യുവാവിന്റെ ആത്മഹത്യ; കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍സിലറും കുടുംബാംഗങ്ങളും
ഇരിങ്ങാലക്കുട: തളിയക്കോണം തൈവളപ്പില്‍ വീട്ടില്‍ രാധാകൃഷ്ണന്റെ മകന് ദിനേഷ് (32 ) ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍സിലറും രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും. ചാലക്കുടിയിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ ദിനേഷിന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. ജനുവരി 22 ന് രാത്രി എട്ടരയോടെ അഞ്ചേരി സ്വദേശിനിയായ അഖിലയും ഭര്‍ത്താവും സഹോദരനും വീട്ടില്‍ അതിക്രമിച്ച് കയറുകയും ദിനേഷിനെ അക്രമിക്കുകയും ഫോണ്‍ പിടിച്ച് വാങ്ങിക്കുകയും ചെയ്തതായി ദിനേഷിന്റെ മാതാപിതാക്കളായ രാധാകൃഷ്ണന്, മണി, സഹോദരന് ദനേഷ് എന്നിവര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. പിറ്റേന്ന് രാവിലെയാണ് മുറിയില്‍ മകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ഒന്‍പത് വര്‍ഷമായി അഖിലയും ഭര്‍ത്താവും സഹോദരനും ദിനേഷിനെയും കൂട്ടി വിവിധയിടങ്ങളില്‍ കറങ്ങി നടന്നിട്ടുണ്ട്. വീട്ടില്‍ എത്തിയുള്ള ഇവരെ അക്രമണത്തെ തുടര്‍ന്നുള്ള മനോവിഷമമാണ് മരണകാരണമെന്നും പോലീസ് കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വാര്‍ഡ് കൗണ്‍സിലര്‍ ടി.കെ. ജയാനന്ദന്, ദിനേഷിന്റെ ബന്ധുക്കളായ അനുരാജ്, ദിലീപ് എന്നിവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു. അസ്വാഭാവികമരണത്തിന് കേസ്സ് എടുത്തിട്ടുണ്ടെന്നും മറ്റ് കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും ദിനേഷിന്റെ ആത്മഹത്യക്കുറിപ്പില്‍ ആരെയും കുറ്റപ്പെടുത്തിയിട്ടില്ലെന്നും ഇരിങ്ങാലക്കുട പോലീസ് അറിയിച്ചു.