ഓട്ടിസം ബോധവത്കരണ പരിപാടി കല്ലേറ്റുംകര നിപ്മറില്‍ തുടങ്ങി

ഇരിങ്ങാലക്കുട: കല്ലേറ്റുംകര നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍ (നിപ്മര്‍) സെന്ററില്‍ ഓട്ടിസം ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്പെക്ട്രം 2021 പരിപാടി തുടങ്ങി. ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ഡോ. മോഹനന് കുന്നുമ്മല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഓട്ടിസം എന്ന അവസ്ഥ വിഭിന്നങ്ങളായ ശാരീരിക മാനസിക ശേഷികളുടെ സ്പെക്ട്രമായാണു ശാസ്ത്രം ഇന്നു കാണുന്നതെന്നു പ്രഫ. ഡോ. മോഹനന് കുന്നുമ്മല്‍ പറഞ്ഞു. ഓട്ടിസം കുട്ടികളില്‍ കൂടുകയല്ല മറിച്ച് വിഭിന്നങ്ങളായ അവസ്ഥ കണ്ടെത്തുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. നിപ്മര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. ബി. മുഹമ്മദ് അഷീല്‍ അധ്യക്ഷത വഹിച്ചു. അമല മെഡിക്കല്‍ കോളജ് പീഡിയാട്രിക് പ്രഫ. പാര്‍വതി മോഹനന്, നിപ്മര്‍ ജോയിന്റ് ഡയറക്ടര്‍ സി. ചന്ദ്രബാബു, ഡോ. മായ ബോസ് വിനോദ്, ഡോ. വിജയലക്ഷ്മി അമ്മ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഒക്യുപേഷണല്‍ തെറാപ്പി കോഴ്സ് വിദ്യാര്‍ഥികളുടെ ഓട്ടിസം ബോധവത്കരണ നാടകവും സ്പെഷല്‍ എഡ്യുക്കേഷന്‍ വിദ്യാര്‍ഥികള്‍ ഫ്ളാഷ് മോബും നടത്തി.
ഓട്ടിസം സൗഹൃദ സ്നാക്ക്സ് കുക്കറി ഷോ ശ്രദ്ധേയമായി
ഇരിങ്ങാലക്കുട: കല്ലേറ്റുംകര നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ നടക്കുന്ന ഓട്ടിസം ബോധവത്കരണ വേദിയിലെ കുക്കറി ഷോ ശ്രദ്ധേയമായി. ഓട്ടിസം ബാധിച്ച കുട്ടികളും അമ്മമാരും സംഘടിപ്പിച്ച കുക്കറി ഷോയില്‍ ഓട്ടിസം സൗഹൃദ ലഘു ഭക്ഷണങ്ങളാണു പരിചയപ്പെടുത്തിയത്. ഓട്ടിസം ബാധിച്ച കുട്ടികളില്‍ അസഹ്യമാകാത്തതും ഇവരുടെ ദൈനംദിന ജീവിതത്തിനു അനുഗുണമാകുന്നതുമായ ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിച്ചുള്ളതായിരുന്നു ലഘുഭക്ഷണങ്ങളെല്ലാം. വിജയികളെ ഇന്നു പ്രഖ്യാപിക്കും. തുടര്‍ന്ന് വെബിനാറുകള്‍, ഭിന്നശേഷി രംഗത്ത് എന്‍ഐപിഎംആറില്‍ നല്കി വരുന്ന ചികിത്സാ സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രദര്‍ശനം, ഭിന്നശേഷിക്കാര്‍ക്കായുള്ള വിവിധ മത്സരങ്ങള്‍ എന്നിവ ബോധവത്കരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.