വികസനത്തിന്റെ ചൂളം വിളി കാത്ത് ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്. കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിയും ഉണ്ട്, എന്നിട്ടും അവഗണന മാത്രം
\ഇരിങ്ങാലക്കുട: കടന്നു പോകുന്നത് 141 തീവണ്ടികള്‍, നിര്‍ത്തുന്നത് 23 എണ്ണം മാത്രം. ജില്ലയിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലൊന്നായ ഇരിങ്ങാലക്കുടയുടെ അവസ്ഥയാണിത്. കൊച്ചി ഷൊര്‍ണ്ണൂര്‍ റെയില്‍വേ ലെയിന്‍ വന്നിട്ട് 122 വര്‍ഷമായെങ്കിലും ഇരിങ്ങാലക്കുടയ്ക്ക് കാര്യമായ നേട്ടമൊന്നും ഉണ്ടായിട്ടില്ല. 1902 ല്‍ ഈ വഴിക്ക് തീവണ്ടി ഓടിതുടങ്ങുമ്പോള്‍ പ്രധാനപ്പെട്ട മൂന്നാമത്തെ സ്റ്റേഷനായിരുന്നു ഇത്. അവഗണന മാത്രമാണു ഇരിങ്ങാലക്കുട റെയിവേ സ്റ്റേഷനുള്ളത്. നൂറ്റാണ്ടിലേറെ പഴക്കമുള്ള ജീര്‍ണാവസ്ഥയിലായ കെട്ടിടവും ചോര്‍ന്നൊലിക്കുന്ന പ്ലാറ്റ്ഫോം മേല്‍ക്കൂരകളും തുരുമ്പിച്ച ബെഞ്ചും ഇതിന്റെ നേര് സാക്ഷ്യമാണ്.
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനെ ആശ്രയിക്കുന്ന 13 ലക്ഷത്തിലേറെ യാത്രക്കാരാണ് വികസനം പ്രതീക്ഷയര്‍പ്പിക്കുന്നത്. നേരത്തെ റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയര്മാന് പി.കെ. കൃഷ്ണദാസ് സന്ദര്‍ശിച്ച വേളയില്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്റ്റേഷന് സന്ദര്‍ശിച്ച സമയത്ത് നല്കിയ വാഗ്ദാനങ്ങള്‍ നടപ്പാകുമോയെന്നും ജനം കാത്തിരിക്കുന്നു. ഇപ്പോള്‍ കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിയും ഇരിങ്ങാലക്കുടയിലുണ്ട്.
പ്രധാന ആവശ്യങ്ങള്‍
- കൂടുതല്‍ വണ്ടികള്‍ക്ക് സ്റ്റോപ്പ്
- പ്ലാറ്റ്ഫോമിന്മേല് കൂര
- മേല്‍ക്കൂരയുള്ള പാര്‍ക്കിംഗ് സ്ഥലം
- റിസര്‍വേഷന്‍ പ്രത്യേക കൗണ്ടറും ജീവനക്കാരും
- ലഘുഭക്ഷണശാല
- രാത്രിയില്‍ സുരക്ഷാ സംവിധാനം
- ഗുഡ്സ് യാര്‍ഡും ഗുഡ്സ് ബുക്കിംഗ് സെന്ററും
അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഇടുങ്ങിയ വിശ്രമമുറി
പ്രധാന നഗരങ്ങളിലേക്കുള്ള മിക്ക ട്രെയിനുകള്‍ക്കും ഈ സ്റ്റേഷനില്‍ സ്റ്റോപ്പില്ല എന്നതിനാല്‍ നാമമാത്രമായ ട്രെയിനുകള്‍ക്കായി മണിക്കൂറുകള്‍ കാത്തിരിക്കേണ്ട ദുര്‍ഗതിയാണു യാത്രക്കാര്‍ക്ക്. ഇവിടെയെത്തുന്ന യാത്രക്കാരുടെ എണ്ണത്തെ അപേക്ഷിച്ച് പ്ലാറ്റ്ഫോമിലെ ഇരിപ്പിടസൗകര്യങ്ങള്‍ കുറവാണെന്നതും പേരിനെങ്കിലും ഒരു വിശ്രമമുറി ഉണ്ടെങ്കിലും അടിസ്ഥാന ആവശ്യങ്ങള്‍ വളരെ കുറവാണ്. ഇടുങ്ങിയ രീതിയിലാണ് ഇവിടത്തെ വിശ്രമമുറി. അടിയന്തര ഘട്ടങ്ങളില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ ഇക്കാര്യങ്ങളില്‍ അഭ്യര്ഥനയേറുകയാണ്.
