കൂടല്‍മാണിക്യ ക്ഷേത്രത്തിലെ തണ്ടികവരവ് ഭക്തിസാന്ദ്രം
ഇരിങ്ങാലക്കുട: ശംഖനാദം മുഴങ്ങി, വാളും പരിചയുമായി അകമ്പടിക്കാര്‍ നിരന്നു. ആചാരപ്പെരുമയോടെ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പുത്തരി സദ്യയ്ക്കും മുക്കിടിനിവേദ്യത്തിനുമുള്ള തണ്ടിക പോട്ട പ്രവൃത്തികച്ചേരിയില്നിന്നു പുറപ്പെട്ടു. എട്ടര തണ്ട് നേന്ത്രക്കുല, രണ്ടു തണ്ട് കദളിക്കുല, കൂടാതെ ഇടിച്ചക്ക, മാങ്ങ, വഴുതനങ്ങ, പച്ചമുളക്, ഇഞ്ചി തുടങ്ങിയ ഉല്പന്നങ്ങളുമായി വട്ടിയും മുക്കുടി നിവേദ്യത്തിനുള്ള കുട്ടുമരുന്നുകള് അടങ്ങിയ കുട്ടയും ദേവന് ആടാനുള്ള എണ്ണ, കോടിവസ്ത്രം ഓലക്കുടയുമാണു തണ്ടികയായി ക്ഷേത്രത്തിലെത്തിയത്.
ഉച്ചയ്ക്ക് 12ന് മേത്താള്‍ മടപ്പാട്ട് അപ്പുനായരുടെ നേതൃത്വത്തില്‍ വാളും പരിചയും കുത്തുവിളക്കുമായി പരിചാരകര്‍ 22 കിലോമീറ്ററോളം കാല്‍നടയായി ആരംഭിച്ച യാത്രയെ വൈകിട്ട് 5.30ന് ഠാണാവില്‍ ദേവസ്വംവക സ്ഥലത്ത് നാഗസ്വര മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. തുടര്‍ന്നു പള്ളിവേട്ട ആല്ത്തറയില്നിന്നു മറ്റു വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തി. നിരവധി ഭക്തജനങ്ങളാണ് തണ്ടികയെ വരവേല്‍ക്കാന്‍ എത്തിച്ചേര്‍ന്നിരുന്നത്.
തുലാംമാസത്തിലെ തിരുവോണനാളായ ഇന്നാണ് തൃപ്പുത്തരി സദ്യ. ഇന്ന് നടക്കുന്ന പുത്തിരി സദ്യയ്ക്ക് അരി അളന്ന് കൊടുക്കുവാന്‍ അനുവാദമുള്ളതു പോട്ടയിലെ മുല്ലശേരി, പെരുമ്പിള്ളി തറവാട്ടുകാര്‍ക്കാണ്. മൂസ് അരിയളക്കും. ഭക്തന്മാരുടെ വക അരിയിടലും പതിവാണ്. ഉച്ചയ്ക്ക് 11.30നും 1.30നും ഇടയില്‍ തൃപ്പുത്തരി നിവേദ്യത്തിനുള്ള പൂജ നടക്കും. നകരമണ്ണ് ഇല്ലത്തിനാണു പുത്തരിനിവേദ്യത്തിനുള്ള അധികാരം.
നേന്ത്രപ്പഴം, കദളിപ്പഴം, പച്ച കുരുമുളക്, പച്ച പയര്‍, ചക്ക, ഇഞ്ചി, പച്ചമാങ്ങ ഇതെല്ലാം പുത്തരിക്ക് നിവേദിക്കും. തന്ത്രി നകരമണ്ണ് ഇല്ലത്ത് ത്രിവിക്രമന്‍ നമ്പൂതിരി പൂജയ്ക്ക് നേതൃത്വംനല്കും. സാധാരണപൂജയുടെ നിവേദ്യത്തില്നിന്നു വ്യത്യസ്തമായി പ്രത്യേക മന്ത്രംതൊട്ട് ജപിച്ചാണ് പുത്തരിനിവേദ്യം നടത്തുന്നത്. തുടര്‍ന്ന് ക്ഷേത്രം പടിഞ്ഞാറെ ഊട്ടുപുരയില്‍ ഭക്തജനങ്ങള്‍ക്കായി തൃപ്പുത്തരി സദ്യ നടക്കും. നാളെ രാവിലെ ആറിന് മുക്കുടി നിവേദ്യം

എടതിരിഞ്ഞി എച്ച്ഡിപി സമാജം ശിവകുമാരേശ്വര ക്ഷേത്രത്തിലെ തിരുവുത്സവം ഇന്ന്
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രിയോടനുബന്ധിച്ച് നടന്ന പ്രസിദ്ധവും ഭക്തിസാന്ദ്രവുമായ അവിട്ടത്തൂര്‍ മഹാദേവനും കടുപ്പശേരി ഭഗവതിയും ഉപചാരം ചൊല്ലി പിരിയുന്ന ചടങ്ങ്
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ വിഭൂതി തിരുനാള്‍ ആഘോഷിച്ചു
മതം പഠിപ്പിക്കുന്നത് മനുഷ്യ സ്നേഹം, മാനവീക മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച് മുന്നേറണം- ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍
വെങ്ങോട്ടുംപിള്ളി ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് നടത്തിയ മൃദംഗമേള ഭജന്‍സ് ശ്രദ്ധേയമായി
പൂരം കാവടി ആഘോഷം: ടൗണ്‍ പടിഞ്ഞാട്ടു മുറി വിഭാഗം ഒന്നാം സ്ഥാനം നേടി