സ്ത്രീകള്‍ അരുത് എന്ന് പറയാന്‍ പഠിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത: എം.എസ്. താര
ഇരിങ്ങാലക്കുട: സ്ത്രീകള്‍ അരുത് എന്ന് പറയാന്‍ പഠിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് മുന്‍ വനിതാ കമ്മീഷന് അംഗം എം.എസ്. താര അഭിപ്രായപ്പെട്ടു. പെണ്‍കുട്ടിയെ വിവാഹം കഴിച്ചയച്ചാല്‍ ഭര്‍തൃഗൃഹത്തില്‍ എന്തും സഹിച്ച് നില്ക്കാന് ആവശ്യപ്പെടാതെ സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്കെതിരെ അരുത് എന്ന് പറയാനും പ്രതികരിക്കാനും പഠിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കേരള മഹിളാ സംഘം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതത്വത്തില്‍ സംഘടിപ്പിച്ച സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ സ്ത്രീ സംഗമം എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എസ്. താര. ശുചിമുറികള്‍ കഴുകലും, പുരുഷ കുടുംബങ്ങളുടെ വസ്ത്രം കഴുകലും മറ്റുമാണ് സ്ത്രീകള്‍ക്ക് വിധിച്ചിട്ടുള്ളതെന്ന പ്രാകൃത രീതിയില്‍ തളച്ചിടപ്പെടേണ്ടവരല്ല സ്ത്രീകളെന്നും, മറിച്ച് തങ്ങളും സമൂഹത്തില്‍ സമത്വം അര്‍ഹിക്കുന്നവരെന്ന തിരിച്ചറിവ് സ്ത്രീക്കുണ്ടാകണമെന്ന് തുടര്‍ന്ന് മുഖ്യപ്രഭാഷണം നടത്തിയ ഐഎഎല്‍ സംസ്ഥാന സെക്രട്ടറി അഡ്വ. ആശ ഉണ്ണിത്താന് പറഞ്ഞു. മഹിളാസംഘം മണ്ഡലം പ്രസിഡന്റ് ശോഭന മനോജ് അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, മഹിളാ സംഘം മണ്ഡലം സെക്രട്ടറി അനിത രാധാകൃഷ്ണന്, എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് മീനൂട്ടി, ഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീര്‍, വി.കെ. സരിത, ജനപ്രതിനിധികളായ ഷീല അജയ്ഘോഷ്, ലത സഹദേവന്, സുധ ദിലീപ്, ബിന്ദു ഷാജു, മിനി വരിക്കശേരി, അല്‍ഫോന്‍സാ തോമസ്, അഡ്വ. ജിഷ ജോബി എന്നിവര്‍ പ്രസംഗിച്ചു.