വിദ്യര്‍ഥി ജീവനൊടുക്കുവാന്‍ കരുവന്നൂര്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടി
ഇരിങ്ങാലക്കുട:ജീവനൊടുക്കുവാന്‍ വിദ്യര്‍ഥി കരുവന്നൂര്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടി. ഫയര്‍ഫോഴ്സ് സംഘം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. കരുവന്നൂര്‍ പാലത്തില്‍ സൈക്കിളിലെത്തിയ വിദ്യാര്‍ത്ഥി ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് പുഴയിലേക്ക് ചാടി. പുഴയില്‍ നല്ല ഒഴുക്കുള്ളതിനാല്‍ വിദ്യാര്ഥിനയെ ഇതു വരെ കണ്ടെത്താനായിട്ടില്ല. ഇതു കണ്ടു നിന്ന നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ഓടിയെത്തുമ്പോഴേക്കും വിദ്യാര്‍ഥി വെള്ളത്തില്‍ മുങ്ങി പോയിരുന്നു. സൈക്കിളിലുണ്ടായിരുന്ന ബാഗില്‍ അലന് ക്രിസ്റ്റോ എന്ന പേരാണ് കാണുന്നത്. ഇരിങ്ങാലക്കുട, തൃശൂര്‍ എന്നിവടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സും പോലീസും സംഭവസ്ഥലത്ത് തിരച്ചില്‍ നടത്തി. ഇന്നും തിരച്ചില്‍ നടത്തും. ചിമ്മിണി ഡാം തുറന്നിരിക്കുന്നതിനാല്‍ പുഴയില്‍ ജലനിരപ്പും ഒഴുക്കും വളരെ കൂടുതലാണ്. തുറവന്‍കാട് സ്വദേശിയായ അലന് ക്രിസ്റ്റോ എന്ന പേരിലുള്ള വിദ്യാര്‍ഥിയെ കാണാനില്ലെന്ന പരാതി മാതാപിതാക്കള്‍ ഇന്നലെ പോലീസില്‍ നല്‍കിയിട്ടുണ്ട്. പാലത്തിനു സമീപത്തു നിന്നും ലഭിച്ച സൈക്കില്‍ ഈ വിദ്യാര്ഥിയുടെതാണെന്ന് മാതാപിതാക്കള്‍ സ്ഥിതീകരിച്ചു. ഇന്നലെ രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയതാണ് ഈ വിദ്യാര്‍ഥി. ഇരിങ്ങാലക്കുട പോലീസ് നടപടികള്‍ സ്വീകരിച്ചീട്ടുണ്ട്.
പാലത്തില്‍നിന്ന് പുഴയില്‍ ചാടിയ വിദ്യാര്‍ഥിയെ കണ്ടെത്താനുള്ള തെരച്ചില്‍ ഇന്നും തുടരും
ഇരിങ്ങാലക്കുട: കരുവന്നൂര്‍ പാലത്തിന്റെ കൈവരിയില്‍ നിന്ന് പുഴയിലേക്ക് ചാടിയ പ്ലസ് ടു വിദ്യാര്‍ഥിയെ ഇന്നലെ നടത്തിയ തെരച്ചിലില്‍ കണ്ടെത്താനായില്ല. വൈകീട്ടോടെ തിരച്ചില്‍ അവസാനിപ്പിച്ചുവെങ്കിലും ഇന്നും തെരച്ചില്‍ നടത്തുന്നുണ്ട്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് കരുവന്നൂര്‍ വലിയ പാലത്തിന്റെ പടിഞ്ഞാറേ കൈവരിയുടെ മുകളില്‍നിന്ന് വിദ്യാര്‍ഥി ചാടിയത്. സൈക്കിള്‍ പാലത്തിന്റെ നടപ്പാതയിലേക്ക് കയറ്റിവെച്ച ശേഷമായിരുന്നു ചാട്ടം. ഒന്നിലേറെ തവണ പുഴയില്‍ പല ഭാഗത്തായി കുട്ടിയുടെ കൈകള്‍ ഉയര്‍ന്ന് കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുടയില്നിന്നും