കച്ചേരിവളപ്പിലെ താലൂക്ക് റെക്കോഡ് റൂം ദേവസ്വം പൊളിച്ചുനീക്കുന്നു
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം കച്ചേരിവളപ്പിലെ താലൂക്ക് റെക്കോഡ് റൂം പൊളിക്കാന്‍ ദേവസ്വത്തിന് അനുമതി. ജില്ലാ ജഡ്ജിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. കെട്ടിടം പൊളിച്ചു നീക്കുന്നതിന്റെ മുന്നോടിയായി ദേവസ്വം ടെന്‍ഡര്‍ വിളിച്ചു. ഡിസംബര്‍ ആറിനാണു ലേലം. ഡിസംബര്‍ 15 നു മുമ്പായി കെട്ടിടം പൊളിച്ചുനീക്കുമെന്നു ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് പറഞ്ഞു. നേരത്തേ കെട്ടിടം പൊളിച്ചുനീക്കാന്‍ നടപടി ആരംഭിച്ചിരുന്നെങ്കിലും കോടതിയിലെ തൊണ്ടിമുതലുകള്‍ കളവുപോയി എന്നാരോപിച്ചു ദേവസ്വം ചെയര്‍മാനും അഡ്മിനിസ്ട്രേറ്റര്ക്കുമെതിരേ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തതോടെ പ്രവൃത്തികള്‍ നിലയ്ക്കുകയായിരുന്നു. 2014 ലാണു കച്ചേരിവളപ്പും അനുബന്ധ കെട്ടിടങ്ങളും സര്‍ക്കാര്‍ ദേവസ്വത്തിനു കൈമാറിയത്. പിന്നീട് ഭരണാനുമതി കിട്ടി ടെന്‍ഡര്‍ വിളിച്ചു പൊളിക്കാന്‍ പ്രവര്‍ത്തികള്‍ ആരംഭിച്ചപ്പോഴാണു ദേവസ്വം ചെയര്‍മാനും അഡ്മിനിസ്ട്രേറ്റര്ക്കുമെതിരേ പോലീസ് കേസെടുത്തത്. എന്നാല്‍, ഹൈക്കോടതി ഈ കേസ് റദ്ദാക്കി. മുകുന്ദപുരം തഹസില്‍ദാര്‍ കച്ചേരിവളപ്പിന്റെ ഉടമസ്ഥരായ ദേവസ്വം അധികാരികള്‍ക്കു താക്കോല്‍ കൈമാറുകയും ദേവസ്വം കെട്ടിടം ഏറ്റെടുക്കുകയും ചെയ്ത സാഹചര്യത്തില്‍ അവിടെനിന്നു തൊണ്ടിമുതലുകള്‍ കളവുപോയി എന്ന ആരോപണം ശരിയല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കേസ് റദ്ദാക്കിയത്. തുടര്‍ന്നു ഭരണാനുമതിക്കനുസരിച്ച് റെക്കോഡ് റൂം പൊളിച്ചുമാറ്റുന്നതിനുള്ള അനുമതി നല്കണമെന്നാവശ്യപ്പെട്ടു ദേവസ്വം കോടതിയെ സമീപിച്ചിരുന്നു. ഇതിനിടയിലാണു ജില്ലാ ജഡ്ജിയുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നു കെട്ടിടം പൊളിക്കാന്‍ ദേവസ്വത്തിന് അനുമതി നല്‍കിയത്. ഇരിങ്ങാലക്കുട നഗരത്തിന്റെ ഹൃദയഭാഗത്തു കാടുകയറിയ അവസ്ഥയിലാണു കെട്ടിടം നില്‍ക്കുന്നത്. കെട്ടിടത്തിന്റെ പിന്‍വശവും മേല്‍ക്കൂരയിലെ ഓടും നേരത്തേ തകര്‍ന്നുവീണതാണ്.