കാട്ടൂരില്‍ രാത്രി വീട്ടമ്മയെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ ഗുണ്ടാസംഘ തലവന്മാര് അറസ്റ്റില്‍
കാട്ടൂര്‍: കാട്ടൂരില്‍ രാത്രി വീട്ടമ്മയെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ ഗുണ്ടാ സംഘതലവന്മാരെ പോലീസ് അറസ്റ്റു ചെയ്തു. കരാഞ്ചിറ ചെമ്പാപ്പുള്ളി വീട്ടില്‍ നിഖില്‍ (35), പുല്ലഴി നങ്ങേലില്‍ വീട്ടില്‍ ശരത്ത് (36) എന്നിവരാണു പോലീസിന്റെ പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ രണ്ടോടെ ചേലക്കരയില്‍ വെച്ചാണു ഇവരെ പോലീസ് പിടികൂടിയത്. വീട്ടമ്മയെ വെട്ടികൊലപ്പെടുത്തിയതിനു ശേഷം ഒളിസങ്കേതത്തിലേക്കു രക്ഷപ്പെടുന്നതിനായി ഇരുവരും ബൈക്കില്‍ പോകുമ്പോഴാണു പോലീസിന്റെ പിടിയിലാണ്. കൊലപാതകം നടന്ന് പ്രതികളെക്കുറിച്ച് വ്യക്തത വന്നതോടെ പോലീസ് ഇവരെ പിന്തുടരുകയായിരുന്നു. ഇന്നലെ രാവിലെ തന്നെ ഇവരെ കാട്ടൂര്‍ സ്റ്റേഷനില്‍ എത്തിച്ചു. കാട്ടൂര്‍ എസ്ഐ ആര്. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണു ഇവരെ പിടികൂടിയത്. കൊലപാതകശ്രമമടക്കം നിരവധി കേസുകളില്‍ പ്രതികളാണു ഇരുവരും. ഇവരെ കൂടാതെ മറ്റു രണ്ടു പ്രതികളെയും പിടികൂടാനുണ്ടെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കാട്ടൂര്‍ കടവ് കോളനിയില്‍ ഉണ്ടായ സംഭവങ്ങളുടെ തുടര്‍ച്ചയാണു വീട്ടമ്മയെ വെട്ടികൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട ലക്ഷ്മിയുടെ ഭര്‍ത്താവ് ഹാരീഷിനെതിരെ പ്രദേശത്തുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിരുന്നു. ഗുണ്ടാ നേതാവ് ദര്‍ശനന്‍ ഉള്‍പ്പെടെ നാലുപേരാണു കേസിലെ പ്രതികള്‍. കാട്ടൂര്‍ പോലീസ് സ്റ്റേഷനിലെ ഗുണ്ടാപ്പട്ടികയിലുള്പ്പെട്ട കാട്ടൂര്‍ക്കടവ് നന്താനത്തുപറമ്പില്‍ ഹരീഷിന്റെ ഭാര്യ ലക്ഷ്മി (43) യാണു മരിച്ചത്. ഞായറാഴ്ച ഒമ്പതരയോടെ വീട്ടിലെത്തിയ ഗുണ്ടാസംഘം പന്നിപ്പടക്കം എറിഞ്ഞശേഷം വീടിനു പുറത്തു നിന്നിരുന്ന ലക്ഷ്മിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഹരീഷുമായി പ്രതികള്‍ക്കു മുന്‍ വൈരാഗ്യമുണ്ട്. ഹരീഷ്മ, അക്ഷയ്, ഹരിപ്രിയ എന്നിവര്‍ ലക്ഷ്മിയുടെ മക്കളാണ്. മരുമകന്: രതീഷ്.