കോടതി ജീവനക്കാരിയുടെ സ്കൂട്ടര്‍ മോഷ്ടിച്ച പ്രതി പിടിയില്‍
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പോക്സോ കോടതിയിലെ ജീവനക്കാരിയുടെ സ്കൂട്ടര്‍ തന്ത്രപൂര്‍വം മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതി പോലീസ് പിടിയിലായി. ആമ്പലൂര്‍ വെണ്ടോര്‍ മേലേപുത്തന്‍വീട്ടില്‍ അഞ്ചലീ(25)നെയാണ് ഡിവൈഎസ്പി ടി.കെ. ഷൈജുവിന്റെ നിര്‍ദേശപ്രകാരം സിഐ അനീഷ് കരീമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പുതുക്കാട് സ്റ്റേഷനിലെ പോക്സോ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ എത്തിയ പ്രതി ജീവനക്കാരിയുടെ സ്കൂട്ടറിന്റെ താക്കോല്‍ കവര്‍ന്ന് വണ്ടിയുമായി കടന്ന് കളയുകയായിരുന്നു. സിസിടിവി കാമറകളുടെയും എഐ കാമറകളുടെയും സഹായത്തോടെയും മറ്റും നടത്തിയ വിശദമായ അന്വേഷണത്തില്‍ പ്രതി കുറ്റിപ്പുറത്ത് ഉണ്ടെന്ന് മനസ്സിലാക്കിയ പോലീസ് സംഘം അതിസാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു. മോഷ്ടിച്ച വണ്ടിയും പോലീസ് പിടിച്ചെടുത്തു. എസ്ഐമാരായ എം.എസ്. ഷാജന്, സി.എം. ക്ലീറ്റസ്, ഉദ്യോഗസ്ഥരായ കെ.ആര്. സുധാകരന്, പ്രസന്നകുമാര്‍, സജു, രാജശേഖരന്, ഷാബു എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. വിവിധ സ്റ്റേഷനുകളിലായി 13 ഓളം കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.