കരുവന്നൂർ ബാങ്ക് തട്ടിപ്പ്: പരാതിക്കാരനോട് ഇ.ഡി ക്കു മുമ്പിൽ ഹാജരാകാൻ നിർദേശം
ഇരിങ്ങാലക്കുട: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ ഹൈക്കോടതിയിൽ കേസ് നൽകിയ പരാതിക്കാരനോട് ഇഡിക്കു മുമ്പിൽ ഹാജരാകാൻ നിർദേശം. പൊറത്തിശേരി സ്വദേശി എം.വി. സുരേഷാണ് തിങ്കളാഴ്ച രാവിലെ 10.30 ന് ഇഡി ഓഫീസിൽ ഹാജരാകുക. കരുവന്നൂർ ബാങ്കിലെ സാമ്പത്തിക തട്ടിപ്പിനെതിരെ ആദ്യം രംഗത്തു വന്നതും ഹൈക്കോടതിയിൽ കേസു നൽകിയതും സുരേഷാണ്. കരുവന്നൂർ സഹകരണ ബാങ്കിന്റെ സിവിൽ സ്റ്റേഷൻ എക്സ്റ്റൻഷൻ ബ്രാഞ്ചിന്റെ മാനേജർ ചുമതലയുണ്ടായിരുന്ന എം.വി. സുരേഷാണ് ബാങ്കിലെ തിരിമറികളെക്കുറിച്ച് ആദ്യം സിപിഎം നേതൃത്വത്തെ അറിയിച്ചത്. 15 വർഷം സിപിഎമ്മിന്റെ കണ്ടാരത്തറ ബ്രാഞ്ച് സെക്രട്ടറിയും ഒൻപതു വർഷം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു സുരേഷ്. ആ ആത്മവിശ്വാസത്തിലാണ് പാർട്ടിക്ക് പരാതി നൽകിയത്. അന്ന് ജില്ലാ സെക്രട്ടറിയായിരുന്ന ബേബി ജോണിനാണ് പരാതി അയച്ചത്. അതിന്മേൽ സത്യസന്ധമായ അന്വേഷണം നടത്താൻ ബേബി ജോൺ നിർദേശം നൽകി. എന്നാൽ, അതിനായി നിയോഗിച്ചവർ അത് മുക്കിയെന്ന് സുരേഷ് പറയുന്നു. പരാതി നൽകിയശേഷം കള്ളക്കേസിൽ കുടുക്കി ജോലിയിൽ നിന്നും പുറത്താക്കുകയായിരുന്നുവെന്ന് സുരേഷ് പറയുന്നു. ഇതിനെതിരേ സുരേഷ് നൽകിയ കേസ് ഇപ്പോഴും കോടതിയിലാണ്. കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിനെപ്പറ്റി 2019 ജനുവരി 16 നാണ് ഹൈക്കോടതിയിൽ പരാതി നൽകിയത്. സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡി ബാങ്കിലെത്തി അന്വേഷണം നടത്തിയത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് മുൻ അംഗം സി.കെ. ചന്ദ്രനെ ഇഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ ഇഡി ഓഫീസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത പ്രതികളിൽ നിന്നാണ് സി.കെ. ചന്ദ്രന് കേസുമായി ബന്ധമുണ്ടെന്ന് ഇഡിക്ക് വിവരം ലഭിച്ചത്. ഇതിൽ വ്യക്തത വരുത്താനായാണ് സി.കെ. ചന്ദ്രനെ ചോദ്യം ചെയ്തത്. തട്ടിപ്പ് നടക്കുന്ന സമയത്ത് ബാങ്കിന്റെ ചുമതല പാർട്ടി ഏൽപ്പിച്ചിരുന്നത് സി.കെ. ചന്ദ്രനെയാണ്. ഈ സമയത്ത് അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു ബാങ്കിന്റെ മാനേജർ. സിപിഎം ഏരിയാ കമ്മിറ്റി അംഗവും ബാങ്ക് സെക്രട്ടറിയുമായിരുന്ന സുനിൽ കുമാറുമായി ചേർന്ന് തട്ടിപ്പിന് കൂട്ടുനിന്നു എന്നതാണ് പ്രധാന പരാതി. ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത പ്രതികൾ നൽകിയ മൊഴിയും ഇത് തന്നെയാണ്. ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ ചന്ദ്രനെ സിപിഎമ്മിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.