കമ്പ്യൂട്ടറുകള്‍ കെട്ടിക്കിടന്നു നശിക്കുന്നതായി പരാതി
മുരിയാട് പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയെന്ന് ആരോപണം
ഇരിങ്ങാലക്കുട: മുരിയാട് പഞ്ചായത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ബിരുദ വിദ്യാര്‍ഥികള്‍ക്കും പട്ടികജാതി കുടുംബങ്ങളിലെ പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്കും നല്‍കാനായി വാങ്ങിയ ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ ഒരു മാസത്തില്‍ അധികമായി പഞ്ചായത്ത് ഹാളില്‍ കെട്ടിക്കിടന്നു നശിക്കുന്നതായി കോണ്‍ഗ്രസ് പആരോപിച്ചു. പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ കമ്പ്യൂട്ടറുകള്‍ വാങ്ങിയത്. മാര്‍ച്ച് മാസം 30ന് ഇതിന്റെ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചതാണ്. ഒരു മാസം പിന്നിട്ടിട്ടും എട്ട്ലക്ഷം രൂപ ചെലവഴിച്ച് 30 വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ട കമ്പ്യൂട്ടറുകള്‍ വിതരണം ചെയ്യാത്തതില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം പ്രതിഷേധിച്ചു. ഈ കമ്പ്യൂട്ടറുകള്‍ മുഴുവന്‍ വിതരണം ചെയ്തു എന്ന തരത്തിലാണ് പ്രചരണം നടത്തിയിരുന്നത്. 12 മാസമാണ് കമ്പ്യൂട്ടറുകള്‍ക്ക് മൊത്തം ഗ്യാരന്റി ഉള്ളത്. ഇപ്പോള്‍ കുട്ടികളുടെ കയ്യില്‍ കിട്ടുന്നതിന് മുന്‍പേ രണ്ടു മാസത്തെ ഗ്യാരന്റി കഴിഞ്ഞു. മാത്രമല്ല രണ്ടു മാസത്തോളമായി ഇവ കൂട്ടിയിട്ടു കിടക്കുന്നതിനാല്‍ ഇനി എത്ര എണ്ണം ഉപയോഗിക്കാന്‍ സാധിക്കുമെന്നും ആശങ്കയുണ്ടെന്ന് അംഗങ്ങള്‍ പറഞ്ഞു. ഉദ്ഘാടന മാമാങ്കം നടത്താന്‍ മാത്രമാണ് അധികാരികള്‍ക്ക് താല്പര്യമെന്നും തുടര്‍പ്രവര്‍ത്തനങ്ങളില്‍ യാതൊരു തരത്തിലുമുള്ള ശ്രദ്ധയും കൊടുക്കുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പണം ചെലവഴിക്കാനുള്ള വ്യഗ്രതയില്‍ പല പദ്ധതികള്‍ക്കും മുന്‍കൂര്‍ പണം അനുവദിച്ചെന്നും എന്നാല്‍ പദ്ധതികളില്‍ പലതും ഇതുവരെയും പൂര്‍ത്തികരിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് പരാതി നല്‍കും. കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ വാങ്ങിയ വാഹനം ഒരു വര്‍ഷമാണ് ഉപയോഗിക്കാതെ കിടന്നത്. പിന്നീട് ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ അതിന്റെ ബാറ്ററി നശിച്ചു പോയതിനെ തുടര്‍ന്ന് പുതിയത് വാങ്ങേണ്ടി വന്നെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ തോമസ് തൊകലത്ത്, പഞ്ചായത്തംഗങ്ങളായ ശ്രീജിത്ത് പട്ടത്ത്, സേവിയര്‍ ആളൂക്കാരന്‍, കെ. വൃന്ദകുമാരി, ജിനി സതീശന്, നിത അര്ജുനന് എന്നിവര്‍ പ്രസംഗിച്ചു.
ആരോപണം അടിസ്ഥാന രഹിതം ജോസ് ജെ. ചിറ്റിലപ്പിള്ളി (മുരിയാട് പഞ്ചായത്ത് പ്രസിഡന്റ്)
മുരിയാട് പഞ്ചായത്തിലെ 2022-23 വര്‍ഷിക പദ്ധയില്പെട്ട് 19 ലാപ് ടോപ്പുകളാണ് ഒരു മാസം മുന്‍പ് വാങ്ങിയിരുന്നത്. അതില്‍ രേഖകളെല്ലാം ഹാജരാക്കിയ 11 ഗുണഭോക്താക്കള്‍ക്ക് 11 ലാപ്ടോപ്പുകളും വിതരണം ചെയ്തു കഴിഞ്ഞു. ബാക്കിയുള്ള എട്ട് ലാപ് ടോപ്പുകള്‍ പഞ്ചായത്ത് യോഗം ചേരുന്ന ഹാളില്‍ സുരക്ഷിതമായിട്ടാണ് എടുത്ത് വെച്ചിരിക്കുന്നത്. രേഖകള്‍ ഹാജരാക്കുന്ന മുറക്ക് മാനദണ്ഡ പ്രകാരം ഗുണഭോക്താക്കള്‍ക്ക് അത് കൊടുത്ത് തീര്‍ക്കുന്നതാണ്. അതിനെയെല്ലാം മറച്ച്വെച്ച് കൊണ്ട് നടത്തുന്ന മറ്റു പ്രചരണങ്ങളെല്ലാം തന്നെ വികസനത്തിന്റെ ശോഭ കെടുത്താനും പുകമറ സൃഷ്ടിച്ച് തെറ്റിദ്ധാരണ പരത്താനുമുള്ള ശ്രമമാണ്.