യാത്രക്കാര്‍ക്കു വിരുന്നൊരുക്കി പുല്ലൂര്‍ അണ്ടിക്കമ്പനി ജംഗ്ഷനിലെ ആ കിണര്‍
പുല്ലൂര്‍ ജംഗ്ഷനില്‍ കാഴ്ചയൊരുക്കിയത് ഓട്ടോ ഡ്രൈവര്‍മാര്‍
പുല്ലൂര്‍: ഇരിങ്ങാലക്കുട-ചാലക്കുടി റോഡില്‍ പുല്ലൂര്‍ അണ്ടിക്കമ്പനി ജംഗ്ഷനിലെ യാത്രക്കാര്‍ക്കു കാഴ്ച വിരുന്നൊരുക്കി ഓട്ടോറിക്ഷ ഡൈവര്‍മാരുടെ പൂത്തുലഞ്ഞ കിണര്‍. പുല്ലൂര്‍ ജംഗ്ഷനിലെ കപ്പേളക്കു മുമ്പിലെ അധികം ആരും ഉപയോഗിക്കാതെ കിടന്ന കിണറാണ് സമീപത്തെ ഓട്ടോറിക്ഷ പേട്ടയിലെ ഡ്രൈവര്‍മാരുടെ അധ്വാനത്തില്‍ പൂന്തോട്ടമായി മാറിയത്. 15 വര്‍ഷത്തോളമായി ആരും ഉപയോഗിക്കാതെ കാടുപിടിച്ച കിണറിലാണ് ഓട്ടോ ഡ്രൈവര്‍മാര്‍ പൂന്തോട്ടം ഒരുക്കിയത്. കിണറിനു മുകളിലെ ഗ്രില്ലിനു മുകളില്‍ പോളിത്തീന്‍ ഷീറ്റ് വിരിച്ചാണ് 10 മണി ചെടികള്‍ നട്ടത്. കിണറ്റില്‍ നിന്നു വെള്ളം കോരാന്‍ ചെറിയൊരു ഭാഗം ഒഴിച്ചിട്ടു. കിണറിന്റെ ആള് മറയ്ക്ക് ചുറ്റും കേബിള്‍ വലിച്ച് കെട്ടി അതില്‍ തൂക്കിയിടുന്ന ചെടിച്ചട്ടികളും സ്ഥാപിച്ചു. 4000 രൂപയോളം ചെലവഴിച്ചാണു പൂന്തോട്ടം ഒരുക്കിയത്. കൂട്ടത്തോടെ പൂക്കള്‍ വിരിഞ്ഞതോടെ കിണര്‍ പൂന്തോട്ടം യാത്രക്കാരുടെ ശ്രദ്ധാകേന്ദ്രമായി. കിണറ്റില്‍ നിന്നെടുക്കുന്ന വെള്ളം ഉപയോഗിച്ചാണ് ദിവസവും പൂന്തോട്ടം നനയ്ക്കുന്നത്.