കള്ളുഷാപ്പുകളുടെ ദൂരപരിധി നിയമം എടുത്തുകളയണം
ഇരിങ്ങാലക്കുട: കള്ളുഷാപ്പുകളുടെ ദൂരപരിധി നിയമം എടുത്തുകളയണമെന്നും പ്രഖ്യാപിത ടോഡിബോര്‍ഡ് എത്രയും പെട്ടെന്ന് നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഷാപ്പ് തൊഴിലാളികളുടെ ആശ്രിതനിയമനപ്പട്ടിക വിപുലീകരിക്കണമെന്നും ഇരിങ്ങാലക്കുട റെയ്ഞ്ച് മദ്യ വ്യവസായ തൊഴിലാളി യൂണിയന് വാര്‍ഷിക ജനറല്‍ ബോഡി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യോഗം എഐടിയുസി ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദന് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട കെ.വി. ഉണ്ണിസ്മാരക ഹാളില്‍ നടന്ന യോഗത്തില്‍ യൂണിയന് പ്രസിഡന്റ് ടി.കെ. സുധിഷ് അധ്യക്ഷത വഹിച്ചു. എഐടിയുസി മണ്ഡലം സെക്രട്ടറി കെ.കെ. ശിവന്, സെക്രട്ടറി കെ.ഡി. സുനില്‍കുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണന്, കെ.ഡി. സുനില്‍കുമാര്‍, എം.കെ.ഗിരി എന്നിവര്‍ പ്രസംഗിച്ചു. ബിജു ഉറുമീസ് രക്തസാക്ഷി പ്രമേയവും കെ.കെ. മദനന് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ചടങ്ങില്‍ ദീര്‍ഘകാലം മദ്യവ്യവസായ തൊഴിലാളിയായി സേവനം ചെയ്ത പവിത്രനെ കെ.ജി. ശിവാനന്ദന് ആദരിച്ചു. പുതിയ ഭാരവാഹികളായി ടി.കെ. സുധിഷ് (പ്രസിഡന്റ്), കെ.എസ്. രാധാകൃഷ്ണന് (വര്‍ക്കിംഗ് പ്രസിഡന്റ്), ബിജു ഉറുമിസ്, എ.ബി. സുധീര്‍ (വൈസ് പ്രസിഡന്റുമാര്‍), കെ.ഡി. സുനില്‍കുമാര്‍ (സെക്രട്ടറി), എം.കെ. ഗിരി, കെ.കെ. മദനന് (ജോയിന്റ് സെക്രട്ടറിമാര്‍), എ.എസ്. വിനോദ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.