ഒമ്പതു വയസുകാരിക്കെതിരെ ലൈംഗികാതിക്രമം, പ്രതിക്ക് 26 വര്‍ഷം കഠിനതടവ്
ഇരിങ്ങാലക്കുട: ഒമ്പതു വയസുകാരിക്കെതിരെ ലൈംഗികാതിക്രമം, പ്രതിക്ക് 26 വര്‍ഷം കഠിനതടവ്. പ്രായപൂര്‍ത്തിയാകാത്ത ഒമ്പതു വയസുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ അറുപത്തിയൊന്നുകാരനെ 26 വര്‍ഷം കഠിനതടവിനും 1,50,000 രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജ് വിവീജ സേതുമോഹന് വിധി പ്രസ്താവിച്ചു. 2013 ജൂണ്‍ മാസത്തിനും 2014 ജനുവരി മാസത്തിനും ഇടയിലുള്ള പല ദിവസങ്ങളില്‍ അതിജീവിതയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിക്കുകയും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ച് പുതുക്കാട് പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ പ്രതിയായ ചെങ്ങാലൂര്‍ സ്വദേശി മൂക്കുപറമ്പില്‍ വീട്ടില്‍ ഹരിദാസിനെ (61) ആണ് കോടതി കുറ്റക്കാരനാണെന്ന് കണ്ട് ശിക്ഷ വിധിച്ചത്.
പ്രോസിക്യൂഷന് ഭാഗത്തുനിന്നും 21 സാക്ഷികളെയും 25 രേഖകളും 10 തൊണ്ടി വസ്തുക്കളും തെളിവുകളായി ഹാജരാക്കിയിരുന്നു. പുതുക്കാട് പോലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന എം. രാജീവ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍മാരായിരുന്ന പി.വി. ബേബി, എസ്പി സുധീരന് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും ലെയ്സണ്‍ ഓഫീസറുമായ ടി.ആര്. രജിനി പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചു. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം 20 വര്‍ഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയും പിഴയൊടുക്കാതിരുന്നാല്‍ ഒരു വര്‍ഷം കഠിനതടവിനും കൂടാതെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ആറുവര്‍ഷം കഠിനതടവിനും അമ്പതിനായിരം രൂപ പിഴയും പിഴയൊടുക്കാതിരുന്നാല്‍ ആറുമാസം കഠിനതടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ തൃശൂര്‍ ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. പിഴസംഖ്യ ഈടാക്കിയാല്‍ ആയത് അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നല്കുവാനും ഉത്തരവിലുണ്ട്.