ചലച്ചിത്ര സംസ്കാരം രൂപപ്പെടുത്തിയെടുക്കുവാന് എല്ലാ ക്യാംപസുകളിലും ഫിലിം ക്ലബ്ബുകള് ഉണ്ടാകേണ്ടതുണ്ട് -മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: മലയാള നാടിന്റെ അഭിമാനങ്ങളില് ഒന്നാണ് എല്ലാം വര്ഷവും മികവുറ്റ രീതിയില് സംഘടിക്കപ്പെടുന്ന രാജ്യാന്തര ചലച്ചിത്രമേളയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു. ഡിസംബര് 13 മുതല് 20 വരെ തിരുവനന്തപുരത്ത് നടക്കുന്ന 29 മത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മുന്നോടിയായി നടക്കുന്ന വിളംബര ടൂറിംഗ് ടാക്കീസിന്റെ തൃശൂര് ജില്ലയിലെ ആദ്യ സ്വീകരണത്തിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില് നിര്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ചലച്ചിത്ര സംസ്കാരം രൂപപ്പെടുത്തി എടുക്കുന്നതില് ഫിലിം സൊസൈറ്റികള്ക്കും ചലച്ചിത്രമേളകള്ക്കും നിര്ണ്ണായകമായ പങ്കാണുള്ളതെന്നും എല്ലാ ക്യാംപസുകളിലും സജീവമായ ഫിലിം ക്ലബ്ബുകള് ഉണ്ടാകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഫാ. ജോസ് തെക്കന് സെമിനാര് ഹാളില് നടന്ന സ്വീകരണ ചടങ്ങില് കോളജ് പ്രിന്സിപ്പല് റവ.ഡോ. ജോളി ആന്ഡ്രൂസ് അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയര്പേഴ്സണ് മേരിക്കുട്ടി ജോയ് മുഖ്യാതിഥിയായിരുന്നു കോളജ് മാനേജര് ഫാ. ജോയ് പീണിക്കപ്പറമ്പില്, സംസ്ഥാന ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് മെമ്പര് പ്രകാശ് ശ്രീധര്, അക്കാദമി ജനറല് കൗണ്സില് അംഗം സിബി കെ. തോമസ്, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി രക്ഷാധികാരി പി.കെ. ഭരതന്മാസ്റ്റര്, ഡീന് ഓഫ് ഇന്റര്നാഷണല് അഫേയ്ഴ്സ് ഡോ. കെ.ജെ. വര്ഗീസ്, കൊട്ടക ഫിലിം ക്ലബ് സഹകോഓര്ഡിനേറ്റര് പ്രഫ. ബിബിന് തോമസ് എന്നിവര് സംസാരിച്ചു. തുടര്ന്ന് അപര്ണ്ണ സെന് സംവിധാനം ചെയ്ത ബംഗാളി ചിത്രമായ ദി ജപ്പാനീസ് വൈഫ് പ്രദര്ശിപ്പിച്ചു.