പറന്നുയരാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി മുരിയാട് ഗ്രാമപഞ്ചായത്ത്
മുരിയാട്: ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന സമ്പൂര്‍ണ ഓണ്‍ലൈന്‍ മത്സര പരീക്ഷ പരിശീലന പദ്ധതിയായ ‘ഉയരെ’ യുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ തദ്ദേശ സ്വയംവകുപ്പ് മന്ത്രി എം.വി. ഗോവിന്ദന് മാസ്റ്റര്‍ ലോഞ്ച് ചെയ്തു. ഉയരെ പദ്ധതി യുവാക്കള്‍ക്ക് തൊഴിലവസരത്തിന്റെ പുതിയ വാതായനങ്ങള്‍ തുറക്കാനുള്ള മാതൃകപരമായിട്ടുള്ള പദ്ധതിയാണെന്നും ഇത് കേരളത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നും മന്ത്രി എം.വി. ഗോവിന്ദന് മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. വൈഞ്ജാനിക മേഖലയിലെ പുതിയ സാധ്യതകളെ ഉപയോഗപ്പെടുത്താന്‍ ഇതുപോലുള്ള സംരംഭങ്ങള്‍ അനിവാര്യമാണെന്നും അതിനു മുന്‍കൈയെടുത്ത മുരിയാട് ഗ്രാമപഞ്ചായത്തിനെ ശ്ലാഘിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷത വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, പഞ്ചായത്ത് സെക്രട്ടറി പി. പ്രജീഷ്, പഞ്ചായത്ത് ഉയരെ പദ്ധതി ടെക്നിക്കല്‍ കോഓര്‍ഡിനേറ്റര്‍മാരായ എസ്. ഷഹന റാണി, അക്ഷയ രാജേഷ് എന്നിവര്‍ പങ്കെടുത്തു. പഞ്ചായത്തിലെ പ്ലസ് വണ്‍, പ്ലസ് ടു, ഡിഗ്രി, പിജി വിദ്യാര്‍ഥികള്‍ക്ക് പിഎസ്സി, സിവില്‍ സര്‍വീസ് അടക്കമുള്ള മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്നതിനു പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടു കൂടിയാണ് ഉയരെ എന്ന വിദ്യാഭ്യാസ പദ്ധതിയുടെ ആദ്യഘട്ടത്തിനു തുടക്കം കുറിക്കുന്നത്. പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനം എന്നുള്ള നിലയ്ക്കാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്തിട്ടുള്ളത്. ഘട്ടം ഘട്ടമായി പഞ്ചായത്തിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും ഈ പരിശീലന പദ്ധതിയുടെ ഭാഗമാക്കാനുള്ള ലക്ഷ്യത്തോടു കൂടിയാണ് ഉയരെ രൂപകല്പന ചെയ്തിട്ടുള്ളത്. മുരിയാടിനെ ഒരു കരിയര്‍ ഗ്രാമമാക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനു വേണ്ടിയുള്ള ഉയരെയുടെ പ്രഥമ ചുവടാണു മൊബൈല്‍ ആപ്ലിക്കേഷന്‍. കൈറ്റ്സ് ഫൗണ്ടേഷനാണ് ആപ്ലിക്കേഷന്‍ രൂപകല്പന ചെയ്തിരിക്കുന്നത്.