്ഥാനത്തില്‍ വില്പന നടത്താനും പദ്ധതിയുണ്ട്.