വധശ്രമ കേസിനെ തുടര്‍ന്ന് ഒളിവില്‍ പോയ പടിയൂര്‍ സ്വദേശിയായ പ്രതി കേരള തമിഴ്നാട് വന അതിര്‍ത്തി ഗ്രാമത്തില്‍ കാട്ടൂര്‍ പോലീസിന്റെ പിടിയില്‍
ഇരിങ്ങാലക്കുട: കാട്ടൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ പടിയൂര്‍ വളവനങ്ങാടി തുണ്ടിയത്ത് പറമ്പില്‍ വീട്ടില്‍ ബഷീര്‍ എന്നയാളെ വീട്ടില്‍ അതിക്രമിച്ചു കയറി കത്തി കൊണ്ട് തലയില്‍ കുത്തി കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി പടിയൂര്‍ കുട്ടാടം പാടം വെള്ളോംപറമ്പില് വീട്ടില്‍ ആരുണ് പോള്‍ (28) എന്നയാളെ കാട്ടൂര്‍ എസ്എച്ച്ഒ പി.പി. ജസ്റ്റിന് അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ ജനുവരി മാസം അഞ്ചാം തീയതി രാത്രി പന്ത്രണ്ടു മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് രാത്രി എട്ടു മണിയോടെ അരിപ്പാലം പള്ളിയില്‍ തിരുന്നാളിന് പോയിരുന്ന ബഷീറിന്റെ മകനോട് സമപ്രായക്കാരനായ പ്രായപൂര്‍ത്തിയാകാത്തയാള്‍ ഇനി മുതല്‍ നീ എന്നെ ചേട്ടാ എന്ന് വിളിക്കണം എന്ന് പറഞ്ഞതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും സംഭവം അറിഞ്ഞ ബഷീര്‍ സ്ഥലത്തു ചെന്ന് മകനെ വീട്ടിലേക്ക് കൂട്ടി കൊണ്ട് വരുകയും ചെയ്തിരുന്നു. തുടര്‍ന്ന് രാത്രി ഒന്നാം പ്രതിയുടെ നേതൃത്വത്തില്‍ രണ്ടു പേരും ചേര്‍ന്ന് ആയുധങ്ങളുമായി ബഷീറിന്റെ വീട്ടില്‍ ചെന്ന് മകനെ ആക്രമിക്കാന്‍ ശ്രമിക്കുകയും തടയാന്‍ ചെന്ന വൈരാഗ്യത്തിന് ബഷീറിനെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇതു കണ്ട് വന്ന ബഷീറിന്റെ അമ്മയേയും ഭാര്യയേയും ഒന്നാം പ്രതി അരുണ്‍ പോള്‍ ചവിട്ടുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇടതു ചെവിക്ക് പുറകില്‍ പരിക്കേറ്റ ബഷീറിനെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പത്ത് സ്റ്റിച്ച് ഇട്ടിരുന്നു. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയപ്പോള്‍ ഒന്നാം പ്രതി അരുണ്‍ പോള്‍ കേരള തമിഴ്നാട് അതിര്‍ത്തി വന പ്രദേശമായ കുമളിയിലെ ബന്ധു വീട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു.
കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍ തന്നെ പോക്സോ, അടിപിടി, കഞ്ചാവ് വില്‍പ്പന, എക്സൈസ് ഉദ്യോഗസ്ഥനെ ജോലിക്കിടയില്‍ ആക്രമിച്ചതുള്‍പ്പടെ പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയും സ്റ്റേഷന് റൗഡിയുമാണ് പ്രതി. നാട്ടില്‍ കേസുകളില്‍ ഉള്‍പ്പെട്ടു കഴിഞ്ഞാല്‍ കുമളിയിലെ ബന്ധു വീട്ടിലേക്കും പോലീസ് വരുന്നതറിഞ്ഞാല്‍ തമിഴ്നാട്ടിലേക്ക് കടന്ന് രക്ഷപ്പെടുന്നതാണ് പ്രതിയുടെ രീതി. പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തില്‍ എസ്ഐമാരായ എം. ഹബീബ്, എ.പി. ഷിബു, എഎസ്ഐ മുരുകേഷ് കടവത്ത്, സീനിയര്‍ സിപിഒമാരായപി.ഡി. വിജയന്, കിരണ്‍ രഘു എന്നിവരാണ് ഉണ്ടായിരുന്നത്.