മന്ത്രി ഡോ. ആര്. ബിന്ദു കഥകളി അരങ്ങില്‍ ഇഷ്ടവേഷമായ ദമയന്തിയായി
ഇരിങ്ങാലക്കുട : ഔദ്യോഗിക വേഷം അഴിച്ച് വച്ച് തികഞ്ഞ മെയ് വഴക്കത്തോടെ കത്തിച്ചു വെച്ച ആട്ടവിളക്കിനു മുന്നില്‍ മന്ത്രി ഡോ. ആര്. ബിന്ദു ദമയന്തിയായി കഥകളി വേഷത്തിൽ നിറഞ്ഞടി. കൂടൽമാണിക്യം ക്ഷേത്രോൽസവത്തിന്റെ അഞ്ചാം ദിനത്തിൽ സംഗമം വേദിയിൽ നളചരിതം ഒന്നാം ദിവസം കഥകളിയിലാണ് മന്ത്രി ആർ ബിന്ദു വീണ്ടും ചായമിട്ടത്.കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിൽ തുടർച്ചയായി 5 വർഷവും ഒരു തവണ സംസ്ഥാന സ്കൂൾ കലോത്സവത്തിലും കഥകളി കിരീടം നേടിയ ബിന്ദു തന്റെ പ്രിയപ്പെട്ട കഥാപാത്രമായ ദമയന്തിയെയാണ് വീണ്ടും സ്റ്റേജിൽ അവതരിപ്പിച്ചത്.
മൂന്നര പതിറ്റാണ്ടിന് ശേഷമാണ് പ്രണയ പരവശയായ ദമയന്തിയായി നിറഞ്ഞാടിയത്. ഇരിങ്ങാലക്കുടക്കാരനായ ഉണ്ണായിവാര്യര്‍ രചിച്ച നളചരിതം ആട്ടക്കഥയെ ആസ്പദമാക്കിയുള്ള ‘ഹംസദമയന്തി’ യില്‍ ദമയന്തിയായി എത്തിയ മന്ത്രി ആസ്വാദക മനം കവരുന്ന കലാപ്രകടനമാണ് കാഴ്ച്ചവെച്ചത്. 13 ാം വയസ് മുതല്‍ കഥകളി അഭ്യസിക്കുകയും സ്കൂള്‍ കോളജ് തലങ്ങളില്‍ സമ്മാനിതയാകുകയും ചെയ്തിട്ടുണ്ട്. കലാനിലയം രാഘവനായിരുന്നു ബിന്ദുവിന്റെ ആശാന്. 1980 കളുടെ അവസാനത്തില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലില്‍ കഥകളി കിരീടം നേടിയ ബിന്ദു തന്റെ പ്രിയപ്പെട്ട കഥാപാത്രമായ ദമയന്തിയെയാണ് വീണ്ടും ഇവിടെ അവതരിപ്പിച്ചത്. പതിമൂന്നാം വയസു മുതല്‍ തന്റെ ഗുരുവായിരുന്ന കലാനിലയം രാഘവന് ആശാന്റെ ശിക്ഷണത്തിലാണ് ഡോ. ബിന്ദു കഥകളി അവതരിപ്പിച്ചത്. ആ കാലയളവില്‍ ആശാനോടൊപ്പം നളചരിതം ഒന്നാം ദിവസത്തിലെ ദമയന്തിയായും മൂന്നാം ദിവസത്തിലെ കാട്ടാളനോടൊപ്പമുള്ള ദമയന്തിയായും ഗുരു ദക്ഷിണയിലെ ഗുരു പത്നിയായും അരങ്ങുകളില്‍ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. രാഘവന് ആശാന്റെ മകളും ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയം റിട്ടയേര്‍ഡ് പ്രിന്‍സിപ്പലുമായ കലാനിലയം ഗോപിയുടെ ഭാര്യയുമായ ജയശ്രീ ഗോപിയും പ്രശസ്ത കഥകളി പണ്ഡിതനും നിരൂപകനുമായ സിഎംഡി തിരുമേനിയുടെ മകളുമായ സി.എം. ബീനയും ദമയന്തിയുടെ സഖിമാരായി അഭിനയിച്ചു. ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന അരങ്ങില്‍ കലാനിലയം രാഘവനാശാന്റെ മകളും ഓട്ടന്‍ തുള്ളല്‍, കഥകളി, മോഹിനിയാട്ടം എന്നിവയില്‍ വൈദഗ്ധ്യം തെളിയിച്ചുകൊണ്ടിരിക്കുന്ന രസതന്ത്രം അധ്യാപിക ജയന്തി ദേവരാജ് ‘ഹംസം’ ആയി വേഷമിട്ടു. കലാനിലയം രാഘവന് ആശാന്റെ പുത്രിമാരാണ് ജയശ്രീയും ജയന്തിയും. സ്കൂള്‍ കോളജ് പഠനകാലത്ത് ബിന്ദു ടീച്ചറോടൊപ്പം ധാരാളം കഥകളിവേദികളില്‍ ജയശ്രീയും വേഷം ചെയ്തിരുന്നു. കഥകളിയും ഓട്ടന്തുള്ളലും മോഹിനിയാട്ടവും അവതരിപ്പിച്ചുകൊണ്ട് ജയന്തി ദേവരാജ് ഇന്നും കലാരംഗത്ത് സജീവമാണ്. കലാനിലയം രാഘവനാശാന്റെ കീഴില്‍ വിവിധ കാലങ്ങളിലായി പഠിച്ചിരുന്നവരാണ് കാലങ്ങള്‍ക്ക് ശേഷം അരങ്ങില്‍ ഒത്തുചേര്‍ന്നത്. തന്റെ കോളജ് കാലത്തെ ചുവടുകളും ഓര്‍മകളും തിരിച്ചുപിടിക്കുന്ന അനുഭവം, തന്റെ പ്രിയപ്പെട്ടവരുടെ മുന്പില് അവതരിപ്പിക്കുവാന്‍ കഴിഞ്ഞതില്‍ മന്ത്രി സന്തോഷം അറിയിച്ചു. വര്‍ഷങ്ങള്‍ക്കുമുമ്പ് ദമയന്തിയെ അവതരിപ്പിച്ച അതേ മിടുക്കോടെയും ഊര്‍ജ്ജത്തോടെയും രാഘവനാശാന്റെ ശിക്ഷണത്തില്‍ വീണ്ടും മികവ് തെളിയിക്കാനായി മന്ത്രി ഡോ.ആര്. ബിന്ദുവിന് കഴിഞ്ഞു.
കലാനിലയം രാഘവനാശാന്റെ നേത്യത്വത്തിൽ സംഗീതം – കലാനിലയം രാജീവൻ , വേങ്ങേരി നാരായണൻ , ചെണ്ട – കൊട്ടിയത്ത് കലാമണ്ഡലം ശ്രീരാജ് , മദ്ദളം – കലാനിലയം പ്രകാശൻ , ഇടയ്ക്ക – നന്ദകുമാർ ഇരിങ്ങാലക്കുട, മുഖത്തെഴുത്ത് – സുരേഷ് തോട്ടര, കലാമണ്ഡലം വിഘ്നേഷ്, അണിയറ – ഊരകം നാരായണൻ നായർ , കലാമണ്ഡലം മനേഷ്, ചമയം – രംഗഭൂഷ ഇരിങ്ങാലക്കുട എന്നിവരായിരുന്നു വേദിയിൽ .
തന്റെ എറ്റവും ഇഷ്ടപ്പെട്ട കലാരൂപമായ കഥകളി അരങ്ങത്തേക്ക് മുപ്പത് വർഷങ്ങൾക്ക് ശേഷം കടന്ന് വരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അവതരണത്തിന് ശേഷം സംഗമം വേദിയിലെ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഡോ ആർ ബിന്ദു പറഞ്ഞു.പിത്യതുല്യനായ രാഘവനാശന്റെ മക്കളോടൊപ്പം വീണ്ടും വേദിയിൽ ഒരുമിക്കാൻ കഴിഞ്ഞു. ചെയ്യാൻ കഴിയുമോ എന്ന് ആശങ്ക ഉണ്ടായിരുന്നുവെങ്കിലും ദേവസ്വം ചെയർമാൻ പ്രദീപ് മേനോനും രാഘവനാശാനും ധൈര്യം പകർന്നതായും മന്ത്രി പറഞ്ഞു. ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ ,ഭരണ സമിതി അംഗങ്ങൾ, മന്ത്രിയുടെ ഭർത്താവും സിപിഎം പോളിറ്റ് ബ്യൂറോ മെമ്പറുമായ എ വിജയരാഘവൻ , മകൻ അഡ്വ ഹരി, കലാനിലയം രാഘവനാശാൻ , സദനം കൃഷ്ണൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.