വിശക്കുന്നവന്റെ വിശപ്പകറ്റുക എന്നത് ജനാധിപത്യ ഭരണകൂടങ്ങളുടെ ഒന്നാമത്തെ കടമയെന്ന് മന്ത്രി ഡോ. ആര്. ബിന്ദു
റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനായി നവകേരള സദസ്സ് മുമ്പാകെയും ഓണ്‍ലൈനായും അപേക്ഷ നല്‍കിയവര്‍ക്ക് കാര്‍ഡുകള്‍ നല്കി തുടങ്ങി;
ഇരിങ്ങാലക്കുട: റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനായി നവ കേരള സദസ്സ് മുമ്പാകെയും കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 10 മുതല്‍ 30 വരെ ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിച്ചവരില്‍ അര്‍ഹരെന്ന് കണ്ടെത്തിയവര്‍ക്ക് കാര്‍ഡുകള്‍ നല്‍കാനുള്ള നടപടികള്‍ തുടങ്ങി. മുകുന്ദപുരം താലൂക്ക് പരിധിയില്‍ ഏറ്റവും അര്‍ഹരായ 100 കുടുംബങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട 28 കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് വിതരണം ചെയ്യുന്നതിന്റെയും, ബാക്കി കുടുംബങ്ങള്‍ക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ കത്ത് കൈമാറുന്ന ചടങ്ങിന്റെയും താലൂക്ക് തല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. വിശക്കുന്നവന്റെ വിശപ്പകറ്റുക എന്നതാണ് ജനാധിപത്യ ഭരണകൂടങ്ങളുടെ പ്രഥമ കടമയെന്നും കോവിഡ് കാലഘട്ടത്തില്‍ സര്‍ക്കാര്‍ കിറ്റ് വിതരണം അടക്കമുള്ള നടപടികള്‍ സ്വീകരിച്ചതും ഇതിന്റെ ഭാഗമാണെന്ന് മന്ത്രി പറഞ്ഞു. താലൂക്ക് കോണ്‍ഫ്രറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ്ചെയര്‍മാന്‍ ടി.വി. ചാര്‍ലി, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, നഗരസഭ കൗണ്‍സിലര്‍ നസീമ കുഞ്ഞുമോന്, താലൂക്ക് സപ്ലൈ ഓഫീസര്‍ പി.എ. എല്‍ബി എന്നിവര്‍ സംസാരിച്ചു.