ഗുഡ്സ് യാര്‍ഡ് നിര്‍ത്തലാക്കിയതോടെ തൊഴില്‍ നഷ്ടമായ തൊഴിലാളികള്‍
ഏറ്റവും വലിയ കാലിത്തീറ്റ ഫാക്ടറിയായ കേരള സോള്‍വന്റ് എക്സ്ട്രാക്ഷന്‍ ലിമിറ്റഡും സര്‍ക്കാര്‍ സംരംഭമായ കേരള ഫീഡ്സും മറ്റു ഒട്ടനവധി വാണിജ്യ സ്ഥാപനങ്ങളും ഫാക്ടറികളും ഇരിങ്ങാലക്കുടയിലുപരിസ പ്രദേശങ്ങളിലും സ്ഥിതിചെയ്യുന്നുണ്ട്. ഇവിടേക്കാവശ്യമായ അസംസ്കൃത വസ്തുക്കള്‍ ഇറക്കുന്നതിനോ ഉല്പന്നങ്ങള് കയറ്റിവിടുന്നതിനോ ആവശ്യമായ സംവിധാനങ്ങള്‍ ഈ റെയില്‍വേ സ്റ്റേഷനില്‍ ഇല്ലാത്തതു ഈ മേഖലയിലെ വ്യവസായിക വളര്‍ച്ചയ്ക്ക് വിഘാതമായി നില്‍ക്കുകയാണ്.
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനില്‍ ഗുഡ്സ് യാര്‍ഡ് ഉണ്ടായിരുന്ന കാലത്ത് ഈ സ്ഥലങ്ങളിലേക്കുള്ള ചരക്കുകളും മറ്റും എളുപ്പത്തില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്ന് ചാലക്കുടി ഗുഡ്സ് യാഡില്‍ ഇറക്കി ലോറി മാര്‍ഗം കൊണ്ടുവരേണ്ട അവസ്ഥയിലാണ്. മാത്രമല്ല, ഈ പ്രദേശത്തെ നൂറിലേറെ തൊഴിലാളികളുടെ തൊഴിലും ഇതോടെ നഷ്ടപ്പെട്ടു. 37 വര്‍ഷം മുമ്പാണ് ഇവിടത്തെ ഗുഡ്സ് യാര്‍ഡ് നിര്‍ത്തലാക്കിയത്. കേരള ഫീഡ്സ് കമ്പനിയിലേക്ക് നേരിട്ട് ചരക്കുകള്‍ ഇറക്കുന്നതിനുള്ള പദ്ധതി ഉണ്ടായിരുന്നുവെങ്കിലും പ്രവര്ത്തികമാക്കുവൈാന് നടപടികള്‍ ഇതു വരെയും സ്വീകരിച്ചിട്ടില്ല.
വരുമാനത്തില്‍ പിറകോട്ട് ഓടി
ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷന്റെ 202324 സാമ്പത്തിക വര്‍ഷത്തെ കണക്കിലാണ് വരുമാനത്തില്‍ കല്ലേറ്റുംകര ആസ്ഥാനമായുള്ള ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് നാലാം സ്ഥാനത്തകക് പി്തള്ളപ്പെട്ടത്. അഞ്ച് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് നഷ്ടപ്പെട്ടതാണ് ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വരുമാനത്തില്‍ കുറവുവരാന്‍ കാരണമെന്ന് യാത്രക്കാര്‍ കുറ്റപ്പെടുത്തി.
ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കാത്തതും റിസര്‍വേഷന്‍ സൗകര്യം ഇല്ലാതാക്കിയതും തിരിച്ചടിയായതായും യാത്രക്കാര്‍ പറഞ്ഞു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചിരുന്ന രണ്ടാമത്തെ റെയില്‍വേ സ്റ്റേഷനായിരുന്നു ഇരിങ്ങാലക്കുട. വണ്ടികള്‍ ഓടിത്തുടങ്ങിയ കാലം മുതല്‍ സ്റ്റോപ്പുണ്ടായിരുന്ന അഞ്ചു ട്രെയിനുകളുടെ സ്റ്റോപ്പുകളാണ് കോവിഡിനെത്തുടര്‍ന്ന് ഒഴിവാക്കിയത്. പിന്നീട് അവയുടെ സ്റ്റോപ്പുകള്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് റെയില്‍വേക്കും എംപി അടക്കമുള്ളവര്‍ക്കും പരാതി നല്‍കിയിരുന്നെങ്കിലും ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല.
അഞ്ച് ട്രെയിനുകള്‍ ഇരുഭാഗത്തേക്കുമായി സഞ്ചരിക്കുമ്പോള്‍ പത്ത് ട്രെയിന്‍ സ്റ്റോപ്പ് നഷ്ടപ്പെട്ടതുപോലെയാണെന്ന് യാത്രക്കാര്‍ പറയുന്നു. ഈ വരുമാനനഷ്ടം തന്നെയാണ് ഇപ്പോള്‍ കണക്കില്‍ കാണുന്നത്. ഏറ്റവും കൂടുതല്‍ ബുക്കിങ്ങ് വരുമാനം ലഭിച്ചിരുന്ന ഈ സ്റ്റേഷനില്‍ റിസര്‍വേഷന്‍ സൗകര്യം പോലും ഇപ്പോഴില്ല.
അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം
ഇരിങ്ങാലക്കുടയേക്കാള്‍ വളരെ താഴ്ന്ന വരുമാനമുള്ള പല സ്റ്റേഷനുകളും അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയപ്പോഴും ഈ സ്റ്റേഷനെ തഴയുകയായിരുന്നു. കടലോരം മുതല്‍ മലയോരം വരെയുള്ള ജനങ്ങളുടെ ആശ്രയമാണ് ഈ സ്റ്റേഷന്. സാമൂഹികനീതി വകുപ്പിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍ (നിപ്മര്‍) സ്ഥിതി ചെയ്യുന്നത് ഒരു കിലോമീറ്റര്‍ ദൂരത്തിലാണ്. വിവിധ ചികിത്സയ്ക്കും പരിശീലനത്തിനുമായി കേരളത്തിനകത്തും പുറത്തുനിന്നുമായി നിപ്മറില്‍ എത്തുന്ന ഭിന്നശേഷി കുട്ടികളും സ്റ്റേഷനെ ആശ്രയിക്കുന്നു.
എന്നാല്‍ ഭിന്നശേഷി സൗകര്യങ്ങള്‍ ഈ സ്റ്റേഷനില്ല. ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി ഒരു കാത്തിരിപ്പു കേന്ദ്രം, ശൗചാലയം, താമസ സൗകര്യങ്ങള്‍ എന്നിവ ഒരുക്കാന്‍ റെയില്‍വേ തയ്യാറാകണം. ഒന്നാംനമ്പര്‍ പ്ലാറ്റ്ഫോമിനോട് ചേര്‍ന്ന് പഴയ ഗെയിറ്റിന്റെ ഭാഗത്ത് ഭക്ഷണശാല, രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ കാന്റീന്, ശൗചാലയം എന്നിവ ഒരുക്കണം. ജില്ലയിലെ രണ്ടാമത്തെ റെയില്‍വേ സ്റ്റേഷനെന്ന പദവി ഇരിങ്ങാലക്കുടയ്ക്ക് നല്‍കണം.