വിജയതുടര്‍ച്ച ഉറപ്പിച്ചു കോണ്‍ഗ്രസ്, വിജയം പ്രതീക്ഷിച്ച് എല്‍ഡിഎഫ്, കരുത്തു തെളിയിക്കാന്‍ ബിജെപിയും
വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടികാട്ടി കോണ്‍ഗ്രസ്
കള്ളുഷാപ്പും വെള്ളക്കെട്ടും ചൂണ്ടികാട്ടി എല്‍ഡിഎഫ്
കള്ളുഷാപ്പും അറവു ശാലയും ചൂണ്ടികാട്ടി ബിജെപിയും
ഇരിങ്ങാലക്കുട: മുന്‍ കൗണ്‍സിലറുടെ ഫാക്ടറില്‍ വിജയം ഉറപ്പിച്ച് യുഡിഎഫ്. സ്ഥാനാര്‍ഥി മികവും കൃത്യമായ പ്രവര്‍ത്തനങ്ങളും അട്ടിമറി വിജയം തരുമെന്ന പ്രതീക്ഷയില്‍ എല്‍ഡിഎഫ്. വാര്‍ഡില്‍ കരുത്തു തെളിയിക്കാന്‍ ബിജെപിയും. വാര്‍ഡ് 18 (ചാലാംപാടം) ലേക്കു നാളെ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മുന്നണികള്‍ അവതരിപ്പിക്കുന്ന ചിത്രമിങ്ങനെ. കോവിഡ് ബാധിച്ചു ഭരണകക്ഷി കൗണ്‍സിലര്‍ ജോസ് ചാക്കോള മെയ് എട്ടിനു മരണമടഞ്ഞതാണു ചാലാംപാടം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പിന് ഇടയാക്കിയത്. 2020 ലെ തെരഞ്ഞെടുപ്പില്‍ നഗരസഭയില്‍ യുഡിഎഫിനു 17 ഉം എല്‍ഡിഎഫിനു 16 ഉം ബിജെപിക്ക് എട്ടും സീറ്റാണു ലഭിച്ചത്.
തെരഞ്ഞെടുപ്പു ഫലം നഗരസഭയില്‍ യുഡിഎഫ്-എല്‍ഡിഎഫ് കക്ഷിനിലയില്‍ നിര്‍ണായക മാറ്റമുണ്ടാക്കുമെന്നതാണ് ഈ ഉപതെരഞ്ഞെടുപ്പിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. ഒരംഗത്തിന്റെ ഭൂരിപക്ഷത്തില്‍ ഭരണം കയ്യാളുന്ന യുഡിഎഫിനു വിജയം അനിവാര്യമാണ്. വിജയം നിലനിറുത്താന്‍ ജോസ് ചാക്കോളയുടെ ഭാര്യയെ തന്നെയാണു യുഡിഎഫ് കളത്തില്‍ ഇറക്കിയത്. 2020 ല്‍ 602 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു ജോസ് ചാക്കോള ചാലാംപാടം വാര്‍ഡില്‍ നിന്നു നഗരസഭ ഭരണസമിതിയില്‍ സ്ഥാനം പിടിച്ചത്. ജോസ് ചാക്കോള തുടങ്ങി വെച്ച വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള അവസരമാണു സ്ഥാനാര്‍ത്ഥി വോട്ടര്‍മാരോടു ചോദിക്കുന്നത്. ഭര്‍ത്താവിന്റെ ജനകീയ ശൈലി തുടരുമെന്ന ഉറപ്പും സ്ഥാനാര്‍ഥി നല്‍കുന്നുണ്ട്. വിജയം ഉറപ്പിക്കാന്‍ യുഡിഎഫ് നേതാക്കളുടെയും നഗരസഭ ചെയര്പേഴ്സന് സോണിയഗിരിയുടെയും നേതൃത്വത്തില്‍ കുടുംബയോഗങ്ങള്‍ അടക്കമുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ യുഡിഎഫ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. പഠനകാലത്തു തന്നെ പാര്‍ലമെന്ററി രംഗത്തു സാന്നിധ്യം തെളിയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഖിന്‍രാജ് ആന്റണി ഔദ്യോഗിക പ്രഖ്യാപനത്തിനു മുമ്പേ വാര്‍ഡില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. 2020 ലും അഖിന്‍രാജ് തന്നെയാണു വാര്‍ഡില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്.
മന്ത്രിമാരായ റോഷി അഗസ്റ്റിന്, ഡോ. ആര്. ബിന്ദു, എല്‍ഡിഎഫ് നേതാക്കള്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കു നേത്യത്വം നല്കാന് വാര്‍ഡില്‍ ഉണ്ടായിരുന്നു. ചാലാം പാടത്തെ വെള്ളക്കെട്ടും പ്രദേശവാസികളുടെ താത്പര്യങ്ങള്‍ക്ക് എതിരായി വാര്‍ഡില്‍ കള്ളുഷാപ്പു പ്രവര്‍ത്തനം തുടങ്ങിയതുമെല്ലാം എല്‍ഡിഎഫ് പ്രചരണ വിഷയങ്ങളാക്കിയിരുന്നു. ഓരോ തെരഞ്ഞെടുപ്പു കഴിയുമ്പോഴും ഭരണസമിതിയിലേക്കു കൂടുതല്‍ അംഗങ്ങളെ എത്തിക്കുന്ന ബിജെപിയും വാര്‍ഡില്‍ ശക്തമായ മുന്നേറ്റം കാഴ്ച വയ്ക്കാനുള്ള പരിശ്രമത്തിലാണ്. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ നേതാക്കളും കൗണ്‍സിലര്‍മാരും സ്ഥാനാര്‍ഥി ജോര്‍ജ് ആളൂക്കാരനു വേണ്ടി എത്തിയിരുന്നു. അറവുശാലയും കള്ളുഷാപ്പും അടക്കമുള്ള പ്രാദേശികവിഷയങ്ങള്‍ ബിജെപി ഉയര്‍ത്തിക്കഴിഞ്ഞു. നാളെ രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെ ഡോണ്‍ബോസ്കോ സ്കൂളിലാണു വോട്ടെടുപ്പ്. എട്ടിനു കൗണ്‍സില്‍ ഹാളിലാണു വോട്ടെണ്ണല്‍. ശബ്ദപ്രചാരണത്തിനു സമാപനം കുറിച്ചു യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികള്‍ ഡിവിഷന് പരിധിയില്‍ റോഡ് ഷോ നടത്തി. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി, വൈസ് ചെയര്മാന് പി.ടി. ജോര്‍ജ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാര്‍ളി, മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ എന്നിവര്‍ യുഡിഎഫിന്റെ റോഡ് ഷോയ്ക്ക് നേതൃത്വം നല്കി.
സിപിഎം ഏരിയാ കമ്മിറ്റിയംഗം അഡ്വ. കെ.ആര്. വിജയ, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.എം. അജിത്ത് കുമാര്‍, സിപിഐ ഏരിയാ കമ്മിറ്റിയംഗം ഡോ. കെ.പി. ജോര്‍ജ്, കേരള കോണ്‍ഗ്രസ് എം ജില്ലാ സെക്രട്ടറി ടി.കെ. വര്‍ഗീസ് എന്നിവര്‍ എല്‍ഡിഎഫ് റോഡ് ഷോയ്ക്കു നേതൃത്വം നല്കി. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഡിവിഷനില്‍ വീടുകളിലെത്തി പ്രചാരണം നടത്തിയിരുന്നു.
ചാലാംപാടം ഉപതെരഞ്ഞെടുപ്പ്; പോളിംഗ് 76.10 ശതമാനം. വിജയപ്രതീക്ഷയില്‍ മുന്നണികള്‍
ഇരിങ്ങാലക്കുട: നഗരസഭ 18-ാം വാര്‍ഡ് ചാലാംപാടം ഉപതെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനം നിലനിര്‍ത്തി. 76.10 ശതമാനമാണു പോളിംഗ്. 1105 വോട്ടര്‍മാരില്‍ 841 പേര് വോട്ട് രേഖപ്പെടുത്തി. 2020 ല്‍ 76.98 ശതമാനവും 2015 ല്‍ 74.54 ശതമാനവുമായിരുന്നു പോളിംഗ്. രാവിലെ മുതല്‍ മന്ദഗതിയിലായിരുന്നുവെങ്കിലും ഉച്ചകഴിഞ്ഞതോടെ പോളിംഗ് ഉയരുകയായിരുന്നു. രാവിലെ പോളിംഗ് ഹാളിനു സമീപം സ്ഥാനാര്‍ഥികള്‍ വോട്ടഭ്യര്ഥിച്ചതു പോലീസ് ഇടപെട്ടു പിന്തിരിപ്പിച്ചു. 2020 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ജോസ് ചാക്കോള 602 വോട്ടുകള്‍ക്കാണു വിജയിച്ചത്. 2015 ല്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണായിരുന്ന നിമ്യ ഷിജു 283 വോട്ടുകള്‍ക്കാണ് ഈ വാര്‍ഡില്‍ നിന്നും വിജയിച്ചത്. മരണപ്പെട്ട മുന്‍ കൗണ്‍സിലര്‍ ജോസ് ചാക്കോളയുടെ ഭാര്യ മിനി ജോസ് സ്ഥാനാര്‍ഥിയായതോടെ ഇത്തവണ വിജയം ഉറപ്പാണെന്നാണു യുഡിഎഫ് കേന്ദ്രങ്ങള്‍ പറയുന്നത്. എന്നാല്‍, കൃത്യമായ പ്രവര്‍ത്തനങ്ങളിലൂടെ വാര്‍ഡിലെ പ്രശ്നങ്ങള്‍ വോട്ടര്‍മാരെ ബോധ്യപ്പെടുത്തുവാന്‍ കഴിഞ്ഞതിനാല്‍ മത്സരം കടുത്തതാണെന്നും നേരിയ വോട്ടിനായാലും വിജയിക്കുവാന്‍ സാധിക്കുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുക്കൂട്ടലുകള്‍. വോട്ടുകളില്‍ വര്‍ധനവ് ഉണ്ടാക്കുവാന്‍ സാധിക്കുമെന്നാണു ബിജെപി നേതൃത്വം വിലയിരുത്തുന്നത്. രാവിലെ മുതല്‍ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും കൗണ്‍സിലര്‍മാര്‍ സജീവമായി രംഗത്തുണ്ടായിരുന്നു. ഇന്ന് രാവിലെ പത്തിന് കൗണ്‍സില്‍ ഹാളില്‍ വോട്ടെണ്ണല്‍ നടക്കും.