രാത്രികാലങ്ങളില്‍ നാല്‍ക്കാലികളെ മോഷ്ടിച്ച് വില്‍ക്കുന്ന സംഘം അറസ്റ്റില്‍
ഇരിങ്ങാലക്കുട: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും രാത്രികാലങ്ങളില്‍ നാല്‍ക്കാലികളെ മോഷ്ടിച്ച് വില്‍ക്കുന്ന സംഘം അറസ്റ്റില്‍. വെള്ളാങ്ങല്ലൂര്‍ താമസിക്കുന്ന വൈപ്പിന്‍ സ്വദേശി മങ്ങാട്ടു പറമ്പില്‍ കുക്കു എന്ന് വിളിക്കുന്ന ബിബിന്‍ (33), അഴീക്കോട് പേബസാര്‍ സ്വദേശി പുത്തന്‍ചിറ വീട്ടില്‍ സലാം (37), വൈപ്പിന്‍ വളപ്പ് മാലിപ്പുറം ബീച്ച് സ്വദേശികളായ ആലത്തറ വീട്ടില്‍ ജപ്പാന് കുഞ്ഞ് എന്ന് വിളിക്കുന്ന ജോബി (39), നിരത്തിത്തറ വീട്ടില്‍ ചാക്കോച്ചി എന്ന് വിളിക്കുന്ന ഷിബു (44), മാട്ടുമ്മല്‍ വീട്ടില്‍ ചുമ്മാര്‍ എന്ന് വിളിക്കുന്ന സുബൈര്‍ (44) എന്നിവരാണ് പിടിയിലായത്. പകല്‍ സമയങ്ങളില്‍ കറങ്ങി നടന്ന് എളുപ്പത്തില്‍ വണ്ടിയില്‍ കയറ്റി കൊണ്ടുപോകാന്‍ കഴിയുന്ന പോത്തുകളെയും എരുമകളെയും കണ്ടെത്തിയ ശേഷം രാത്രി വാഹനവുമായി വന്ന് ഉരുക്കളെ കടത്തി കൊണ്ടു പോകുന്നതാണ് ഇവരുടെ പതിവ് രീതി. അഞ്ചു പേരും ചേര്‍ന്ന് ഉരുക്കളെ പൊക്കി വണ്ടിയിലിട്ട് ഷീറ്റിട്ട് മൂടിയാണ് ഇവര്‍ കൊണ്ടു പോകുന്നത്. ക്യാമറയില്‍ പതിയാതിരിക്കാന്‍ ഇവര്‍ അതി വേഗതയിലാണ് വാഹനം ഓടിക്കാറ്. പോത്ത് അഴിഞ്ഞു പോയതാണെന്നു കരുതി ഉടമസ്ഥര്‍ പലരും പരാതി നല്‍കാത്തത് ഇവര്‍ക്ക് ഗുണകരമായിരുന്നു. കരൂപ്പടന്നയില്‍ നിന്നും രണ്ടു എരുമകളെ ഒന്നിച്ച് മോഷ്ടിച്ചതാണ് സംശയത്തിനിടയാക്കി ഉടമസ്ഥര്‍ പരാതി നല്കാന് കാരണമായത്. പ്രതികളെ ചോദ്യം ചെയ്തതില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും മോഷ്ടിച്ചതായി അറിയാന്‍ കഴിഞ്ഞു. ഇവര്‍ മോഷണത്തിനായി ഉപയോഗിച്ച വാഹനവും കണ്ടെടുത്തു. ഇരിങ്ങാലക്കുട ഡി.വൈ.എസ്സ്. പി ടിആര്‍ രാജേഷിന്റെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട പോലീസ് ഇന്‍സ്പെക്ടര്‍ അനീഷ് കരീമും സംഘവുമാണ് പിടികൂടിയത്.