നൃത്തച്ചുവടുകളുമായി പുലിക്കൂട്ടം, ആരവം മുഴക്കി പുരുഷാരം
ഫോട്ടോ ക്യാപ്ഷന്‍: പുലിയിറങ്ങിയ നഗരം...ഇരിങ്ങാലക്കുട നഗരവീഥിയില്‍ അരങ്ങേറിയ പുലിക്കളിയില്‍ നൃത്തച്ചുവടുകളുമായി മുന്നേറുന്ന പുലികള്‍.

നഗരവീഥികളെ ആവേശത്തിലാഴ്ത്തി 200 ലേറെ പുലികള്‍; പുലിമേളവും കാവടിയും വീരനാട്യവും തീര്‍ത്ത വര്‍ണവിസ്മയം
ഇരിങ്ങാലക്കുട: ചെണ്ടമേളത്തിന്റെ താളത്തിനൊത്ത് ചുവടുവെച്ച് പുലികള്‍; ഓരോ ചുവടിനും ആവേശത്തോടെ കൈയടിച്ച് പുരുഷാരം. രൗദ്രഭാവം നിറഞ്ഞ പുലിമുഖങ്ങളും കുടവയറുകളും ആടിയുലഞ്ഞപ്പോള്‍ ഇരിങ്ങാലക്കുട നഗരവീഥികള്‍ ആവേശത്തിന്റെ വേദിയായി. 200 ലേറെ പുലികള്‍ അണിനിരന്ന പുലിക്കളി ഘോഷയാത്ര നഗരത്തിന് പകര്‍ന്നത് കാഴ്ചയുടെ വിസ്മയവും ആഘോഷത്തിന്റെ തിമിര്‍പ്പും. കരിമ്പുലിയും വരയന്‍പുലിയും പുള്ളിപ്പുലിയുമെല്ലാം രൗദ്രതാളത്തിനൊത്ത് ചുവടുവെച്ചപ്പോള്‍ റോഡിനിരുവശവും തിങ്ങിനിറഞ്ഞ ജനക്കൂട്ടം ആര്‍പ്പുവിളികളോടെ അവരെ വരവേറ്റു.
പുലികളുടെ ചുവടുകള്‍ക്കൊപ്പം ഉയര്‍ന്ന പുലിമേളത്തിന്റെയും ശിങ്കാരിമേളത്തിന്റെയും താളം നഗരത്തിന്റെ ആഘോഷച്ചൂട് ഇരട്ടിയാക്കി. ലെജന്‍ഡ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പുലിക്കളി ഘോഷയാത്ര അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ, നഗരസഭ ചെയര്മാന് എം.പി. ജാക്സണ്, ജൂനിയര്‍ ഇന്നസെന്റ് എന്നിവര്‍ ചേര്‍ന്ന് ഫ്ലാഗ് ഓഫ് ചെയ്തു. പുലിക്കൂട്ടത്തിനൊപ്പം കാവടി, തംബോലം, വീരനാട്യം, ഉലക്കമേല്നൃത്തം തുടങ്ങിയ കലാരൂപങ്ങളും അണിനിരന്നതോടെ ഘോഷയാത്ര വര്‍ണാഭമായി.
500 ലേറെ കലാകാരന്മാര് പങ്കെടുത്ത ഘോഷയാത്ര നഗരത്തിലെ പ്രധാന വീഥികളിലൂടെ കടന്നുപോയപ്പോള്‍ കാണികളുടെ കൈയടിയും ആര്‍പ്പുവിളിയും അന്തരീക്ഷം മുഖരിതമാക്കി. കുട്ടികളും യുവാക്കളും പുലികള്‍ക്കൊപ്പം ആഘോഷത്തില്‍ സജീവമായി. മൊബൈല്‍ ഫോണുകളില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയും സെല്‍ഫിയെടുത്തും അവര്‍ ആഘോഷത്തിന്റെ ഭാഗമായപ്പോള്‍ നഗരവീഥികള്‍ ഒരു വലിയ ഉത്സവവേദിയായി മാറി. രാത്രി ഏഴോടെ നഗരസഭ മൈതാനിയില്‍ ഘോഷയാത്ര സമാപിച്ചു.
തുടര്‍ന്ന് നടന്ന സമാപനച്ചടങ്ങില്‍ ലെജന്‍ഡ്സ് ഓഫ് ഇരിങ്ങാലക്കുട പ്രസിഡന്റ് ലിയോ താണിശേരിക്കാരന് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഷാജന് ചക്കാലക്കല്‍ സ്വാഗതവും കണ്‍വീനര്‍ സൈഗണ്‍ തയ്യില്‍ നന്ദിയും പറഞ്ഞു. സെക്രട്ടറി ലൈജു വര്‍ഗീസ്, ബിബിന്‍ രവി, കെ.എച്ച്. മയൂഫ്, എം.വി. സെന്റില്‍, എം.എസ്. ഷിബിന്‍, നിധീഷ് കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്കി.

ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
എടതിരിഞ്ഞി ഡിവിഷന് ഉപതെരഞ്ഞെടുപ്പിലേക്കുള്ള മുന്നണി സ്ഥാനാര്‍ഥികളായി, വോട്ടെടുപ്പ് 28ന്
കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തില്‍ ഇരിങ്ങാലക്കുടയ്ക്ക് തിളക്കമാര്‍ന്ന രണ്ടാം സ്ഥാനം
ഠാണാവിലെ സബ് ജയില്‍ ഭൂമി പോലീസിന് ഉപയോഗാനുമതി നല്കി
മൂന്നു മാസം, ഡിഇഒയില്ല! നാഥനില്ലാതെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല