പല്ലൊട്ടിയിലെ കണ്ണനെക്കാണാന് സെന്റ് ജോസഫ്സ് കോളജില്‍ നിന്നും പ്രിന്‍സിപ്പലും അധ്യാപകരും വിദ്യാര്‍ഥികളും എത്തി
ഇരിങ്ങാലക്കുട: പല്ലൊട്ടിയിലെ കണ്ണനെക്കാണാന് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ നിന്നും പ്രിന്‍സിപ്പലും അധ്യാപകരും വിദ്യാര്‍ഥികളും കരൂപ്പടന്ന സ്കൂളില്‍ എത്തി. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ച കുട്ടി കലാകാരന് ഡാവിഞ്ചി സന്തോഷിനെ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ആദരിച്ചു. കരൂപ്പടന്ന സ്കൂളില്‍ എത്തിയാണു കണ്ണനായി ജനമനസുകളുടെ ഹൃദയം കീഴടക്കിയ കുട്ടി ഡാവിഞ്ചിയെ ആദരിച്ചത്. 2017ല്‍ പല്ലൊട്ടി എന്ന ഷോര്‍ട്ട് ഫിലിമിലൂടെ കണ്ണന് ചേട്ടനായി വന്ന് പ്രേക്ഷകമനസ് കീഴടക്കിയ ബാലതാരമാണ് മാസ്റ്റര്‍ ഡാവിഞ്ചി സന്തോഷ്. തുടര്‍ന്ന് വരയന്‍, ലോനപ്പന്റെ മാമോദീസ എന്നിങ്ങനെ ഇരുപതില്പരം ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഇടം നേടി ഈ കൊച്ചു മിടുക്കന്. ഏറ്റവും ഒടുവില്‍ ഇതാ പല്ലൊട്ടി ദി 90എസ് കിഡ് എന്ന ചിത്രത്തില്‍ കണ്ണന് എന്ന മുഴുനീളെ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകമനസുകളുടെ ഹൃദയം കീഴടക്കുകയാണ് ഈ ബാലതാരം. സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബ്ലെസി, ഐക്യൂഎസി കോ-ഒാര്‍ഡിനേറ്റര്‍ ഡോ. ടി.വി. ബിനു, ഹിസ്റ്ററി വിഭാഗം മേധാവി ഡോ. ജോസ് കുരിയാക്കോസ്, അധ്യാപിക എം.എസ്. സുമിന, ഓഫീസ് അസിസ്റ്റന്റ് സബിത, കോളജ് യൂണിയന് ഭാരവാഹികള്‍, കരൂപ്പടന്ന സ്കൂള്‍ പ്രധാനാധ്യാപിക എം.എം. സുഷ, പിടിഎ പ്രസിഡന്റ് ഇസ്മൈല്‍, എക്സിക്യൂട്ടീവ് അംഗം മൈഷൂക് കരൂപ്പടന്ന എന്നിവരുടെ സാന്നിധ്യത്തിലാണ് കൊച്ചു ഡാവിഞ്ചിയെ ആദരിച്ചത്.