ഭഗവാന് അകമ്പടി സേവിക്കുവാന്‍ ആറുനാട്ടില് പ്രഭുക്കന്മാരും തട്ടകത്തെ കളരിയാശാനും
കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ഭഗവാനു അകമ്പടി സേവിക്കുന്ന പാരമ്പര്യ അവകാശികള്‍.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തില്‍ ഭഗവാന് അകമ്പടി സേവിക്കുവാന്‍ ആറുനാട്ടില് പ്രഭുക്കന്മാരും തട്ടകത്തെ കളരിയാശാനും. കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തിന് ഭഗവാന് പുറത്തേക്കെഴുന്നള്ളുമ്പോള്‍ വാളും പരിചയും തലയില്‍ ചുവന്ന തലക്കെട്ടുമായി ആറുനാട്ടില് പ്രഭുക്കന്മാര് വലിയ ബലിക്കല്ലിനകത്ത് കാത്തുനില്‍ക്കുകയാണ് പതിവ്. ഇരിങ്ങാലക്കുട പണിക്കര്‍ വീട്ടില്‍ നിന്നുള്ള കളരിയാശാന്റെ സാന്നിധ്യം ഈ ചടങ്ങിന് പ്രത്യേകത നല്കുന്നു. രാജഭരണകാലത്ത് പോലീസെന്ന സംവിധാനമില്ലാത്ത സമയത്ത് ക്ഷേത്രോത്സവങ്ങളില്‍ ഉപയോഗിച്ചിരുന്ന വിലമതിക്കാനാകാത്ത നെറ്റിപ്പട്ടം, ആനച്ചമയം, കോലം തുടങ്ങിയവയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഈ അകമ്പടി സേവനം നിര്‍ണായകമായിരുന്നു.
ആചാരപരമായ രീതിയില്‍ സുരക്ഷ ഉറപ്പാക്കുന്ന ഈ സംവിധാനം ഇന്നും അതേ ഭാവത്തില്‍ തുടരുന്നത് ശ്രദ്ധേയമാണ്. ഭഗവാന് പുറത്തേക്കെഴുന്നള്ളുന്നതിനു മുമ്പ് ക്ഷേത്രം പാട്ടമാളി പുറത്തേക്ക് കടന്നുചെന്ന് ഭഗവാന് അകമ്പടി സേവിക്കുവാന്‍ ആറുനാട്ടില് പ്രഭുക്കന്മാരും കളരിയാശാനും തയാറുണ്ടോ എന്ന് മൂന്നു പ്രാവശ്യം ഉച്ചത്തില്‍ വിളിച്ചു ചോദിക്കും. ക്ഷേത്രം പാട്ടമാളി ഇതു പറഞ്ഞുകഴിഞ്ഞാല്‍ തയാറുണ്ട് എന്ന് മറുപടി പറഞ്ഞുകൊണ്ട് ആറുനാട്ടില് പ്രഭുക്കന്മാരുടെ പ്രതിനിധികളും കളരിയാശാനും തങ്ങളുടെ കയ്യിലിരിക്കുന്ന വാളും പരിചയും പൊതുജനമധ്യത്തില്‍ ഉയര്‍ത്തിക്കാണിക്കും. ശീവേലി കഴിഞ്ഞ് ഭഗവാനെ തിരികെ ക്ഷേത്രത്തിനകത്തേക്ക് എഴുന്നള്ളിക്കുന്നതുവരെ അകമ്പടി സേവനം തുടരും. ഈ ആചാരം, ആധ്യാത്മികതയും സാമൂഹിക ഉത്തരവാദിത്വവും ഒരുമിച്ച് ചേര്‍ന്ന ഒരു പാരമ്പര്യത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു.
ഈ സേവനം നിര്‍വഹിച്ചിരുന്ന ആറുനാട്ടില് പ്രഭുക്കന്മാര്ക്ക് ഈ അവകാശം നല്‍കിയിരുന്നത് കൊച്ചി മഹാരാജാവ് ആയിരുന്നു. ചന്ദ്രന് കോതകര്ത്ത, ചന്ദ്രന് കണ്ട, പറപ്പൂക്കര കര്‍ത്ത, വേളൂസ് നമ്പ്യാര്‍, തിരുമുല്‍പ്പാട്, വെള്ളിക്കുളങ്ങര വാര്യര്‍ എന്നിവരാണ് ഈ പാരമ്പര്യത്തിന്റെ വാഹകര്‍. എന്നാല്‍ കാലക്രമത്തില്‍ ചില കുടുംബങ്ങള്‍ അന്യം നിന്നതോടെ അവരുടെ പ്രതിനിധികള്‍ ഇന്ന് ഈ ചടങ്ങില്‍ പങ്കെടുക്കാത്ത അവസ്ഥയും രൂപപ്പെട്ടു. എങ്കിലും അകമ്പടി സേവനം എന്ന ആശയം ഇന്നും ഉത്സവത്തിന്റെ അവിഭാജ്യ ഘടകമായി തുടരുന്നു. സുരക്ഷയുടെ പ്രതീകമായും പാരമ്പര്യത്തിനറെ സ്മരണയായും ഈ ചടങ്ങ് തുടരുന്നത് ശ്രദ്ധേയമാണ്. ആധുനിക കാലത്ത് സംവിധാനങ്ങള്‍ മാറിയിട്ടുണ്ടെങ്കിലും കൂടല്‍മാണിക്യം ഉത്സവത്തിലെ അകമ്പടി സേവനം പാരമ്പര്യവും ഉത്തരവാദിത്വവും കൈമാറുന്ന ഒരു സാംസ്കാരിക ചിഹ്നമായി ഇന്നും നിലകൊള്ളുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് തുറന്നുനല്‍കാന്‍ സാധ്യമായത് ദൈവനിയോഗം – അഡ്വ. തോമസ് ഉണ്ണിയാടന്
എന്‍എസ്എസ് യൂണിയന്, യൂത്ത് കോണ്‍ഗ്രസ് സംഘടനകള്‍ സംഭാര വിതരണം ആരംഭിച്ചു
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് റോഡില്‍ കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് പോസ്റ്റ് ഒടിഞ്ഞു
ശീവേലിക്കും എഴുന്നള്ളിപ്പിനും കോലമേന്താന് 17 ഗജവീരന്മാര്
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തിലെ നവീകരണ കലശത്തിന്റെ ഭാഗമായി നടന്ന ഉത്സവത്തിന്റെ ആറാട്ട്
ഉത്സവം പൊടിപൂരം, ആവേശ തിമിര്‍പ്പില്‍ ഇരിങ്ങാലക്കുട, ഇന്ന് വലിയ വിളക്ക്, നാളെ പള്ളിവേട്ട