പോലീസിനെ ഉപയോഗിച്ച് കെ റെയില്‍ പദ്ധതി നടപ്പാക്കാമെന്ന പിണറായി വിജയന്റെ ധാര്‍ഷ്ട്യം അനുവദിക്കില്ല-കെ. സുരേന്ദ്രന്
ഇരിങ്ങാലക്കുട: കെ റെയില്‍ കേരളത്തെ മുഴുവനായും ബാധിക്കുന്ന സാമൂഹ്യ പ്രശ്നമാണെന്നും പോലീസിനെ ഉപയോഗിച്ച് നടപ്പാക്കാമെന്ന പിണറായി വിജയന്റെ ധാര്‍ഷ്ട്യം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. കെ റെയിലിന്റെ പേരില്‍ സര്‍ക്കാരിന് അധികാരമില്ലാത്ത കാര്യങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി തന്നെ പാര്‍ലമെന്റില്‍ വ്യക്തമാക്കി കഴിഞ്ഞതാണെന്നും ബിജെപി നേതാവ് പറഞ്ഞു. ആയിരങ്ങളെ അണിനിരത്തി ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ. കെ. അനീഷ്കുമാറിന്റെ നേതൃത്വത്തില്‍ രണ്ടു ദിവസങ്ങളായി ജില്ലയില്‍ നടത്തിയ കെ റെയില്‍ വിരുദ്ധ പദയാത്രയുടെ സമാപനസമ്മേളനം ഇരിങ്ങാലക്കുട ടൗണ്‍ ഹാള്‍ അങ്കണത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി വികസനത്തിന് എതിരല്ല. ദേശീയപാത വികസന വിഷയത്തിലും ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയുടെ കാര്യത്തിലും ഉള്‍നാടന്‍ ജലപാത പദ്ധതിയുടെ കാര്യത്തിലും എതിരായ നിലപാട് പാര്‍ട്ടി സ്വീകരിച്ചിട്ടില്ല. രാഷ്ട്രീയമായ എതിര്‍പ്പല്ല കെ റെയില്‍ പദ്ധതിയുടെ പേരില്‍ ബിജെപി പ്രകടിപ്പിക്കുന്നത്. സുനാമിയും രണ്ടു പ്രളയങ്ങളും നേരിട്ട സംസ്ഥാനത്തെ ഭീകരമായ വെള്ളക്കെട്ടും വെള്ളക്കെടുതികളുമാണ് പദ്ധതി നടപ്പാക്കിയാല്‍ കാത്തിരിക്കുന്നത്. സാമ്പത്തിക താല്‍പ്പര്യമാണ് പദ്ധതിയുടെ പുറകിലെന്നും വ്യാജ എജന്‍സികളെ വച്ച് കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടക്കുന്നതെന്നും കെ. സുരേന്ദ്രന് കുറ്റപ്പെടുത്തി. അഡ്വ. രവികുമാര്‍ ഉപ്പത്ത് അധ്യക്ഷത വഹിച്ചു. ദേശീയ നിര്‍വാഹകസമിതി അംഗം സി.പി. രാധാക്യഷ്ണന് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നേതാക്കളായ സദാനന്ദന് മാസ്റ്റര്‍, എ. നാഗേഷ്, സിന്ധുമോള്‍, അഡ്വ. നിവേദിത തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ. അനീഷ്കുമാര്‍ മറുപടി പ്രസംഗം നടത്തി. മധ്യമേഖല വൈസ് പ്രസിഡന്റ് അനീഷ് ഇയ്യാള് സ്വാഗതം പറഞ്ഞു.