കരുവന്നൂർ ബാങ്ക്; കേരള കോണ്ഗ്രസ് തുടർ സമരത്തിലേക്ക്: അഡ്വ. തോമസ് ഉണ്ണിയാടൻ

കേരള കോണ്ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരുവന്നൂർ സഹകരണബാങ്കിനു മുന്പിൽ നടന്ന പ്രതിഷേധസംഗമം ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്ക് നിക്ഷേപകരോടു കാട്ടുന്ന ക്രൂരസമീപനം മാറ്റമില്ലാതെ തുടരുകയാണെന്നും ഇതിനെതിരേ കേരള കോണ്ഗ്രസ് രംഗത്തുണ്ടാകുമെന്നും സംസ്ഥാന ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ. വായ്പാതട്ടിപ്പ് നടത്തിയവർ, അവർക്ക് കൂട്ടുനിന്നവർ, അവരെ സംരക്ഷിച്ചവർ, തട്ടിപ്പുതുകയുടെ ഓഹരി കൈപ്പറ്റിയവർ, ഇടനിലക്കാർ കുറ്റാരോപിതരായ ബാങ്ക് ഉദ്യോഗസ്ഥർ എല്ലാവരും ശിക്ഷിക്കപ്പെടണം. വർഷങ്ങളായി കാലാവധി പൂർത്തീകരിച്ചിട്ടും നിക്ഷേപത്തുക തിരികെ കിട്ടാതെ ആത്മഹത്യ ചെയ്യേണ്ടിവരികയും ചികിത്സ കിട്ടാതെ മരിക്കുകയും ചെയ്യുന്ന അവസ്ഥ ഇനി ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരുവന്നൂർ ബാങ്കിനു മുന്പിൽ നടന്ന സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു തോമസ് ഉണ്ണിയാടൻ.
നിയോജകമണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, ഭാരവാഹികളായ സേതുമാധവൻ പറയംവളപ്പിൽ, സിജോയ് തോമസ്, പി.ടി. ജോർജ്, സതീഷ് കാട്ടൂർ, എം.എസ്. ശ്രീധരൻ മുതിരപ്പറന്പിൽ, അഡ്വ. ഷൈനി ജോജോ തുടങ്ങിയവർ പ്രസംഗിച്ചു.