ചരിത്രമെഴുതി ഇരിങ്ങാലക്കുട രൂപത 43-ാം വയസിലേക്ക്

- രൂപതാദിനാഘോഷങ്ങള്‍ കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ വളരെ ലളിതമായി ഇരിങ്ങാലക്കുടയില്‍
- 43-ാം രൂപതാദിനവും ദൈവവിളി പ്രോത്സാഹനവര്ഷത്തിന്റെ സമാപനവും ഇന്ന് കത്തീഡ്രല്‍ ദൈവാലയത്തില്‍ രാവിലെ 9 മണിക്ക്
- രൂപത യുട്യൂബ് ചാനലിലും ഷെക്കെയ്ന ടിവിയിലും തത്സമയ സംപ്രേക്ഷണം
ഇരിങ്ങാലക്കുട: 43-ാം രൂപതാദിനവും ദൈവവിളി പ്രോത്സാഹനവര്ഷത്തിന്റെ സമാപനവും ഇന്ന് ഇരിങ്ങാലക്കുട രൂപതയില്‍ നടക്കും. ഇന്നു രാവിലെ ഒമ്പതിനു കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടു തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ സംഗമവും വിശുദ്ധ കുര്‍ബാനയും ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കും. രൂപത വികാരി ജനറല്‍മാരായ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, മോണ്‍. ജോയ് പാല്യേക്കര, മോണ്‍. ജോസ് മഞ്ഞളി, ചാന്‍സലര്‍ റവ. ഡോ. നെവിന് ആട്ടോക്കാരന്, വൈസ് ചാന്‍സലര്‍ റവ. ഡോ. കിരണ്‍ തട്ടഌ ഫിനാന്‍സ് ഓഫീസര്‍ ഫാ. വര്‍ഗീസ് അരിക്കാട്ട്, സെക്രട്ടറി ഫാ. ചാക്കോ കാട്ടുപറമ്പില്‍ എന്നിവര്‍ ലളിതമായ രൂപതാദിന ആഘോഷ പരിപാടികള്‍ക്കു നേതൃത്വം നല്കുമെന്നു പിആര്‍ഒ ഫാ. ജിജോ വാകപറമ്പില്‍ അറിയിച്ചു.

രൂപതയുടെ പ്രഥമ മെത്രാന് മാര്‍ ജെയിംസ് പഴയാറ്റില്‍ പിതാവിന്റെ ഓര്‍മയ്ക്കായി നാന്ദി കുറിച്ച ‘ഹൃദയ പാലിയേറ്റീവ് കെയര്‍’ നാനാജാതി മതസ്ഥരായ അനേകം കിടപ്പുരോഗികളുടെയും നിരാലംബരായ മനുഷ്യരുടെയും അത്താണിയാണിപ്പോള്‍. 1350 രോഗികളെ ഭവനങ്ങളില്‍ ചെന്നു ശുശ്രൂഷിക്കുകയും 1200 ല്‍ പരം മനുഷ്യരുടെ മരണവേദനകളില് സമാശ്വാസമാകുകയും പാവപ്പെട്ടവരുടെ മൃതസംസ്കാര വേളകളില്‍ ആംബുലന്‍സ്, ഫ്രീസര്‍ തുടങ്ങിയവയുടെ സൗജന്യ സഹായം ഒരുക്കുകയും ചെയ്തു വരുന്നുണ്ട്. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ കത്തോലിക്കാ സഭാംഗങ്ങളുടെ മൃതദേഹ സംസ്കാരം ഏറ്റവും ആദരവോടെയും പ്രാര്‍ത്ഥനാ നിര്‍ഭരമായ അകമ്പടികളോടെയും സഭ അനുശാസിക്കുന്ന രീതിയിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടു നടത്തുന്നതിനു ആവശ്യമായ ദ്രുതകര്‍മസേനയെ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ ഈയടുത്ത് സജ്ജമാക്കിയതു അനേകര്‍ക്കു ഉപകാരപ്രദമായിക്കൊണ്ടിരിക്കുന്നു.

യുവവൈദികര്‍ അടക്കമുള്ള 300 ല്‍ പരം യുവാക്കളുടെ സഹായ സഹകരണങ്ങളാണു ഇതിനായി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല അഞ്ചു കോടി രൂപ കൊറോണ വൈറസ് വ്യാപനം ആരംഭിച്ച മാര്‍ച്ച് മുതല്‍ ഇന്നുവരെ ഇരിങ്ങാലക്കുട രൂപത അര്‍ഹതപ്പെട്ടവര്‍ക്കായി ചെലവഴിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സാമൂഹിക ആതുരസേവന രംഗത്തും മലയോര മേഖലകളിലെ കര്‍ഷകരുടെ പ്രശ്നങ്ങളിലും രൂപതയ്ക്ക് ഇടപെടാന്‍ കഴിഞ്ഞിട്ടുണ്ട്. ചെന്നൈ മിഷനിലും ഇപ്പോഴത്തെ ഹൊസൂര്‍ സീറോ മലബാര്‍ രൂപതയിലും ഭാരതത്തിന്റെ വടക്കുകിഴക്കന്‍ മേഖലയായ സില്‍ച്ചാര്‍ മിഷനിലും രൂപത സേവനം ഉറപ്പാക്കിവരുന്നു. രൂപതയുടെ ല്യൂമന് യൂത്ത് സെന്ററും സിവില്‍ സര്‍വീസ് പരിശീലനവും പിഎസ്സി ബാങ്ക് പരിശീലനവും ക്രിസ്തീയ ന്യൂനപക്ഷ അവകാശ സമിതിയും യുവതീയുവാക്കളുടെ പരിശീലനത്തിനു വേണ്ടിയുള്ള പുതിയ പദ്ധതികളാണ്. പൊതുജന രംഗത്തും സര്‍ക്കാര്‍ സംവിധാനങ്ങളിലും സാമൂഹിക കുടുംബക്ഷേമ പദ്ധതികളിലും മാധ്യമരംഗത്തും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും ഭരണവകുപ്പുകളിലും നമ്മുടെ യുവതീയുവാക്കളെ എത്തിക്കുക എന്നതാണു രൂപതയുടെ പുതിയ ദൗത്യം.

