ഏവരുടെയും സ്മരണകളില്‍ മായാതെ മറയാതെ നിലനില്‍ക്കുന്ന വ്യക്തിത്വമാണ് മാര്‍ ജെയിംസ് പഴയാറ്റില്‍-ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
മാര്‍ ജെയിംസ് പഴയാറ്റില്‍ അനുസ്മരണം
ഇരിങ്ങാലക്കുട: കരുതലിന്റെയും സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഒരു തൂവല്‍സ്പര്‍ശം പോലെ ഇന്നും ഏവരുടെയും സ്മരണകളില്‍ നിറഞ്ഞു നില്ക്കുന്ന വ്യക്തിത്വമാണ് ജെയിംസ് പിതാവെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. രൂപതയുടെ പ്രഥമ ബിഷപ് മാര്‍ ജെയിംസ് പഴയാറ്റിലിന്റെ ആറാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന അനുസ്മരണദിവ്യബലിമധ്യേ വചനസന്ദേശം നല്‍കുകയായിരുന്നു ബിഷപ്. അനുസ്മരണദിവ്യബലിയിലും കബറിടത്തില്‍ നടന്ന അനുസ്മരണ പ്രാര്‍ഥനകളിലും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോയ് പാലിയേക്കര, മോണ്‍. ജോസ് മഞ്ഞളി, മോണ്‍. ജോസ് മാളിയേക്കല്‍, കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത് എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഫൊറോന വികാരിമാരും വൈദികരും സന്യാസ സമൂഹാംഗങ്ങളും അല്മായ പ്രതിനിധികളും അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തു. ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ ബിഷപ്പായി മൂന്നു പതിറ്റാണ്ടിലേറെ സേവനമനുഷ്ഠിച്ച മാര്‍ ജെയിംസ് പഴയാറ്റില്‍ 2016 ജൂലൈ 10 നാണ് ദിവംഗതനായത്.