സംയോജിത മത്സ്യ പരിപാലന പദ്ധതിയുടെ ഭാഗമായി അഞ്ച് ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ കരുവന്നൂര്‍ പുഴയില്‍ നിക്ഷേപിച്ചു
ഇരിങ്ങാലക്കുട: സംയോജിത മത്സ്യ പരിപാലന പദ്ധതിയുടെ ഭാഗമായി 5 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ കരുവന്നൂര്‍ പുഴയില്‍ നിക്ഷേപിച്ചു. ഫിഷറീസ് വകുപ്പിന്റേയും ഇരിങ്ങാലക്കുടയുടെ സമഗ്ര കാര്‍ഷിക വികസന പദ്ധതിയായ പച്ചക്കുടയുടേയും ആഭിമുഖ്യത്തില്‍ കരുവന്നൂര്‍ പുഴയില്‍ കാര്‍പ്പ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു.
പൊതുജലാശയങ്ങളിലെ മത്സ്യ സമ്പത്ത് സംരക്ഷിക്കുക, വര്‍ദ്ധിപ്പിക്കുക മത്സ്യ തൊഴിലാളികളുടെ വരുമാനം മെച്ചപ്പെടുത്തുക, പൊതു ജനങ്ങള്‍ക്ക് ഗുണമേന്മയുള്ള മത്സ്യം ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഉള്‍നാടന്‍ ജല ആവാസ വ്യവസ്ഥയിലെ സംയോജിത മത്സ്യ വിഭവ പരിപാലന പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി അഞ്ച് ലക്ഷം കാര്‍പ്പ് മത്സ്യക്കുഞ്ഞുങ്ങളെയാണ് കരുവന്നൂര്‍ പുഴയുടെ വിവിധ ഭാഗങ്ങളിലായി നിക്ഷേപ്പിക്കുന്നത്.
കാറളം ഗ്രാമപ്പഞ്ചായത്ത് ആലുക്കകടവില് നടന്ന ചടങ്ങില്‍ കാറളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, കാറളം ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ യു.വി. അമ്പിളി, ജഗജി കായംപുറത്ത്, ബീന സുബ്രഹ്മണ്യന്, വൃന്ദ അജിത്കുമാര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ പി.ഡി. ലിസി ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എം.എം. ജിബിന മത്സ്യതൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.