ചേര്പ്പില്നിന്നും അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി. അഗ്നിരക്ഷാസേനാംഗങ്ങള്‍ ബോട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ പന്ത്രണ്ടരയോടെയാണ് തൃശ്ശൂരില്‍നിന്നുള്ള സ്കൂബാ ടീം എത്തിയത്. തുടര്‍ന്ന് ഇരിങ്ങാലക്കുടയില്‍ നിന്നുള്ള ഫയര്‍ ഫോഴ്സ് സംഘവും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. പോലീസ് പരിശോധിച്ചതിനെ തുടര്‍ന്നാണ് സൈക്കിളില്‍ വെച്ചിരുന്ന പുസ്തകം കിട്ടിയത്. ചിമ്മിനി ഡാം തുറന്നതോടെ പുഴയിലുണ്ടായ ഉയര്‍ന്ന ജലനിരപ്പും ശക്തമായ അടിയൊഴുക്കുമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായത്. രണ്ടു കിലോമീറ്ററോളം തിരച്ചില്‍ നടത്തിയ സംഘം വൈകീട്ട് അഞ്ചരയോടെ തിരച്ചില്‍ അവസാനിപ്പിച്ചു. പാലത്തിന് മുകളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുട്ടിയുടെ സൈക്കിളില്‍നിന്ന് ഒരു പുസ്തകവും കുറിപ്പും പോലീസ് കണ്ടെടുത്തു. പുസ്തകത്തില്‍നിന്നാണ് കുട്ടിയുടെ പേര് അലന് ക്രിസ്റ്റോയെന്ന് സൂചന കിട്ടിയിരിക്കുന്നത്. അലന് ക്രിസ്റ്റോ എന്ന പേരും 17 വയസ്സ് പ്രായമുള്ള കുട്ടിയുമാണെന്നറിഞ്ഞതോടെ പോലീസ് സമീപത്തെ എല്ലാ സ്കൂളുകളിലേക്കും സന്ദേശം നല്‍കിയെങ്കിലും സ്ഥിരീകരിക്കാനായിട്ടില്ല. അതേസമയം അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ രണ്ടാം വര്‍ഷ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയും തുറവന്‍കാട് ചുങ്കത്ത് വീട്ടില്‍ ജോസിന്റെ മകനുമായ അലന് ക്രിസ്റ്റോയെ കാണാനില്ലെന്ന് പോലീസില്‍ പരാതി കിട്ടി. ഇതിന്റെയടിസ്ഥാനത്തില്‍ കേസെടുത്തിട്ടുമുണ്ട്്. വീട്ടില്‍നിന്ന് ചുവന്നനിറമുള്ള സൈക്കിളില്‍ രാവിലെ പോയതാണെന്നാണ് വീട്ടുകാര്‍ പറയുന്നത്. സ്കൂളില്‍നിന്ന് കഴിഞ്ഞ ദിവസം നിയമസഭ കാണാന്‍ തിരുവനന്തപുരത്തേക്ക് പോയ കൂട്ടത്തില്‍ അലനുമുണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയാണ് തിരിച്ചെത്തിയത്. അന്ന് യാത്രപോയവര്ക്ക് സ്കൂള്‍ അവധി നല്‍കിയിരുന്നു. ബുധനാഴ്ചയും കുറെ കുട്ടികള്‍ വന്നില്ല. ക്ഷീണം കാരണമാണ് അലന് മുടങ്ങിയതെന്നാണ് കരുതിയതെന്ന് അധ്യാപകര്‍ പറഞ്ഞു. സംശയമുള്ള വിദ്യാര്‍ഥിയുടെ ചിത്രം ദൃക്സാക്ഷികളായവര്‍ക്ക് കാണിച്ചുകൊടുത്തെങ്കിലും പുഴയില്‍ ചാടിയ കുട്ടി മാസ്ക് വെച്ചിരുന്നതിനാല്‍ അവര്‍ക്കും കൃത്യമായി പറയാന്‍ സാധിച്ചില്ല.