ഓണ്‍ലൈന്‍ നഗരസഭ യോഗത്തെയും ചൊല്ലി പ്രതിപക്ഷ പ്രതിഷേധം
പ്രതിപക്ഷം വിയോജനക്കുറിപ്പുകള്‍ നല്‍കിയതോടെ അജണ്ടകള്‍ പാസാക്കാനാകാതെ ഭരണപക്ഷം;
കള്ളത്തരത്തിനും അഴിമതിക്കും യുഡിഎഫ് ഒരിക്കലും കൂട്ടുനിന്നിട്ടില്ലെന്ന് ഭരണനേത്യത്വം.
ഇരിങ്ങാലക്കുട: കൗണ്‍സില്‍ ഓണ്‍ലൈനില്‍ ചേരുന്നതിനെ ചൊല്ലി നഗരസഭയുടെ ഓണ്‍ലൈന്‍ യോഗത്തില്‍ പ്രതിപക്ഷ പ്രതിഷേധം. കൗണ്‍സില്‍ ഹാളില്‍ എല്‍ഡിഎഫ് അംഗങ്ങളുടെ വായ്മൂടി കെട്ടിയുള്ള പ്രതിഷേധങ്ങളും ബിജെപി അംഗങ്ങളുടെ മുദ്രാവാക്യ വിളികളും ഉയര്‍ന്നപ്പോള്‍ ഓണ്‍ ലൈന്‍ യോഗം പ്രഹസനമായി. ആകെയുള്ള 24 അജണ്ടകളില്‍ 23 എണ്ണത്തിലും എല്‍ഡിഎഫും ബിജെപി യും വിയോജനക്കുറിപ്പുകള്‍ നല്‍കുകയും ചെയ്തതോടെ 23 അജണ്ടകളും പാസായതുമില്ല. യോഗം ആരംഭിച്ചപ്പോള്‍ തന്നെ കണ്വെന്ഷന് സെന്ററില്‍ നടന്ന കോവിഡ് ലംഘനങ്ങളും നഗരസഭ സ്വീകരിച്ച നടപടികളില്‍ ചര്‍ച്ചയും പ്രതിപക്ഷം ആവശ്യപ്പെടുകയായിരുന്നു. നിശ്ചിത അജണ്ടകള്‍ക്ക് ശേഷം ചര്‍ച്ചയാകാമെന്ന നിലപാട് ചെയര്പേഴ്സന് എടുത്തതോടെ, കൗണ്‍സില്‍ ഹാള്‍ എല്‍ഡിഎഫ്, ബിജെപി അംഗങ്ങള്‍ പ്രതിഷേധ നടപടികളിലേക്ക് കടക്കുകയായിരുന്നു. തങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തയ്യാറാകാത്ത ധിക്കാരപരമായ സമീപനമാണ് ചെയര്‍പേഴ്സണ്‍ സ്വീകരിക്കുന്നതെന്നും 41 അംഗ ഭരണസമിതിയില്‍ ഭരണകക്ഷിയായ യുഡിഎഫ് ന്യൂനപക്ഷമാണെന്ന കാര്യം വിസ്മരിച്ച് ധാര്‍ഷ്ട്യത്തോടെയാണ് ഭരണനേത്യത്വം പെരുമാറുന്നതെന്നും എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ കെ ആര് വിജയ പറഞ്ഞു. തിരുവനന്തപുരം കോര്പ്പറേഷന് അടക്കമുള്ള തദ്ദേശസ്ഥാപനങ്ങളില്‍ കൗണ്‍സില്‍ യോഗങ്ങള്‍ ഓഫ് ലൈനായിട്ടാണ് നടക്കുന്നതെന്നും 41 പേരില്‍ 24 പേരും ആവശ്യപ്പെടുന്നത് അംഗീകരിക്കാന്‍ ചെയര്പേഴ്സന് തയ്യാറാകണമെന്നും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബനും ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ യോഗത്തിനായി കൗണ്‍സില്‍ ഹാളില്‍ ഇരിക്കാറുള്ള ചെയര്‍പേഴ്സണ്‍ സ്വന്തം ചേംബറില്‍ ഒളിച്ചിരുന്നാണ് യോഗത്തില്‍ പങ്കെടുക്കുന്നതെന്നും ബിജെപി പരിഹസിച്ചു. എന്നാല്‍ യുഡിഎഫ് ഒരു അഴിമതിക്കും കള്ളത്തരത്തിനും കൂട്ട് നിന്നിട്ടില്ലെന്നും കോവിഡ് ചട്ട ലംഘന വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ ക്യത്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും കരുവന്നൂര്‍ ബാങ്ക് വിഷയത്തില്‍ അച്ചടക്ക നടപടിക്ക് വിധേയയായ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ കെആര്‍ വിജയയും എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ട പണത്തെക്കുറിച്ച് ഇതു വരെ മിണ്ടിയിട്ടില്ലെന്നും നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി പറഞ്ഞു. നഗരസഭ ജീവനക്കാരിയായ ഭാര്യയുടെ ട്രാന്‍സ്ഫര്‍ ഒഴിവാക്കാനും വേറെയും കാര്യങ്ങള്‍ക്കും വേണ്ടിയുമാണ് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന് എല്‍ഡിഎഫുമായി ധാരണ ഉണ്ടാക്കിയിരിക്കുകയാണെന്നും ചെയര്‍പേഴ്സണ്‍ ആരോപിച്ചു. യോഗം അവസാനിച്ചതിന് ശേഷം എല്‍ഡിഎഫും ബിജെപി യും വിയോജനക്കുറിപ്പുകളും നല്കി. ഭൂരിപക്ഷം അംഗങ്ങളും വിയോജനക്കുറിപ്പ് നല്കിയ സാഹചര്യത്തില്‍ അജണ്ടകള്‍ പാസായിട്ടില്ലെന്ന് നഗരസഭ സെക്രട്ടറി പറഞ്ഞു. യോഗത്തില്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു.