കല്ലംകുന്നില്‍ അമ്മയും മകനും മരിച്ച നിലയില്‍
അമ്മയുടെ മൃതദേഹം വീടിനകത്ത്, മകന്റെ മൃതദേഹം വീട്ടുകിണറ്റില്‍. സംഭവത്തില്‍ ദുരൂഹത, മകന്റെ മൃതദേഹം അഴുകിയ നിലയില്‍
ഇരിങ്ങാലക്കുട: നടവരമ്പ് കല്ലംകുന്നില്‍ അമ്മയെയും മകനെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരുവാപ്പടി കാവുങ്ങല്‍ വീട്ടില്‍ ജയകൃഷ്ണന്റെ ഭാര്യ ചക്കമ്പത്ത് രാജി (54) യെയും ഇളയ മകന് വിജയ് കൃഷ്ണ (26) നെയുമാണു കല്ലംകുന്നുള്ള രാജിയുടെ അമ്മവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊറ്റനെല്ലൂര്‍ കരുവാപ്പടിയിലാണു ജയകൃഷ്ണനും രാജിയും രണ്ടാണ്മക്കളും താമസിക്കുന്നത്. രാജിയുടെ അമ്മ രണ്ടാഴ്ച മുമ്പ് മറ്റൊരു മകളുടെ വീട്ടിലേക്കു പോയിരുന്നു. അങ്കമാലിയിലെ സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായ ജയകൃഷ്ണന് മൂന്നു ദിവസമായി വീട്ടുക്കാരുടെ വീട്ടിലേക്കു ബന്ധപ്പെട്ടിരുന്നിവെങ്കിലും ഫോണ്‍ കിട്ടിയിരുന്നില്ല. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോഴാണു വീട്ടില്‍ ആരുമില്ലെന്നു മനസിലായത്. തുടര്‍ന്നു ഇന്നലെ രാവിലെ ഭാര്യയുടെ തറവാട്ടു വീട്ടിലെത്തി നടത്തിയ പരിശോധനയിലാണു ഒരു മകന് കിണറ്റില്‍ മരിച്ചനിലയില്‍ കിടക്കുന്നത് കണ്ടെത്തിയത്. മൃതദേഹം കമിഴ്ന്നു കിടക്കുന്ന നിലയിലായതിനാല്‍ ആരാണു മരിച്ചതെന്നു തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. മൃതദേഹം അഴുകിയ നിലയിലായിരുന്നു. കിണറിനു സമീപത്തു നിന്നു രണ്ടാമത്തെ മകന് വിജയകൃഷ്ണയുടെ ബൈക്ക് കണ്ടെത്തി. ജയകൃഷ്ണന് വിവരമറിയച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണു തറവാട്ടു വീട്ടിനകത്ത് രാജിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജിയുടെ കൈഞരമ്പുകള്‍ മുറിഞ്ഞു രക്തം വാര്‍ന്ന നിലയിലാണ്. മൃതദേഹത്തിന്റെ കാലുകള്‍ തറയില്‍ മുട്ടിയ നിലയിലുമായിരുന്നു. മൂത്ത മകന് വിനയ് കൃഷ്ണയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ ഇയാളെ ബന്ധപ്പെടാന്‍ ഇതുവരെയും കഴിഞ്ഞട്ടില്ല. സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂത്ത മകന് വിനയ് കൃഷ്ണ (33) കളമശേരിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജിവനക്കാരനാണ്. രണ്ടാമത്തെ മകന് വിജയ് കൃഷ്ണ (26) കാക്കനാട് ഇന്‍ഫോ പാര്‍ക്കിലാണു ജോലി ചെയ്യുന്നത്. അമ്മയുടെയും മകന്റെയും മരണത്തിലേക്കു വഴിവച്ച കാര്യങ്ങള്‍ എന്തെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. ഫയര്‍ സ്റ്റേഷന് ഓഫീസര്‍ പി. വെങ്കിടരാമന്, ഉദ്യോഗസ്ഥരായ ജോജി വര്‍ഗീസ്, മോഹനന്, അന്‍സാര്‍, അനില്‍കുമാര്‍, വിനീഷ്, അഭിമന്യു, ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു മൃതശരീരം കിണറ്റില്‍ നിന്നു പുറത്തെടുത്തത്. ഫോറന്‍സിക് വകുപ്പിലെ സയന്റിഫിക്ക് ഓഫീസര്‍ ഷാലു ജോസ്, തൃശൂര്‍ റൂറലില്‍ വിരലടയാള വിദഗ്ധ വിനിത വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘങ്ങളും സ്ഥലത്തെത്തിയിരുന്നു. തൃശൂര്‍ റൂറലില്‍ നിന്നുള്ള ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം കണ്ടെത്തിയ വീട് ആള്‍താമസമില്ലാത്തതും കാടും പടലും പിടിച്ചുകിടക്കുന്നതുമാണ്. ചാലക്കുടി ഡിവൈഎസ്പി സി.ആര്. സന്തോഷ്, ഇരിങ്ങാലക്കുട സിഐ എം.ജെ. ജിജോ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.