ഫെയ്സ് ബുക്ക് വഴി പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ച് പണം തട്ടിയ തുമ്പൂര്‍ സ്വദേശി അറസ്റ്റില്‍
ഇരിങ്ങാലക്കുട: ഫെയ്സ് ബുക്ക് വഴി പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ച് പണം തട്ടിയ തുമ്പൂര്‍ സ്വദേശി അറസ്റ്റില്‍. വെള്ളാങ്കല്ലൂര്‍ തുമ്പൂര്‍ മേപ്പുറത്ത് വീട്ടില്‍ ശ്യാംകുമാറി (30) നെയാണ് ഇരിങ്ങാലക്കുട ഡിവെെഎസ്പി ഫേമസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ സിഐ എം.ജെ. ജിജോയും സംഘവും അറസ്റ്റു ചെയ്തത്. ഭര്‍ത്താവുമായി സ്വരച്ചേര്‍ച്ചയില്ലാതെ വിദേശത്തു ജോലി ചെയ്തു വരുകയായിരുന്ന യുവതിയെ പ്രതി ശ്യാം 2018 ല്‍ ഫെയ്സ്ബുക്ക് വഴി പരിചയപ്പെടുകയായിരുന്നു. താന്‍ ഒരു ജ്യോതിഷിയാണെന്നാണു പ്രതി ശ്യാം യുവതിയെ പറഞ്ഞു ധരിപ്പിച്ചിരുന്നത്. യുവതിയുടെയും ഭര്‍ത്താവിന്റെയും ജന്മനക്ഷത്രങ്ങള് തമ്മില്‍ ചേര്‍ച്ചയില്ലെന്നും അതിനാല്‍ ഭര്‍ത്താവുമൊത്തുള്ള യുവതിയുടെ ജീവിതം നരകതുല്യമായിരിക്കുമെന്നു പറഞ്ഞു വിശ്വസിപ്പിക്കുകയും യുവതിയെ നാട്ടില്‍ വന്നു ഭര്‍ത്താവുമായി വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിനു ഡിവോഴ്സിനു നിരന്തരം നിര്‍ബന്ധിക്കുകയും ചെയ്തു. നാട്ടിലെത്തിയ യുവതിയെ പ്രതി ശ്യാം ലൈംഗീകമായി പീഡിപ്പിക്കുകയും വിവാഹബന്ധം വേര്‍പ്പെടുത്തിയതിനു ശേഷം യുവതിയെ ശ്യാം വിവാഹം ചെയ്തുകൊള്ളാമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് വിവാഹ ശേഷം സുഖമായി ജീവിക്കുന്നതിനു വീടു പണിയുന്നതിനും ബിസിനസ് തുടങ്ങുന്നതിനുമെന്നു പറഞ്ഞ് യുവതിയില്‍ നിന്നു പ്രതി ശ്യാം പലപ്പോഴായി 14 ലക്ഷം രൂപയോളം തട്ടിയെടുത്തു. താന്‍ വഞ്ചിക്കപ്പെടുകയാണെന്നു മനസിലാക്കിയ യുവതി ഇരിങ്ങാലക്കുട പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പോലീസ് കേസെടുത്ത വിവരമറിഞ്ഞ പ്രതി ബാംഗ്ലൂരിലേക്കു കടന്നു കളയുകയായിരുന്നു. പ്രതി നാട്ടിലെത്തിയതറിഞ്ഞു പോലീസ് തന്ത്രപൂര്‍വം വലയിലാക്കുകയായിരുന്നു. അഡീഷണല്‍ എസ്ഐ ഡെന്നി, വനിത സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നിഷി, സിപിഒമാരായ വൈശാഖ് മംഗലന്‍, ഫൈസല്‍, ഷൗക്കര്‍ എന്നിവരാണു പ്രതിയെ പിടികൂടിയ പ്രത്യേക അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.