ഉത്സവം പൊടിപൂരം, ആവേശ തിമിര്‍പ്പില്‍ ഇരിങ്ങാലക്കുട, ഇന്ന് വലിയ വിളക്ക്, നാളെ പള്ളിവേട്ട
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നടന്ന ശീവേലി എഴുന്നള്ളിപ്പ്.
ഇരിങ്ങാലക്കുട: ഉത്സവ ലഹരിയിലാണ് നഗരം. കൂടല്‍മാണിക്യ ക്ഷേത്രത്തെ സ്വര്‍ണ്ണ നാളങ്ങളാല്‍ പ്രഭാപൂരിതമാക്കുന്ന വലിയ വിളക്കാഘോഷം ഇന്ന് നടക്കും. ഉത്സവത്തോടനുബന്ധിച്ചുള്ള എട്ടു വിളക്കുകളുടെ സമാപനം കുറിക്കുന്നതാണ് വലിയ വിളക്ക്. ക്ഷേത്രകവാടങ്ങളും ഗോപുര ദ്വാരങ്ങളും ചുറ്റമ്പലവും നാലമ്പലവും കുലീപിനി തീര്ഥക്കരയും കുട്ടംകുളം പരിസരവും മണ്ചെരാതുകളില് എരിയുന്ന ദീപങ്ങളുടെ ആവലിയാല് നിറയും. ആല്‍ത്തറയും വിളക്കുമാടവും ദീപസ്തംഭങ്ങളും വലിയ വിളക്കിന് സ്വാഗതമരുളും. ശ്രീകോവിലിനകത്തെയും വിളക്കുമാടത്തിലെയും മുഴുവന്‍ വിളക്കുകളും ജ്വലിക്കും. കൊടിമരത്തിന് കിഴക്ക് ഒമ്പത് തട്ടുള്ള വലിയ ഭീപസ്തംഭങ്ങളിലും കുലീപിനീ തീര്‍ഥകുളത്തിന്റെ നാലു വശങ്ങളിലും ദീപാലംകൃതമാകും.

ചുറ്റമ്പലത്തിനകത്തു കത്തിച്ചു വച്ച ചിരാതുകള്‍ ക്ഷേത്രത്തിനകം രാത്രിയെ പകലാക്കും. ക്ഷേത്രം മുഴുവന്‍ ദീപാലംകൃതമാകും എന്നതാണ് ഈ ദിവസത്തിന്റെ പ്രത്യേകത. രാത്രി 8.30ന് ഭഗവത് ചൈതന്യമാവാഹിച്ച തിടമ്പ് പുറത്തേക്കെഴുന്നള്ളിച്ച് ശ്രീകോവിലിന് തെക്ക് സപ്തമാതൃക്കള്‍ക്ക് ബലിതൂകി തിടമ്പ് കോലത്തിലേറ്റും. ലക്ഷദീപങ്ങളുടെ പ്രഭയില്‍ ഈ വര്‍ഷത്തെ ഉത്സവത്തിന്റെ അവസാന വിളക്കെഴുന്നള്ളിപ്പിന് സംഗമേശന് പതിനാറ് ആനകളുടെ അകമ്പടിയോടെ കിഴക്കേ നടപ്പുരയില്‍ എഴുന്നള്ളി നില്ക്കും. പഞ്ചാരിയുടെ കാലങ്ങള്‍ രാത്രിയുടെ നിശബ്ദതയെ ഭേദിച്ച് കിഴക്ക്, തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളില്‍ പെരുമ്പറ മുഴക്കമാവും. തുടര്‍ന്ന് അവസാന പ്രദക്ഷിണവും പൂര്‍ത്തിയാക്കി ഭഗവത് ചൈതന്യം ആവാഹിച്ച തിടമ്പ് ക്ഷേത്രത്തിനകത്തേക്ക് എഴുന്നള്ളിക്കും.

തുടര്‍ന്ന് കോലം പുറത്തേക്കെഴുന്നള്ളിച്ച് ഗജവീരന്റെ പുറത്തേറ്റി രണ്ട് ഗജവീരന്മാരുടെ കൂടി അകമ്പടിയോടെ നാല് പ്രദക്ഷിണം പൂര്‍ത്തിയാക്കും. അഞ്ചാമത്തെ പ്രദക്ഷിണത്തില്‍ കൂത്തമ്പലത്തിന് തെക്ക് പടിഞ്ഞാറ് ഭാഗത്ത് വിളക്കാചാരം നടക്കും. ആറാമത്തെ പ്രദക്ഷിണം 17 ഗജവീരന്മാരോടൊപ്പമുള്ള ഭഗവാന്റെ എഴുന്നള്ളിപ്പായിരിക്കും. ഏഴാമത്തെ പ്രദക്ഷിണം ഇടയ്ക്കാ പ്രദക്ഷിണവും എട്ട്, ഒമ്പത് പ്രദക്ഷിണങ്ങള്‍ നാദസ്വരത്തോടെയുമായിരിക്കും. തുടര്‍ന്ന് അകത്തേക്ക് എഴുന്നള്ളിപ്പ്. 250 ഓളം കലാകാരന്മാര് പങ്കെടുക്കുന്ന വലിയ വിളക്കിലെ പഞ്ചാരിമേളത്തിന് പത്മശ്രീ പെരുവനം കുട്ടന്മാരാര് പ്രമാണം വഹിക്കും. കൂടല്‍മാണിക്യം ക്ഷേത്രവായി ബന്ധപ്പെട്ട രാമായണ കഥാ സന്ദര്‍ഭം ആട്ടക്കഥയാക്കിയ ശ്രീരാമപട്ടാഭിഷേകം കഥകളി ഇന്ന് നടക്കും. ഈ കഥകളി കാണാനും നേദ്യം സ്വീകരിക്കുവാനും ആയിരകണക്കിനു ഭക്തജനങ്ങളാണ് ക്ഷേത്രത്തിലെത്തിച്ചേരുക.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഭഗവാന് അകമ്പടി സേവിക്കുവാന്‍ ആറുനാട്ടില് പ്രഭുക്കന്മാരും തട്ടകത്തെ കളരിയാശാനും
എന്‍എസ്എസ് യൂണിയന്, യൂത്ത് കോണ്‍ഗ്രസ് സംഘടനകള്‍ സംഭാര വിതരണം ആരംഭിച്ചു
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് റോഡില്‍ കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് പോസ്റ്റ് ഒടിഞ്ഞു
ശീവേലിക്കും എഴുന്നള്ളിപ്പിനും കോലമേന്താന് 17 ഗജവീരന്മാര്
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തിലെ നവീകരണ കലശത്തിന്റെ ഭാഗമായി നടന്ന ഉത്സവത്തിന്റെ ആറാട്ട്
മോഹിനിയാട്ടത്തില്‍ ശ്രീപാര്‍വ്വതി ദേവിയെ സ്തുതിച്ചു കലാമണ്ഡലം പ്രഷീജ അവതരിപ്പിച്ച മോഹിനിയാട്ടം പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കി