ഇരിങ്ങാലക്കുട സേവാഭാരതി താലൂക്ക് ആശുപത്രിയിലെ അന്നദാനത്തിന്റെ 17-ാം വാര്‍ഷികം ആഘോഷിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സേവാഭാരതി താലൂക്ക് ആശുപത്രിയില്‍ നടത്തുന്ന അന്നദാനത്തിന്റെ 17-ാം വാര്‍ഷികാഘോഷം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപറമ്പില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പുസ്തകങ്ങള്‍ക്ക് അപ്പുറത്തേക്കുള്ള ജീവിത യഥാര്‍ഥ്യങ്ങളെ നമ്മുടെ മക്കളെ നമ്മള് ബോധ്യപ്പെടുത്തണമെന്നും സഹജീവികളോട് ദുഃഖത്തിലേക്ക് ഇറങ്ങി ചെല്ലാനും നമ്മള് ഈ ലോകത്ത് നിന്ന് പോകുമ്പോള്‍ ഒന്നും കൊണ്ടുപോകില്ലെന്ന സത്യം ബോധ്യപ്പെട്ടുകൊണ്ട് ജീവിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സേവാഭാരതി അധ്യക്ഷന്‍ എസ്. നളിന്‍ ബാബു അധ്യക്ഷത വഹിച്ചു, യോഗത്തില്‍ നാട്ടിക എസ്എന്‍ ഗുരു കോളജ് പ്രിന്‍സിപ്പലും തൃശൂര്‍ ജില്ലാ സേവാഭാരതി വൈസ് പ്രസിഡന്റുമായ പ്രൊഫ. ടി.എന്‍. സരസു സേവാസന്ദേശം നല്കി. ആര്‍എസ്എസ് തൃശൂര്‍ വിഭാഗ് സഹകാര്യവാഹ് സി.എന്‍. ബാബു മുഖ്യ പ്രഭാഷണം നടത്തി. പ്രകാശന് കൈമാപറമ്പില്‍ സ്വാഗതവും അന്നദാന സമിതി രക്ഷാധികാരി ഡി.പി. നായര്‍ നന്ദിയും പറഞ്ഞു.