കൈമുറിഞ്ഞു, പ്ലാവില്‍ കുടുങ്ങി; രക്ഷകരായി ഫയര്‍ ഫോഴ്സ് സംഘം
ഇരിങ്ങാലക്കുട: മരം മുറിക്കാന്‍ പ്ലാവില്‍ കയറി ശിഖരങ്ങള്‍ മുറിച്ച് മാറ്റുന്നതിനിടെ മുറിക്കാന്‍ ഉപയോഗിച്ച വാള് കൊണ്ട് ഇടത് കൈക്ക് പരിക്കേറ്റ് മരത്തില്‍ കുടുങ്ങിയ യുവാവിനെ ഇരിങ്ങാലക്കുട ഫയര്‍ഫോഴ്സ് സംഘം എത്തി താഴെയിറക്കി. കഴിഞ്ഞ ദിവസം പതിനൊന്നരയോടെ ആയിരുന്നു സംഭവം. എടക്കുളം സ്വദേശി ദിലീപിന്റെ വീട്ടില്‍ മരം മുറിക്കാന്‍ എത്തിയ പൂമംഗലം പുരപ്പുറത്ത് വീട്ടില്‍ സുഭാഷിനാണ് (46 ) പരിക്കേറ്റത്. ആഴത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്ന് അവശനായി മരത്തില്‍ കുടുങ്ങിയ സുഭാഷിനെ ഫയര്‍ സ്റ്റേഷന് ഓഫീസര്‍ കെ.എസ്. ഡിബിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി ആദ്യം മുറിവ് തുണി കൊണ്ട് കെട്ടി കോണിയില്‍ സുരക്ഷിതനായി ഇറയ്ക്കുകയായിരുന്നു. തുടര്‍ന്ന് സുഭാഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍ യൂണിറ്റിലെ ഉദ്യോഗസ്ഥരായ അരുണ്‍മോഹന്‍, സന്ദീപ്, പ്രദീപ്, റിനോ പോള്‍, സുമേഷ്, അജിത്, അജീഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.