മന്ത്രിയുടെ ഓഫീസിലേക്ക് യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു
ക്രിമിനലുകളെ സംരക്ഷിക്കുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്നു യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഭുല്‍ കൃഷ്ണന്
ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന ഇടതുസര്‍ക്കാരിനെതിരെ മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ ഓഫീസിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൂതംകുളം മൈതാനത്തു നിന്നും ആരംഭിച്ച മാര്‍ച്ച് ആല്‍ത്തറക്കു സമീപം ബാരിക്കേഡുകളുമായി പോലീസ് തടഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത തകര്‍ന്നെന്നും മന്ത്രി ബിന്ദു രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു യുവമോര്‍ച്ച മാര്‍ച്ച് നടത്തിയത്. സര്‍ക്കാരിനും പോലീസിനും എതിരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തള്ളി നീക്കാനും മറിച്ചിടാനും ശ്രമിച്ചു. പ്രതിഷേധം തുടര്‍ന്നതോടെ പോലീസ് സമരക്കാര്‍ക്ക് നേരെ ജലപീരങ്കി ഉപയോഗിച്ചു. ഇതിനിടയില്‍ പോലീസുമായി ഏറെ നേരം വാക്കേറ്റവും നടന്നു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഭുല്‍ കൃഷ്ണന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ക്രിമിനലുകളെ സംരക്ഷിക്കുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്നും ഗതികേട് കൊണ്ടാണ് വ്യാജ സര്ട്ടിഫിക്കറ്റുകാരിയായ വിദ്യയെ പോലീസ് അറസ്റ്റ് ചെയ്തതെന്നും പ്രഭുല്‍ കൃഷ്ണന് പറഞ്ഞു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സതീഷ് മരതൂര്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.ആര്. ഹരി, ജസ്റ്റിന് ജേക്കബ്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ഷൈന്‍ നെടുയിരിപ്പില്, ബിജെപി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട തുടങ്ങിയവര്‍ പ്രസംഗിച്ചു.