നമ്മുടെ വൈജ്ഞാനിക സമ്പത്ത് കാര്‍ഷിക മേഖലയുടെ നവീകരണത്തിനും ആധുനികവല്‍ക്കരണത്തിനും പ്രയോജനപ്പെടുത്തണം, മന്ത്രി ഡോ.ആര്. ബിന്ദു
ഇരിങ്ങാലക്കുട: ‘കാര്‍ഷിക സമൃദ്ധിയിലേക്ക് നാടിനൊപ്പം’ എന്ന ആപ്തവാക്യവുമായി ഇരിങ്ങാലക്കുട നഗരസഭ ഞാറ്റുവേല മഹോത്സവത്തിന്റെ ഉദ്ഘാടനം ടൗണ്‍ ഹാളില്‍ കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. ‘നമ്മുടെ വൈജ്ഞാനിക സമ്പത്ത് കാര്‍ഷിക മേഖലയുടെ നവീകരണത്തിനും ആധുനികവല്‍ക്കരണത്തിനും പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തിന് നഗരസഭ വൈസ് ചെയര്‍മാര്‍ ടി.വി. ചാര്‍ളി സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ വെച്ച് വ്യത്യസ്തങ്ങളായ കാര്‍ഷിക മേഖലകളില്‍ മികവ് തെളിയിച്ച കര്‍ഷകരെ ആദരിക്കുകയും വിളംബരോത്സവത്തിലെ സമ്മാനാര്‍ഹര്‍ക്ക് സമ്മാനം നല്‍കുകയും ചെയ്തു. ചടങ്ങില്‍ വിവിധ സബ് കമ്മിറ്റി ചെയര്മാന്മാരായ ഫെനി എബിന് വെള്ളാനിക്കാരന്‍ , സി.സി. ഷിബിന്‍, അംബിക പള്ളിപ്പുറത്ത്, ജെയ്സണ്‍ പാറേയ്ക്കാടന്‍, അഡ്വ. ജിഷ ജോബി, സോണിയ ഗിരി, അഡ്വ.കെ.ആര്. വിജയ, സന്തോഷ് ബോബന്, അല്‍ഫോന്‍സ തോമസ്, പി.ടി. ജോര്‍ജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. 10 ദിവസം നീണ്ടു നില്ക്കുന്ന ഞാറ്റുവേല മഹോത്സവത്തില്‍ ദിവസവും രാവിലെ 10 ന് ആദരസംഗമങ്ങള്, രണ്ടിന് സാഹിത്യ സദസുകള്‍, 3.30 ന് കൃഷി സംബന്ധമായ സെമിനാറുകള്‍, അഞ്ച് മണി മുതല്‍ രാത്രി ഒമ്പത് വരെ വിവിധങ്ങളായ കലാപരിപാടികളുമാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ജൂലൈ രണ്ടു വരെയായി മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടത്തപ്പെടുന്ന ഞാറ്റുവേല മഹോത്സവത്തില്‍ ഫലവൃക്ഷ തൈകള്‍, അലങ്കാര ചെടികള്‍, പൂച്ചെടികള്‍, വിവിധങ്ങളായ ഭക്ഷ്യ ഉല്പന്നങ്ങള്, നാടന്‍ വിഭവങ്ങള്‍, വിത്തുകള്‍, തുണികള്‍, ഇരുമ്പ് ഉല്പന്നങ്ങള്, ചെറുപ്പക്കാല മിഠായികള്‍, ചക്ക മാങ്ങ ഉല്പന്നങ്ങള് തുടങ്ങി വൈവിധ്യമാര്‍ന്ന 50 ല്‍ പരം സ്റ്റാളുകളാണ് തയാറാക്കിയിട്ടുളളത്.