ഭിന്നശേഷി കുട്ടികള്‍ക്ക് പരീശീലനത്തിനായി നിപ്മറില്‍ സ്കേറ്റിംഗ് ട്രാക്ക്
ഇരിങ്ങാലക്കുട: ഭിന്നശേഷി കുട്ടികള്‍ക്ക് പരീശീലനത്തിനായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷനില്‍ (നിപ്മര്‍) സ്കേറ്റിംഗ് ട്രാക്ക് ഒരുങ്ങി. കേരള സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി 88.8 ലക്ഷം രൂപ ചെലവഴിച്ചാണ് നിപ്മറില്‍ സ്കേറ്റിംഗ് ട്രാക്ക് ഒരുക്കിയിട്ടുളള്ളത്. ഭിന്നശേഷി കുട്ടികള്‍ക്ക് അപകടരഹിതമായി ഉപയോഗിക്കാന്‍ തക്ക വിധത്തിലുള്ള ട്രാക്കാണ് ഒരുക്കിയിട്ടുള്ളത്.
പദ്ധതിയുടെ ഉദ്ഘാടനം 24 ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യും. നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി 19,53,360 രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന എഡിഎച്ച്ഡി ക്ലിനിക്ക്, 4,84600 രൂപ ചെലവഴിച്ചു നടപ്പാക്കുന്ന പദ്ധതിയായ ഫീഡിംഗ് ഡിസോഡര്‍ ക്ലിനിക്ക് എന്നീ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് അധ്യക്ഷത വഹിക്കും. സാമൂഹ്യനീതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുനീത്കുമാര്‍ ഐഎഎസ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് അംഗം പി.കെ. ഡേവിസ് എംവോക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തും.
മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ ഷാന്റി ജോസഫ്, ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ, കെഎസ്എസ്എം അസി. ഡയറക്ടര്‍ കെ. സന്തോഷ് ജേക്കബ്, മാള ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യ നൈസന്‍, വാര്‍ഡ് മെമ്പര്‍ മേരി ഐസക് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. നിപ്മര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സി. ചന്ദ്രബാബു സ്വാഗതവും ഡയറ്റീഷന്‍ ആന്‍ഡ് റിസര്‍ച്ച് കോ ഓര്‍ഡിനേറ്റര്‍ ആര്. മധുമിത നന്ദിയും ആശംസിക്കും.