ഉത്തരാഖണ്ഡില്‍ നടക്കുന്ന 38മത് നാഷണല്‍ ഗെയിംസില്‍ പങ്കെടുക്കുന്ന കേരളാ വനിതാ ബാസ്കറ്റ് ബോള്‍ ടീം കോച്ചായി ഇരിങ്ങാലക്കുട സ്വദേശി ജിജോ പോള്‍ നിയമിതനായി
ഇരിങ്ങാലക്കുട: കഴിഞ്ഞ നാഷണല്‍ ഗെയിംസില്‍ ക്രൈസ്റ്റ് കോളജ് മികച്ച സംഭാവന നല്‍കിയത് പോലെത്തന്നെ ഇക്കൊല്ലവും ഒരു ഡസണ്‍ താരങ്ങളും മറ്റൊരു ഡസണ്‍ പൂര്‍വ്വ വിദ്യാര്‍ഥികളും ക്രൈസ്റ്റ് കുടുംബത്തില്‍ നിന്നും കേരളാ ടീമിലേക്ക്. നാഷണല്‍ ഗെയിംസില്‍ പങ്കെടുക്കുന്ന കേരളാ വനിതാ ബാസ്കറ്റ് ബോള്‍ ടീം കോച്ചായി ഇരിങ്ങാലക്കുട സ്വദേശി ജിജോ പോള്‍ നിയമിതനായി. സ്പോര്‍ട്സ് കൗണ്‍സില്‍ പരിശീലകനായ ജിജോ ഇപ്പോള്‍ ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുടയിലെ അക്കാദമിയില്‍ പരിശീലകനാണ്.
കഴിഞ്ഞ നാഷണല്‍ ഗെയിംസില്‍ കേരള വനിതകള്‍ സ്വര്‍ണം നേടിയപ്പോള്‍ ജിജോ പോള്‍ ആയിരുന്നു കോച്ച്. വനിതാ വെയിറ്റ് ലിഫ്റ്റിംഗില്‍ സുഫ്ന ജാസ്മിന്, നൈസ് മോള് തോമസ് എന്നീ വിദ്യാര്‍ഥികളും പൂര്‍വ്വ വിദ്യാര്‍ഥികളില്‍ നിന്നും ബിസ്ന വര്‍ഗീസും ടീമിനൊപ്പം ചേരുന്നു. അത്ലറ്റിക്സില് ആല്‍ബര്‍ട്ട്, റാഹില്‍ സക്കീര്‍, അനശ്വര, റീബ എന്നിവരും പൂര്‍വ്വ വിദ്യാര്‍ഥിയായ അജിത്ത് ജോണും ടീമില്‍ ഇടം പിടിച്ചു. നെറ്റ് ബോള്‍ വനിതാ വിഭാഗത്തില്‍ സ്നേഹ ടീമില്‍ ഉണ്ട്. റഗ്ബി പുരുഷ വിഭാഗത്തില്‍ അഭിനന്ദ് ഷാജിയെ കൂടാതെ പൂര്‍വ്വ വിദ്യാര്‍ഥികളായ മുഹമ്മദ് അനസ്, തോംസണ്‍ സാബു എന്നിവരും ഉണ്ട്.
വോളീബോള്‍ ടീമില്‍ പൂര്‍വ്വ വിദ്യാര്‍ഥി ശ്രീഹരി, ഖോ ഖോയില്‍ പൂര്‍വ്വ വിദ്യാര്‍ഥികളായ അഭിഷേകും സിബിനും ടീമില്‍ ഇടംപിടിച്ചു. നെറ്റ്ബോള്‍ ടീം ക്രൈസ്റ്റ് സ്ക്വാഡ് എന്ന് വേണം പറയാന്‍. വിദ്യാര്‍ഥികളായ ജിഷ്ണു, അമല്‍, ജയകൃഷ്ണന്, ഹര്‍ഷിത്, കെവിന് എന്നിവരും പൂര്‍വ്വ വിദ്യാര്‍ഥികളും കോളജ് പരിശീലകരും ആയിരുന്ന നിതിന്‍, അഭിലാഷ്, ഹംസ, രാഹുല്‍, ജോസ് മോന്, സാം, അഖില്‍ ആന്റണി, അനിരുദ്ധന് എന്നിവരും ടീമില്‍ ഉണ്ട്. ക്രൈസ്റ്റ് കോളജിലെ വിവിധ സ്പോര്‍ട്സ് കൗണ്‍സില്‍ ഹോസ്റ്റലുകളും മാനേജ്മെന്റിന്റെ സഹായവുമാണ് സ്പോര്‍ട്സ് പെര്‍ഫോമന്‍സ് മികച്ചതാക്കാന്‍ സഹായിക്കുന്നത് എന്ന് കോളജ് കായിക വിഭാഗം അഭിപ്രായപ്പെട്ടു.