ഇരിങ്ങാലക്കുടയില്‍ പുലിയെ കണ്ടതായി അഭ്യൂഹം: ജനങ്ങള്‍ പരിഭ്രാന്തിയില്‍
ഇരിങ്ങാലക്കുട: പുലിയെ കണ്ടതായി സമൂഹമാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ പ്രചരിച്ചതോടെ ജനങ്ങള്‍ പരിഭ്രാന്തിയില്‍. ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതന്റെ ഗ്രൗണ്ടിലാണു കഴിഞ്ഞ രണ്ടു ദിവസമായി പുലിയുടെ സാന്നിധ്യമുള്ളതായി പ്രചരിച്ചത്. പുലിയുടേതിനു സാമ്യമുള്ള കാല്പാടുകള് കണ്ടെത്തിയിരുന്നു. സ്കൂളിലെ സെക്യൂരിറ്റിയും കരാര്‍ നിര്‍മാണ തൊഴിലാളികളും പുലിയെ കണ്ടതായി പറയപ്പെടുന്നുണ്ട്. വെള്ളിയാഴ്ച രാത്രിയില്‍ നേപ്പാള്‍ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരന് രാജു രാത്രി 10 മണിയോടെ ഗേറ്റ് അടക്കുവാന്‍ പോകുമ്പോഴാണ് ആദ്യം പുലിയെ കണ്ടത്. ശനിയാഴ്ച ഇതേ സമയത്ത് ഇതേ സ്ഥലത്തുവെച്ചു വീണ്ടും രാജു പുലിയെ കണ്ടതോടെ നിര്‍മാണ തൊഴിലാളികളായ നാഗര്‍കോവില്‍ സ്വദേശികളായ പ്രസാദ്, നിധന്‍, കമല്‍ എന്നിവരെ അറിയിക്കുകയായിരുന്നു. മുറിയുടെ മേല്‍ക്കൂരയില്‍ നിന്നും ചാടി മതിലിലൂടെ നടന്നു കുറ്റിക്കാട്ടിലേക്കു പുലി പോവുകയായിരുന്നുവെന്നാണു കണ്ടവര്‍ പറയുന്നത്. സ്കൂളധികൃതരുടെ പരാതിയെ തുടര്‍ന്നു പോലീസും വനംവകുപ്പും സ്ഥലത്തെത്തി അന്വേഷണം നടത്തി. ഒരു മാസം മുമ്പ് ആസാദ് റോഡില്‍ വല്ലച്ചിറക്കാരന്‍ മൈക്കിളിന്റെ വീട്ടുപറമ്പിലും പുലിയുടേതെന്നു തോന്നിപ്പിക്കുന്ന കാല്പാദം കണ്ടിരുന്നു.
കാട്ടുപൂച്ചയുടേതോ പുള്ളിപുലിയുടേതോ ആണ് ഈ കാല്പാടുകളെന്ന് അന്നു സൂചന നല്‍കിയിരുന്നു. പിന്നീട് ഒരു മാസത്തിനു ശേഷമാണ് ഇപ്പോള്‍ പുലിയുടെ സാന്നിധ്യം കണ്ടതായി പറയുന്നത്. തെരുവുനായ്ക്കള്‍ ഈ മേഖലയില്‍ കുറഞ്ഞതും തെരുവുനായ്ക്കളുടെ ഉടല് മാത്രം ഭക്ഷിച്ച രീതിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കാണപ്പെട്ടതും ഏറെ സംശയങ്ങള്‍ക്ക് ഇടവരുത്തുകയായിരുന്നു. വെള്ളിക്കുളങ്ങര ഫോറസ്റ്റ് ഡിവിഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ.കെ. പ്രഭാകരന്, ബീറ്റ് ഓഫീസര്‍ കെ.വി. ഗിരീഷ്, ഫോറസ്റ്റ് ഡ്രൈവര്‍ ടി.കെ. അഭിലാഷ്, ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.പി. സുധീരന്, എസ്ഐ വി. ജിഷില്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി. വരും ദിവസങ്ങളില്‍ ഫോറസ്റ്റ് സംഘം രാത്രികാല പെട്രോളിംഗ് നടത്തും. ഇനിയും ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ പുലിയെ പിടിക്കുന്നതിനുള്ള കൂടുവക്കുവാന് ധാരണയായി. ഗ്രൗണ്ടിനു സമീപം സിസിടിവി കാമറകള്‍ സ്ഥാപിക്കുന്നുണ്ട്.
പരിഭ്രാന്തി വേണ്ട, കണ്ടത് പുലിയല്ല – ഫോറസ്റ്റ് അധികൃതര്‍.
ഇരിങ്ങാലക്കുട: അന്വേഷണത്തില്‍ കാല്പാടുകള് പുലിയുടേതല്ലെന്നും വലിയ ഇനം നായ്ക്കളുടേതാകാന് സാധ്യതയെന്നു വനപാലകര്‍. ഗ്രൗണ്ടിനു സമീപത്തെ ചെളിയില്‍ പുലിയുടെ കാല്പാട് എന്നു സംശയിക്കുന്ന ചിത്രങ്ങള്‍ വനപാലകര്‍ പരിശോധിച്ചു.
പുലിയുടെ കാല്പാദങ്ങളെക്കാള് വലുപ്പം ഉള്ളവയാണ് ഇവയെന്നും അതിനാല്‍ തന്നെ പുലിയുടെ ആകാന്‍ സാധ്യതയില്ലെന്നും പാലപ്പിള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പ്രേം ഷമീര്‍ പറഞ്ഞു. വെള്ളാനിക്കരയിലെ കോളജ് ഓഫ് ഫോറസ്റ്ററിയില്‍ ഇവിടെ നിന്നു ലഭിച്ച ചിത്രങ്ങള്‍ പരിശോധിച്ചതിനു ശേഷം ലഭിച്ച ഔദ്യോഗിക മറുപടിയിലും ഈ നിഗമനങ്ങള്‍ ശരിവെക്കുന്നുണ്ട്. ഇത്തരം കാല്പാദങ്ങള് വലിപ്പമേറിയ വളര്‍ത്തു നായ്ക്കളുടെയാകാനാണു സാധ്യതയെന്നു പരിശോധനയ്ക്കു ശേഷം ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. കാല്പാദങ്ങള് പതിഞ്ഞ പ്രദേശത്തു കുട്ടികള്‍ അതിനുശേഷം കളിച്ചതിനാല്‍ ഉദ്യോഗസ്ഥര്‍ക്കു നേരിട്ടു കാല്പാദങ്ങള് പരിശോധിക്കാനായില്ല. സമീപത്തു വനപ്രദേശം ഇല്ലാത്തതിനാല്‍ ഇരിങ്ങാലക്കുട മേഖലയില്‍ പുലിയിറങ്ങാന്‍ സാധ്യത വിരളമാണെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.